ADVERTISEMENT

ജന്മാനാലുള്ള രോഗത്തെ തുടർന്ന് ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുന്ന സോനു സ്റ്റീഫൻ ചികിത്സയ്ക്ക് ഉദാരമതികളുടെ സഹായം തേടുന്നു. എഴുപത്തിയൊന്നു ശതമാനം ശാരീരിക വൈകല്യമുണ്ട് ആലപ്പുഴ മാമ്പുഴക്കരി മന്നത്ത് വീട്ടിൽ എം.കെ. ചെറിയാന്റെ പൗത്രൻ സോനുവിന്. ഏഴു വർഷമായി ഈ കുടുംബം ചിങ്ങവനം പന്നിമറ്റത്ത് വാടകയ്ക്കു താമസിക്കുകയാണ്.

മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് അഞ്ച് വർഷം മുൻപാണ് മുത്തശ്ശനായ ചെറിയാന് സോനുവിന്റെയും സഹോദരിയുടെയും സംരക്ഷണ ഏറ്റെടുക്കേണ്ടി വന്നത്.
ചിങ്ങവനത്തെ സർക്കാർ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് സോനു. പന്ത്രണ്ടര വയസു മാത്രം പ്രായമുള്ള സോനുവിന് അനിയന്ത്രിതമായി മലമൂത്രവിസർജനം നടക്കും. ഇതിനാൽ ദിവസവും നാലും അഞ്ചും ഡയപ്പർ മാറേണ്ട സാഹചര്യമാണുള്ളത്.

സ്കൂളിൽ കൊണ്ടുവിടാനും മടക്കിക്കൊണ്ടുവരാനും ദിവസവും 100 രൂപയിലേറെയാണ് ചിലവ്. യാത്രാചിലവുൾപ്പെടെ സോനുവിനു വേണ്ടി മാത്രം ദിവസവും 300 രൂപയിലേറെയാണ് ആവശ്യമായി വരുന്നത്.കൂലിപ്പണിക്കാരനായ ചെറിയാന് (61) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇപ്പോൾ ജോലിക്കുപോകാനാവുന്നില്ല. ഹൃദയത്തിൽ നാലു ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ആഞ്ചിയോപാസ്റ്റി ചെയ്യേണ്ടിവന്നു.

മുൻപ് സോനുവിന്റെ സഹായത്തിനായി ചെറിയാൻ സ്കൂളിൽ പോയിരിക്കുമായിരുന്നുവെങ്കിലും ഇപ്പോൾ അതിനു സാധിക്കാറില്ല. ഇതേ തുടർന്ന് അധ്യാപകരും സോനുവിന്റെ പത്തുവയസുകാരിയായ സഹോദരിയുമാണ് സ്കൂളിൽ വച്ച് സോനുവിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. ചെറിയാന്റെ ഭാര്യയ്ക്ക് കണ്ണിന് കാഴ്ച കുറവായതിനാൽ കുട്ടികളെ പരിചരിക്കാൻ സാധിക്കുന്നില്ല.

ചെറിയാന്റെ ഇളയ മകന്റെ ചെറിയ ശമ്പളത്തിൽ നിന്നാണ് സോനുവിന്റെ ആവശ്യങ്ങൾക്കും ഈ കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമെല്ലാം പണം കണ്ടെത്തുന്നത്. ഓരോ മാസവും ഭീമമായ തുകയാണ് സോനുവിനു വേണ്ടി മാത്രം വേണ്ടിവരുന്നത്. ചെറിയാന്റെയും ഭാര്യയുടേയും കാലശേഷം ഈ കുഞ്ഞുങ്ങളുടെ കാര്യമെന്താകും എന്നതാണ് ഇരുവരെയും അലട്ടുന്നത്. ഉദാരമതികളുടെ സഹായത്തിന് അപേക്ഷിക്കുകയാണ് സോനുവും കുടുംബവും.

സോനു സ്റ്റീഫൻ
C/o സ്റ്റീഫൻ ചെറിയാൻ
SBI Ramankary Branch
അക്കൗണ്ട് നമ്പർ: 67220137801
IFSC: SBIN0070097

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com