ADVERTISEMENT

മംഗലംഡാം( പാലക്കാട്) ∙ 2017 സെപ്റ്റംബർ 29 ന് ആലുവയിൽവച്ചുണ്ടായ കാറപകടം മംഗലംഡാം കുന്നത്ത് ഗേറ്റ് വാലുമ്മേൽ ജോസ് എബ്രഹാം എന്ന 62 കാരനെ നിത്യരോഗിയാക്കി. ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ജോസിന് കിടന്ന കിടപ്പിൽ നിന്നു ഒന്നു തിരിയാൻ പോലും പരസഹായം വേണം. 

ഇടിച്ച വാഹനത്തിന്റെ ഉടമക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ കേസ് നടന്നുകെ‍ാണ്ടിരിക്കുന്നു.. ഒരു നഷ്ട പരിഹാരവും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. 

ഗുരുതരമായി പരുക്കേറ്റ ജോസിനെ മകളുടെ ഭർത്താവ് മിനോഷാണ്  പരിചരിക്കുന്നത്. സ്വന്തമായി വീടില്ലാത്ത ജോസ് താമസിക്കുന്ന മിനോഷിന്റെ വീടാകട്ടെ ജപ്തിഭീഷണിയിലും. ചികിത്സക്കായി 25 ലക്ഷത്തിലധികം രൂപയാണ് മിനോഷിന് ചെലവായത്. ഫ്രാൻസിൽ മികച്ച ജോലി കിട്ടി പോകാനിരുന്ന മിനോഷിന് അപകടത്തെ തുടർന്നു യാത്ര ഉപേക്ഷിക്കേണ്ടി വന്നു. 

ചികിത്സാ ഇനത്തിൽ വന്ന ലക്ഷങ്ങളുടെ ബാധ്യതയും ജോലിക്കുപോകാൻ കഴിയാതെ വീടിനെടുത്ത ലോൺ തിരിച്ചടക്കാൻ കഴിയാതിരുന്നതും മൂലം ആശിച്ചുണ്ടാക്കിയ സ്വപ്നഭവനത്തിൽ നിന്നു പടിയിറങ്ങേണ്ട സ്ഥിതിയിലാണ് യുവാവും കുടുംബവും. ഒന്നര വർഷമായി ജോസ് തളർന്നു കിടപ്പിലാണ്. തുടർ ചികിത്സക്ക് മാസം നല്ലൊരു തുക വേണം. ഭാര്യാപിതാവിനോട് കാണിച്ച കാരുണ്യത്തിന് വലിയ വില നൽകേണ്ടി വന്നെങ്കിലും ഇത് തന്റെ കർത്തവ്യമാണെന്ന് മിനോഷ് വിശ്വസിക്കുന്നു. പത്തു ദിവസത്തിനുള്ളിൽ വീട് ജപ്തി ചെയ്യുമെന്ന് ബാങ്കുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട് വിൽക്കാനെങ്കിലും കഴിഞ്ഞാൽ മതിയെന്ന പ്രാർത്ഥനയിലാണു ഈ കുടുംബം. 

മംഗലംഡാം ഫൊറോന വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തിൽ തോമസ് ഇലഞ്ഞിമറ്റം കൺവീനറും ബിനോയ് ജോർജ് ജോ.കൺവീനറുമായി ചികിത്സാ സഹായനിധി രൂപീകരിച്ചു. മംഗലംഡാം ഫെഡറൽ ബാങ്കിൽ അകൗണ്ടും തുടങ്ങി. ജോസിന്റെ തുടർചികിത്സക്കും കടബാധ്യതകൾ പരിഹരിക്കാനും സുമനസുകളുടെ സഹായം തേടുകയാണി കുടുംബം. കൺവിനർ തോമസ് മാത്യു ഇലഞ്ഞിമറ്റത്തിന്റെ പേരിൽ മംഗലംഡാം ഫെഡറൽ ബാങ്കിൽ ജോയ്ന്റ് അകൗണ്ടും തുടങ്ങി. നമ്പർ. 16350100048819, ഐഎഫ്എസ്‌സി. എഫ്ഡിആർഎൽ 0001635. ഫോൺ.9605196373

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com