ADVERTISEMENT

പഠിച്ചൊരു എൻജിനീയറാകണം. തുച്ഛമായ ദിവസക്കൂലി  കൊണ്ട് കുടുംബം നോക്കാൻ പെടാപ്പാടു പെടുന്ന കർഷകനായ പിതാവിനൊരു കൈത്താങ്ങാകണം. നിത്യ ദാരിദ്ര്യത്തിലുഴലുന്ന കുടുംബത്തിന് മൂന്നു നേരമെങ്കിലും വയറു നിറച്ചുണ്ണാനുള്ള സ്ഥിതിയുണ്ടാക്കണം. പഠനത്തിൽ മിടുമിടുക്കനായ അജയ് കുമാറിന്റെ സ്വപ്നങ്ങൾ ഇവയെല്ലാമായിരുന്നു. എന്നാലിന്ന് ആശുപത്രി കിടക്കയിൽ കാൻസറിന്റെ രണ്ടാം ആക്രമണത്തിനു മുന്നിൽ മനസ്സും ശരീരവുമെല്ലാം തളർന്നു കിടക്കുകയാണ് ഈ 14കാരൻ.

നിരന്തരമായ കീമോതെറാപ്പികൾക്കും ചികിത്സയ്ക്കും ശേഷം ഒരിക്കൽ കാൻസറിനെ അതിജീവിച്ചതാണ് അജയ്. അവനു കടുത്ത ആഘാതമേൽപ്പിച്ചു കൊണ്ടാണ് അക്യൂട്ട് മെലോയ്ഡ് ലുക്കീമിയ എന്ന രക്താർബുദം വീണ്ടുമെത്തിയത്. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിൽ നിസ്സഹായനായി അകപ്പെട്ട അജയിന് തിരികെ ജീവിതത്തിലേക്ക് വരണമെങ്കിൽ ഇനി സാൽവേജ് കീമോതെറാപ്പിയും തുടർന്ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വേണം. ഇതിന് 30 ലക്ഷം രൂപയെങ്കിലും ചെലവു വരുമെന്നാണ് ചികിത്സ നടത്തുന്ന ബെംഗളൂരുവിലെ നാരായണ ഹെൽത്ത് സിറ്റി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ദിവസം 150 രൂപ മാത്രം വരുമാനമുള്ള പിതാവ് ഗോപാൽ റെഡ്ഡിക്ക് അതിനായി ഇനി എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ല. അജയിന്റെ ആദ്യ ഘട്ട ചികിത്സ കഴിഞ്ഞപ്പോൾത്തന്നെ കഴുത്തറ്റം കടത്തിൽ മുങ്ങി നിൽക്കുകയാണ് ഈ കുടുംബം.

ഒന്നര വർഷം മുൻപാണ് അജയിന്റെ ജീവിതം മാറ്റിമറിച്ചു കൊണ്ട് കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ തെളിയുന്നത്. മൂക്കിൽനിന്ന് രക്തമൊലിപ്പിച്ച് വീട്ടിലെത്തിയ മകനെ അമ്മ മഞ്ജുള ആശുപത്രിയിൽ കൊണ്ടു ചെന്നു. കടുത്ത ചൂടു കൊണ്ടാകാമെന്നു പറഞ്ഞ് ആശുപത്രിയിലെ ഡോക്ടർമാർ ചില മരുന്നുകൾ കുറിച്ചു. എന്നാൽ ദിവസങ്ങൾക്ക് ശേഷവും രക്തം നിലച്ചില്ല. ഒപ്പം കടുത്ത പനിയും. നല്ലൊരു ആശുപത്രിയിൽ പോകാനുള്ള പണം പോലും അജയിന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല. ഒടുവിൽ കടം വാങ്ങിയ തുകയുമായി ഗോപാൽ മകനെ നല്ലൊരു ആശുപത്രിയിലെത്തിച്ചു.

നിരവധി പരിശോധനകൾക്ക് ശേഷം കുടുംബത്തെ നടുക്കിക്കൊണ്ട് കാൻസർ രോഗ വാർത്തയെത്തി. കാൻസർ എന്ന വാക്ക് കേട്ടപ്പോൾത്തന്നെ ഗോപാലും മഞ്ജുളയും തകർന്നു. അവരെ സംബന്ധിച്ചിടത്തോളം കാൻസർ എന്നാൽ മരണമായിരുന്നു. കണ്ണീർ വാർക്കുന്ന മാതാപിതാക്കളെ നോക്കി നിശ്ശബ്ദനായിരിക്കാനേ അജയിന് കഴിഞ്ഞുള്ളൂ.
ആരെയും ദ്രോഹിക്കാത്ത, എല്ലാവരെയും സഹായിക്കുന്ന, ദീർഘനേരമിരുന്ന് പഠിച്ചിരുന്ന തന്റെ മകനെ ദൈവം എന്തിനിങ്ങനെ ശിക്ഷിക്കുന്നു എന്നാണ് കണ്ണീർ വാർത്തു കൊണ്ട് മഞ്ജുള ചോദിക്കുന്നത്.

കീമോതെറാപ്പിയുടെ വേദനാജനകമായ അഞ്ച് സെഷനുകൾക്ക് ശേഷമാണ് അജയ് ആദ്യ വട്ടം കാൻസറിനെ അതിജീവിച്ചത്. മുടി കൊഴിഞ്ഞ്, കട്ടിലിൽനിന്ന് അനങ്ങാൻ പറ്റാത്ത നിലയിൽ തളർന്നിരുന്നിട്ടും അജയ് തന്റെ മനഃശക്തി കൈവിടാതെ പഠിച്ചു. ആരോടും ഒന്നിനെക്കുറിച്ചും പരാതി പറഞ്ഞില്ല. താൻ പഠിച്ച് എൻജിനീയറാകുമ്പോൾ ഈ കഷ്ടപ്പാടെല്ലാം മാറുമെന്ന് അമ്മയെ സമാധിനിപ്പിച്ചു. കുടുംബത്തിൽ ഇംഗ്ലിഷറിയുന്ന ഏക അംഗമെന്ന നിലയിൽ മെഡിക്കൽ റിപ്പോർട്ടുകൾ വായിച്ച് മാതാപിതാക്കൾക്കു വിശദീകരിച്ചിരുന്നതും അജയ് ആണ്. ചികിത്സയ്ക്കു പണം വേണമെന്ന് മാത്രം മനസ്സിലാക്കിയ മാതാപിതാക്കൾ പട്ടിണി കിടന്നും മകന് പോഷക സമ്പുഷ്ടമായ ഭക്ഷണം നൽകാൻ ശ്രദ്ധിച്ചു.

പതിനാലാം ജന്മദിനാഘോഷം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് അജയ്ക്ക് കാൻസറിന്റെ രണ്ടാം വരവ് കണ്ടെത്തിയത്. തുടർ ചികിത്സയ്ക്കുള്ള 30 ലക്ഷം രൂപ കണ്ടെത്താനാകാതെ വിഷമിക്കുന്ന മാതാപിതാക്കളെ കണ്ട് അജയ് പൊട്ടിക്കരഞ്ഞു. നിരവധി മാസങ്ങൾ സധൈര്യം കാൻസറിനെ നേരിട്ട അജയ്, താൻ മാതാപിതാക്കൾക്കൊരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് കണ്ണീരണിഞ്ഞത്. തകർന്നടിഞ്ഞ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും വിങ്ങൽ ആ കരച്ചിലിനുണ്ടായിരുന്നു.മകനോട് എന്ത് പറയണമെന്നറിയാതെ ആ അച്ഛനും അമ്മയും കണ്ണീരിൽ പങ്കു ചേരുന്നു.

ആകെയുണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കിയും കടം വാങ്ങിയും ചികിത്സ നടത്തുമ്പോൾ മകന്റെ ആത്മധൈര്യം മാത്രമായിരുന്നു ഈ മാതാപിതാക്കളുടെ കരുത്ത്. പക്ഷേ ഇപ്പോൾ ചികിത്സയ്ക്കു വേണ്ട ഭീമൻ തുകയ്ക്ക് മുന്നിൽ മാതാപിതാക്കൾ പകച്ച് നിൽക്കുമ്പോൾ അജയ്‌യുടെ ആത്മധൈര്യം പോലും ചോർന്നു പോകുന്നതായി ഇവർ വേദനയോടെ തിരിച്ചറിയുന്നു.  അടിയന്തര ചികിത്സ കിട്ടിയില്ലെങ്കിൽ തങ്ങളുടെ കൺമുന്നിൽ കിടന്ന് മകൻ മരിച്ചു പോകുമോ എന്ന ഭീതിയിലാണ് ഈ മാതാപിതാക്കൾ. അവനെ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഗോപാലും മഞ്ജുളയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com