പത്തനംതിട്ട ∙ കാരുണ്യാ പദ്ധതി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം ഗുരുതര രോഗം ബാധിച്ച നിർധന കുടുംബത്തിലെ വീട്ടമ്മയുടെ പ്രതീക്ഷകൾ ഇല്ലാതാക്കി. ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സ ഇനി എങ്ങനെ തുടരുമെന്ന ആശങ്കയിലാണ്, പത്തനംതിട്ട ചെമ്പിൽപറമ്പിൽ കെ.രാധയും(58) കുടുംബവും.
ശ്വാസകോശത്തിൽ കാണപ്പെട്ട മുഴ അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഇതിനായി ഉടനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണം. കാരുണ്യാ പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കില്ലെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.
കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്നാണ് ഡിസംബറിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നത്. ചികിത്സ തുടർന്നിട്ടും രോഗം ഭേദമാകാതെ വന്നതോടെ ആർസിസിയിൽ പരിശോധന നടത്തി. ക്യാൻസർ ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടും ശരീരവേദനയും ശ്വാസതടസവും മൂലം ബുദ്ധിമുട്ട് ഏറി. പിന്നീടാണ് കോട്ടയം മെഡിക്കൽ കോളജിലെത്തി ചികിത്സ തേടുന്നതും ശ്വാസകോശത്തിലെ മുഴ കണ്ടെത്തുന്നതും.
അസ്വസ്ഥതകൾ തുടങ്ങി 7 മാസം പിന്നിട്ടിട്ടും യഥാർഥ രോഗത്തിന് ചികിത്സ നടത്താനായിട്ടില്ല. ഇതുമൂലം ശ്വാസതടസവും കലശലായി. അവിവാഹിതയായ രാധ, സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് താമസം. ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.
ബാങ്ക് അക്കൗണ്ട് കെ.രാധ-67207469017(SBT മല്ലശ്ശേരി)
IFSC Code SBIN0070329