ജീവൻ നിലനിർത്താൻ സുമനസുകളുടെ കരുണ തേടി സുബീഷ്

Subheesh
SHARE

കൊല്ലം ∙ സ്നേഹിച്ചു തീരും മുൻപേ അമ്മയെ മരണം കൊണ്ടുപോയപ്പോഴും ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ചിട്ടു പോയപ്പോഴും തളരാത്ത സുബീഷ് ഇപ്പോൾ കിതയ്ക്കുന്നത് കടുത്ത രോഗങ്ങൾക്കു മുന്നിലാണ്. കണ്ണനല്ലൂർ, ചെരുവിള പുത്തൻവീട്ടിൽ വി.ആർ.സുബീഷ് (33) എന്ന ഈ യുവാവ് ഇപ്പോൾ പെടാപാടു പെടുന്നതു സ്വന്തം ജീവൻ നിലനിർത്താനാണ്. 

ചെറുപ്പകാലം മുതലുള്ള ശാരീരിക പ്രശ്നങ്ങളെത്തുടർന്നു വൃക്ക രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ നാലു വർഷത്തോളമായി ഡയാലിസിസ് ചെയ്താണ് ഈ യുവാവ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. നാലാം വയസിൽ പ്രമേഹം ബാധിച്ചതോടെയാണു ജീവിതം കീഴ്മേൽ മറിഞ്ഞത്. രോഗം പാൻക്രിയാസിനെയും പിന്നീട് കണ്ണുകളെയും ബാധിച്ചു. അമ്മയുടെ സഹോദരിയാണിപ്പോൾ സുബീഷിനെ പരിചരിക്കുന്നത്. 

2008ലാണു രോഗം വൃക്കകളെ ബാധിച്ചതറിയുന്നത്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് വേണം. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഇനി പരിഹാരം. വൃക്ക ലഭിക്കാൻ വഴികൾ തുറന്നെങ്കിലും ഭീമമായ ചികിൽസാ ചെലവ് ഈ കുടുംബത്തിനു താങ്ങാനാവില്ല. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഇവർ വാടക വീട്ടിലാണു താമസം. ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസകൾക്കുമായി 20 ലക്ഷത്തോളം രൂപ വേണമെന്നാണു ഡോക്ടർമാർ അറിയിച്ചത്. 

വീടിന്റെ വാടകയും ദൈനംദിന ചെലവുകളും മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഇത്ര വലിയ തുക സ്വപ്നം കാണാൻ പോലും കഴിയുന്നില്ല. സഹോദരൻ ഓട്ടോ ഓടിച്ചും മറ്റും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണു കുടുംബാംഗങ്ങൾ പട്ടിണി കൂടാതെ കഴിയുന്നത്. ഇനി കരുണയുള്ളവരുടെ കൈത്താങ്ങിലാണ് ഈ യുവാവിന്റെ പ്രതീക്ഷ. 

ചികിൽസാ ധനശേഖരണത്തിനായി എസ്ബിഐ ബിഷപ് ജെറോം നഗർ ശാഖയിൽ വി.ആർ.സുബീഷ് എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അക്കൗണ്ട് നമ്പർ – 673004 80261
  • IFSC Code- SBIN0070054
  • ഫോൺ: 96337 24833
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA