ADVERTISEMENT

കോഴിക്കോട് ∙ വീടില്ല; മാതാപിതാക്കളും സഹോദരനും രോഗികൾ, സഹോദരന്റെ ഭാര്യ ഗർഭിണി. ദുരിതക്കയത്തിൽ ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവതിയെ വിധിയുടെ ക്രൂരത ആക്രമിച്ചത് കാൻസറിന്റെ രൂപത്തിൽ. കുടുംബത്തിന്റെ വിശപ്പടക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിൽ ചികിത്സയ്ക്കാവശ്യമായ ലക്ഷങ്ങൾ എങ്ങനെ കണ്ടെത്തുമെന്നറിയാതെ കരയുകയാണ് ഷീബ(38).

 

ഭർത്താവ് മരിച്ചതിനെ തുടർന്നു സ്വന്തം മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് ഷീബയുടെ താമസം. മാസങ്ങളോളം വാടക നൽകാൻ കഴിയാതിരുന്നതോടെ താമസിച്ച വീട്ടിൽനിന്ന് ഉടമസ്ഥൻ ഇറക്കിവിട്ടു. എങ്ങോട്ടു പോകണമെന്നറിയാതെ തെരുവോരത്ത് നിന്ന ഈ ആറംഗ കുടുംബത്തെ വിവരമറിഞ്ഞു കക്കോടി കിഴക്കുംമുറി സ്വദേശി അടിയോളിൽ ശിവാനന്ദൻ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. 2 മാസമായി ഇതാണ് ഇവരുടെ വിലാസം.

 

ഷീബയുടെ പിതാവ് സ്ട്രോക്ക് വന്നു കിടപ്പിലാണ്. അമ്മ പ്രദേശത്തെ സ്ഥാപനങ്ങളിൽ സ്വീപ്പറായി ജോലി ചെയ്യുന്നു. നട്ടെല്ലിനു പരുക്കേറ്റ സഹോദരനു ജോലി ചെയ്യാനുള്ള ആരോഗ്യശേഷിയില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരുടെ 3 വയസ്സുള്ള മകളും അടങ്ങുന്നതാണു കുടുംബം. 

 

ചികിത്സയ്ക്കു സഹായം തേടി വാർഡ് മെംബറെ സമീപിച്ചപ്പോൾ ‘വീടും വിലാസവും ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെ’ന്ന മറുപടിയാണു കിട്ടിയതെന്നു പറയുന്നു. മകളെ മരണത്തിനു വിട്ടുകൊടുത്താൽ ജീവിക്കാൻ മറ്റൊരു നിവൃത്തിയില്ലാതാകുമെന്നും കുടുംബം ഒന്നായി വിധിക്കു കീഴടങ്ങേണ്ടി വരുമെന്നും ഷീബയുടെ അമ്മ വസന്ത പറയുന്നു. 

കാത്തലിക് സിറിയൻ ബാങ്ക് കോവൂർ ശാഖയിലാണു ഷീബയുടെ അക്കൗണ്ട്. നമ്പർ: 0127 03642625 190001. IFSC: CSBK0000127.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com