ADVERTISEMENT

കൽപറ്റ ∙ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിറ്റും സഹോദരന്റെ വൃക്ക സ്വീകരിച്ചും നടത്തിയ ശസ്ത്രക്രിയ ഫലപ്രദമാകാത്തതിനെ തുടർന്ന് 5 വർഷത്തോളമായി ആഴ്ചയിൽ 3 ദിവസം ‍ഡയാലിസിസ് നടത്തുന്ന യുവാവ് തുടർ ചികിത്സക്കായി സഹായം തേടുന്നു. ഇതിനിടെ കാലിന് 2 തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇപ്പോൾ ഉടൻ ഒരു ഹൃദയ ശസ്ത്രക്രിയയും വേണ്ടിവന്നിരിക്കുകയാണീ ഹതഭാഗ്യന്. മേപ്പാടി ചൂരൽമല ഉത്തുങ്കൽ ഉണ്ണിക്കൃഷ്ണന് (45) ഇരു വൃക്കകൾക്കും അസുഖം ബാധിച്ചത് 2014ൽ ആണ്.

തോട്ടം തൊഴിലാളിയായിരുന്ന ഇയാൾ ഒരു തൊഴിൽ ശരിയായപ്പോൾ വിദേശത്ത് പോയതായിരുന്നു. 6 മാസം കഴിഞ്ഞപ്പോഴേക്കും അസുഖബാധിതനായാണ് തിരിച്ചുവന്നത്. ഉടൻ ഡയാലിസിസ് തുടങ്ങുകയും ചെയ്തു. 2015ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് സഹോദരന്റെ ഒരു വൃക്ക ഉണ്ണിക്കൃഷ്ണൻ ശസ്ത്രക്രിയയിലൂടെ സ്വീകരിച്ചെങ്കിലും ദിവസങ്ങൾക്കകം ഒഴിവാക്കേണ്ടി വന്നു. താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റായിരുന്നു ശസ്ത്രക്രിയ. വീണ്ടും ഡയാലിസിസ് ആരംഭിച്ചു. തുടർന്ന് ഭാര്യയുടെ അമ്മയുടെ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് താമസമൊരുക്കി.

കുറച്ചുകാലം ഭാര്യ സുമതിക്ക് സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഭിച്ചിരുന്ന താൽക്കാലിക ജോലിയായിരുന്നു ആശ്രയം. കേന്ദ്രം അടച്ചതിന് ശേഷം ആ ജോലിയും ഇല്ലാതായി. ഇതിനിടെ കാലിന് 2 ശസ്ത്രക്രിയകളും നടത്തേണ്ടി വന്നു. ഇപ്പോൾ ഒരു ഹൃദയ ശസ്ത്രക്രിയയും വേണമെന്നാണ് പരിശോധിക്കുന്ന ഡോക്ടർമാർ പറയുന്നത്. ഒരു മകളെ വിവാഹം കഴിപ്പിച്ചയച്ചെങ്കിലും നഴ്സിങിന് പഠിക്കുന്ന ഒരു മകളും കൽപറ്റയിലെ ഒരു ഷോപ്പിൽ ജോലിക്ക് നിൽക്കുന്ന മകനുമടങ്ങിയ കുടുംബം തുടർ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകയാണ്.

വാഹന സൗകര്യമോ കുടിവെള്ള സൗകര്യമോ ഇല്ലാത്ത ഇവർക്ക് കുറഞ്ഞ ചെലവിൽ ഇപ്പോൾ ഡയാലിസിസ് നടത്തുന്നത് മേപ്പാടിയിലെ ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററാണ്. സുമനസ്സുകളുടെ സാമ്പത്തിക സഹായം സ്വീകരിക്കാനായി മേപ്പാടി കോട്ടപ്പടി എസ്ബിഐ ശാഖയിൽ അക്കൗണ്ട് ഉണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ മേപ്പാടി കോട്ടപ്പടി ശാഖ
  • അക്കൗണ്ട് നമ്പർ: 67167079836
  • IFSC Code : SBIN0070478
  • ഫോൺ: 9207609475
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com