ADVERTISEMENT

അമ്പലപ്പുഴ ∙ ഗവർണറുടെ ചിത്രം നിമിഷങ്ങൾകൊണ്ടു വരച്ചു നൽകിയ ജയകൃഷ്ണൻ കുടലിനെ ബാധിക്കുന്ന ക്രോൺസ് രോഗം കാരണം അവശനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോമന കുരിയാറ്റുപുറത്ത് തുളസിയുടെ മകൻ ജയകൃഷ്ണൻ (18) വിലയേറിയ മരുന്നുകൾ വാങ്ങാൻ വഴിയില്ലാതെ ദുരിതത്തിലുമാണ്.മുൻപ് അമ്പലപ്പുഴയിൽ വച്ചു തുളസി ജയകൃഷ്ണനെ തോളിലെടുത്തു പോകുന്നതു കണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാർ നിർത്തി വിവരങ്ങൾ അന്വേഷിച്ചതും അമ്മയെയും മകനെയും രാജ്ഭവനിലേക്കു ക്ഷണിച്ചതും വാർത്തയായിരുന്നു. കഴിഞ്ഞ നവംബർ 17ന്  അവർ രാജ്ഭവനിലെത്തി.

ജയകൃഷ്ണന്റെ രോഗവിവരങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഗവർണർ അന്വേഷിച്ചു. ഇതിനിടയിലാണ് ജയകൃഷ്ണൻ ഗവർണറുടെ ചിത്രം വരച്ചു നൽകിയത്. ചികിത്സാ സഹായം നൽകിയാണ് ഗവർണർ അവരെ യാത്രയാക്കിയത്.കുടലിനു നീര്, വ്രണം, ദ്വാരമുണ്ടാകൽ, കുടൽ ഒട്ടിപ്പിടിക്കൽ തുടങ്ങിയവയൊക്കെയാണ് ക്രോൺസ് രോഗം കാരണം സംഭവിക്കുന്നത്. വായ മുതൽ മലദ്വാരം വരെ ഇതു ബാധിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സ പ്രയാസമേറിയതാണ്. വിലയേറിയ മരുന്നുകളും വേണം.

ജയകൃഷ്ണന്റെ രോഗം ത്വക്കിനെയും സന്ധികളെയും ബാധിച്ചിട്ടുണ്ട്. ഇപ്പോൾ നിവർന്നു നിൽക്കാൻ പോലും ശേഷിയില്ല. ഗ്യാസ്ട്രോ വിഭാഗത്തിലാണു ചികിത്സ.അമ്പലപ്പുഴ ഗവ. മോഡൽ എച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ജയകൃഷ്ണൻ. രോഗം കാരണം പഠനം മുടങ്ങി. പണമില്ലാത്തതിൽ ചികിത്സയും മരുന്നും മുടങ്ങുന്നുണ്ട്.വിദഗ്ധ ചികിത്സയ്ക്കും മരുന്നിനുമായി 5 ലക്ഷം രൂപയ്ക്കു മേൽ‌ ചെലവു വരും. സ്ഥിരമായി ജോലി പോലുമില്ലാത്ത തുളസിക്ക് അതു സ്വപ്നം കാണാൻ പോലും കഴിയില്ല.

മെഡിക്കൽ‌ കോളജ് ആശുപത്രിയിലെത്തിച്ച് മരുന്നും ആഹാരവും വാങ്ങി നൽകുന്നത് സന്നദ്ധ സംഘടനാ പ്രവർത്തകരാണ്. സുമനസ്സുകളുടെ സഹായം കൊണ്ടേ ജയകൃഷ്ണന് ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ. തുളസിയുടെ പേരിൽ‌ സിൻ‌ഡിക്കേറ്റ് ബാങ്ക് അമ്പലപ്പുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 41082210012381. IFSC: SYNB0004108. ഫോൺ: 9446033779. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com