ADVERTISEMENT

കൊല്ലം ∙ ‘അമ്മാ...’ എന്നു നൊന്തു കരയുന്ന മകനെ ചേർത്തുപിടിച്ച്, കണ്ണീരോടെ അവർ പറഞ്ഞു; ‘ഞാൻ വയറ്റിലിടം കൊടുത്തില്ലെന്നേയുള്ളൂ...എന്റെ മകൻ തന്നെയാണ്...’. ജീവിതത്തിൽ ഏറെയും ആശുപത്രികളിലേക്കുള്ള യാത്രകളാണ്; എന്നിട്ടും ഒരിക്കൽപ്പോലും ഈ 34 വയസ്സുകാരനെ വഴിയിൽ ഉപേക്ഷിച്ചില്ല അയാളുടെ ‘പിറക്കാതെ പോയ അമ്മ’. കൊല്ലം തെക്കേവിളയിലെ വാടകവീട്ടിൽ, മുന്നോട്ടുള്ള വഴിയെന്ത് എന്നറിയാതെ പകച്ചുനിൽക്കുമ്പോഴും ഷീല എന്ന ഈ അമ്മ പറയുന്നുണ്ട്; ‘അവനുവേണ്ടിയാണ് എന്റെ ജീവിതം.

ഷീലയുടെ സഹോദരിയുടെ മകനാണിത്; വി.ആർ.സുബീഷ്. 17 വർഷങ്ങൾക്കുമുൻപാണു സഹോദരിയുടെ മരണം. ചെറുപ്പത്തിലേ പ്രമേഹവും മറ്റ് അസ്വസ്ഥതകളും അലട്ടിയിരുന്ന സുബീഷിനു പിന്നീടിന്നോളം താങ്ങായതു ഷീലയാണ്.  അനാഥത്വം  അറിയിക്കാതെ, വിവാഹം പോലും വേണ്ടെന്നുവച്ച്  അവർ ഒപ്പം നിന്നു. പക്ഷേ, എന്തുകൊണ്ടോ, വിധി അവരെ വിട്ടില്ല. രോഗങ്ങളുടെ പെരുമഴയിലാണിന്നു സുബീഷിന്റെ ജീവിതം.

പ്രമേഹം  കണ്ണുകളെയും വൃക്കകളെയും ബാധിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു.  സുബീഷ് വീൽച്ചെയറിലേക്കൊതുങ്ങി. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ആഴ്ചയിൽ 2 ഡയാലിസിസ് എങ്കിലും വേണം. ഇപ്പോൾ അപസ്മാരവും പതിവായി. കാലിലെ അണുബാധയ്ക്കു ശസ്ത്രക്രിയ  നടത്തിയെങ്കിലും മുറിവ് ഉണങ്ങുന്നില്ല.

മുട്ടിനുമുകളിലേക്ക് അണുബാധ വ്യാപിച്ചു. അതിന്റെ ശസ്ത്രക്രിയയും ഉടൻ നടത്തണം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണു ചികിത്സ.    ഒരുവർഷത്തോളമായി ജീവിതം കടുത്ത ദുരിതത്തിലാണ്. കടങ്ങൾ പെരുകി; വാടക കൊടുക്കാനില്ലാത്തതിനാൽ വീടൊഴിയേണ്ട സ്ഥിതി, പണമില്ലാത്തതിനാൽ മുടങ്ങിപ്പോയ സുബീഷിന്റെ വിദഗ്ധചികിത്സ, ‘അമ്മ എന്നെയും കൊണ്ട് എങ്ങോട്ടു പോകും...’ എന്ന സുബീഷിന്റെ കണ്ണീർ...

ആകെയുള്ള വരുമാനം ഒപ്പമുള്ള സഹോദരന്റെ ലോട്ടറിവിൽപനയിൽനിന്നുള്ള തുച്ഛമായ തുകയാണ്. സങ്കടങ്ങൾ പെയ്യുമ്പോഴും കൊല്ലം തെക്കേവിള ടിആർഎ 105  ചന്ദ്രകാന്തം എന്ന വാടകവീട്ടിൽ, മകനുവേണ്ടി തനിക്ക് ആരോഗ്യം തരണേയെന്നു പ്രാർഥിച്ചാണ് ഈ അമ്മ കഴിയുന്നത്. സുമനസ്സുകൾക്കു സഹായിക്കാം. എസ്ബിഐ കൊല്ലം ബിഷപ് ജെറോം നഗർ ശാഖയിൽ സുബീഷിന്റെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 67300480261. ഐഎഫ്എസ് കോഡ്: എസ്ബിഐഎൻ0070054.ഫോൺ: 9633724833.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com