ADVERTISEMENT

കൊച്ചി∙ വാവകൾ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ആദം കൊതിയോടെയാണ് കാത്തിരുന്നത്. ഇരട്ടക്കുട്ടികൾക്ക് അമ്മ ജന്മംകൊടുത്തു. പക്ഷേ, അതേ ദിവസമാണ് ആദത്തോട് വിധി ക്രൂരത കാട്ടിയത്. മാസങ്ങളോളം വിടാതെ പിൻതുടർന്ന പനി രക്താർബുദമാണെന്ന് ഡോക്ടർമാർ അന്ന് സ്ഥിരീകരിച്ചു. വാവകൾക്കോ, അമ്മയ്ക്കോ ഒപ്പം ഇരിക്കാൻപോലുമാകാതെ വേദനയോടു പൊരുതുകയാണ് ഈ ബാലൻ. രോഗത്തെ തോൽപിക്കാൻ ഈ ആറുവയസ്സുകാരൻ തയാറെടുക്കുമ്പോഴും സാമ്പത്തിക ബാധ്യത മാതാപിതാക്കളെ വലയ്ക്കുകയാണ്. ജീവൻ കൊടുത്തും മകനെ രക്ഷിക്കാൻ തയാറാണ് ഈ മാതാപിതാക്കൾ. പക്ഷേ, സന്മനസ്സുള്ളവർ കൈപിടിച്ചാൽ മാത്രമേ ഈ പൊന്നോമനയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കഴിയൂ.

 

മുപ്പത്തടം ഗവ. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ആദം. എന്നാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനൊന്നും ഈ കുരുന്നിനു കഴിയുന്നില്ല. പഠനം മുടങ്ങുന്നതിന്റെ ആശങ്കയല്ല ജീവിക്കാനുള്ള കൊതിയാണ് ആദത്തിനുള്ളത്. അണുബാധയുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് വീട്ടിലെ ഒരു മുറിയിലേക്കും ആശുപത്രിയിലേക്കും ചുരുങ്ങിയിരിക്കുകയാണ് ഈ കുഞ്ഞിന്റെ ലോകം. സന്ദർശകർ പാടില്ലെന്ന് ഡോക്ടർമാർ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.

മാസങ്ങൾക്കു മുൻപ് വന്ന പനിയാണ് ആദമെന്ന ആറുവയസ്സുകാരന്റെ ജീവിതത്തെ ഇരുട്ടിലാക്കിയത്. പനിക്ക് ചികിത്സ തേടി ആദത്തെയുംകൊണ്ട് മാതാപിതാക്കളായ മഞ്ഞുമ്മൽ കുറുപ്പശേരി വീട്ടിൽ ആന്റണിയും സൗമ്യയും നഗരത്തിലെ ആശുപത്രികളിലൊക്കെ കയറിയിറങ്ങിയിട്ടും പനി കുറഞ്ഞില്ല. ആദത്തെ ബാധിച്ചിരിക്കുന്നതു സാധാരണ പനിയല്ല, രക്താർബുദമാണെന്ന് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി സ്ഥിരീകരിക്കുന്നത് ഒരു മാസം മുൻപാണ്.

 

ആറുമാസം കീമോ തെറപ്പിയും രണ്ടര വർഷത്തോളം മുടങ്ങാതെ മരുന്നും കഴിച്ചാൽ ആദത്തിനു ജീവിതത്തിലേക്കു മടങ്ങി വരാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. മൂന്നാഴ്ച മുൻപ് ആദത്തിന്റെ ആദ്യ കീമോ തെറപ്പി കഴിഞ്ഞു. ഇപ്പോൾ അമൃത ആശുപത്രിയിലാണ് ആദത്തിന്റെ ചികിത്സ. പെയ്ന്റിങ് ജോലിക്കാരനായ ആന്റണി മകന്റെ ചികിത്സയും കുടുംബഭാരവും താങ്ങാൻ കഴിയാതെ വിഷമിക്കുകയാണ്. കോവിഡിനെത്തുടർന്ന് മാസങ്ങളായി ആന്റണിക്ക് ജോലിയുണ്ടായിരുന്നില്ല. വീണ്ടും ജോലികൾ വന്നുതുടങ്ങിയതോടെയാണ് ആദത്തിന്റെ അസുഖവിവരം അറിയുന്നത്. ഒരു മാസത്തിൽത്താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളുള്ളതിനാൽ സൗമ്യയ്ക്ക് ആദത്തിനൊപ്പം ആശുപത്രിയിൽ പോയി നിൽക്കാനുള്ള സാഹചര്യവുമില്ല. ഇതോടെ കുടുംബത്തിന്റെ വരുമാനം ഏതാണ്ട് നിലച്ചു. ആദത്തിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരണമെങ്കിൽ സുമസ്സുകളുടെ കാരുണ്യം കൂടിയേ തീരൂ. 

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോണേക്കര ശാഖയിൽ ആദം ആന്റണിയുടെ പേരിൽ അക്കൗണ്ടുണ്ട്.

അക്കൗണ്ട് നമ്പർ–39643708195. 

IFSC- SBIN0018168. 

ഫോൺ∙ 8129054148.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com