പത്തനാപുരം∙ അമ്മയ്ക്കു കാവലായി മകന്റെ ഈ ജീവിതം തുടങ്ങിയിട്ടു വർഷങ്ങളാകുന്നു. 13 വർഷത്തിലധികമായി രോഗം തളർത്തിയ അമ്മയെ സംരക്ഷിക്കാൻ സന്മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഇനി പോംവഴി. പിടവൂർ മണി മന്ദിരത്തിൽ ദേവയാനിയും മകൻ ടിന്റു സുഗതനും ആണ് ദുരിതം പേറി കഴിയുന്നത്. ആദ്യം ഹൃദയ സംബന്ധമായ രോഗവും പിന്നീട് തലയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്കു രോഗം വഴിമാറുകയും ചെയ്ത ദേവയാനി വർഷങ്ങളായി ഒരേ കിടപ്പിലാണ്. ഭാര്യയ്ക്ക് രോഗം പിടിപെട്ടതോടെ ഭർത്താവ് ഉപേക്ഷിച്ചു പോയി.
മകളുടെ വിവാഹവും കഴിഞ്ഞതോടെയാണ് മകൻ അമ്മയുടെ അരികിൽ എപ്പോഴുമുണ്ടാകേണ്ട അവസ്ഥ വന്നത്. പത്താം ക്ലാസ് വരെ പഠിച്ച ടിന്റു സുഗതൻ കല്യാണ വീടുകളിൽ ആഹാരം വിളമ്പാൻ പോയും മറ്റു ചെറിയ ജോലികളും ചെയ്തു ലഭിക്കുന്ന വരുമാനമായിരുന്നു ദേവയാനിയുടെ ചികിത്സയ്ക്കും മറ്റുമായി ഉപയോഗിച്ചിരുന്നത്. രോഗം മൂർഛിച്ചതോടെ മകനു ജോലിക്കു പോകാൻ കഴിയാതെയായി. ഇതോടെ ചികിത്സയും മുടങ്ങി. മകളുടെ വിവാഹത്തിനായി ആകെയുണ്ടായിരുന്ന നാലു സെന്റ് ഭൂമിയും വീടും വിറ്റതോടെ വാടക വീടുകൾ മാറി മാറി കഴിയുകയാണ് ഇവർ.
സമീപവാസികളും മറ്റും സഹായിക്കുന്നതാണ് ഏക ആശ്രയം. ദേവയാനിയുടെ ചികിത്സയ്ക്ക് സഹായം സ്വീകരിക്കുന്നതിനായി പത്തനാപുരം എസ്ബിഐയിൽ ഇവരുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ എസ്ബിഐ, പത്തനാപുരം
∙ അക്കൗണ്ട് നമ്പർ: 38383959275
∙ IFSC Code: SBIN0070072