ADVERTISEMENT

പള്ളിപ്പാട് (ആലപ്പുഴ) ∙ ഒരച്ഛനു മകനോടുള്ള സ്നേഹം പലപ്പോഴും അദൃശ്യമാണെങ്കിലും രാധാകൃഷ്ണന്റെ കാര്യത്തിൽ അതു പ്രകടമാണ്. അപകടത്തിൽ പരുക്കേറ്റ് കിടപ്പിലായ മകനോടൊപ്പം  9 മാസമായി ഈ കുടുംബം ആശുപത്രിയിൽ തന്നെ താമസിക്കുന്നു. രാവിലെ മകനെ കുളിപ്പിച്ച ശേഷം രാധാകൃഷ്ണൻ വീട്ടിലേക്കു പോകും. അവിടെ ചില്ലറ മരപ്പണി ചെയ്യും. കുടുംബത്തിന്റെ വരുമാനം ഇതു മാത്രം. വൈകീട്ട് വീണ്ടും ആശുപത്രിയിൽ.  

ഇത് ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിൽ നടുവട്ടം കൊടുന്താറ്റ് ടി. രാധാകൃഷ്ണന്റെ ജീവിതാനുഭവം.  

 

ഐടിഐ പഠനം പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുമ്പോഴാണ് 3 വർഷം മുൻപ് പള്ളിപ്പാട്ട് അപകടത്തിന്റെ രൂപത്തിൽ ദുരന്തം രാഹുലിന്റെ (23) ജീവിതത്തെ ചിന്നഭിന്നമാക്കുന്നത്. നട്ടെല്ലു തകർന്ന രാഹുൽ അന്നു മുതൽ കിടപ്പിൽ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും അമൃത ആശുപത്രിയിലും ചികിത്സ. മേജർ ശസ്ത്രക്രിയ നടത്തിയാൽ രാഹുലിന് വീൽ ചെയറിൽ ഇരുന്ന് ജീവിതത്തിന്റെ താളം കുറെയൊക്കെ വീണ്ടെടുക്കാനാവുമെന്ന  അമൃത ആശുപത്രിയിലെ  ഡോ. സജേഷ് കെ. മേനോന്റെ  നിർദേശം കുടുംബത്തിനു പ്രതീക്ഷ പകർന്നിരിക്കയാണ്.  ഇതിനായി 7 ലക്ഷം രൂപയോളം ചെലവു വേണ്ടിവരുമെന്ന യാഥാർഥ്യം പക്ഷെ നിർധന കുടുംബത്തിനു താങ്ങാനാവുന്നില്ല.  രണ്ടു ലക്ഷം രൂപ ആദ്യം അടയ്ക്കണം. 

 

 സുഷുമ്നാ നാഡി പൊട്ടിപ്പാകാതെ  നേരിയ നൂലുപോലെ അവശേഷിക്കുന്നതിനാൽ ശസ്ത്രക്രിയയിലൂടെയും  ഫിസിയോ തെറപ്പിയിലൂടെയും ആരോഗ്യം  മെച്ചപ്പെടുത്തിയെടുക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. നട്ടെല്ലു തകർന്ന പലരെയും ജീവിതത്തിലേക്കു തിരികെ കൈപിടിച്ച  മുതുകുളത്തെ ജയാ ഫിസിയോ തെറപ്പി ആശുപത്രിയിൽ കഴിഞ്ഞ 9 മാസമായി താമസിച്ചു തുടരുന്ന ചികിത്സയ്ക്കു നേരിയ ഫലം കണ്ടു. ഇവിടെ രണ്ടു ലക്ഷം രൂപ ഇതുവരെ ബില്ലായെങ്കിലും  ആശുപത്രി അധികൃതർ ഈ കുടുംബത്തെ കൈവിട്ടിട്ടില്ല. രാധാകൃഷ്ണും ഭാര്യ ഉഷയ്ക്കും മകനോടൊപ്പം ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിയാൻ ആശുപത്രി  അനുമതി നൽകി.  നാട്ടുകാരുടെയും സുഹൃത്തുകളുടെയും സഹായവും  ഈ കുടുംബത്തിനു തുണയേകുന്നു. 

 

ശസ്ത്രക്രിയ നടത്തണമെങ്കിൽ നല്ലവരായ ആളുകളുടെ കൈത്താങ്ങു മാത്രമാണ് ആശ്രയം. രാധാകൃഷ്ണന്റെ രണ്ടാമത്തെ മകൻ 18 വയസ്സുള്ള വിദ്യാർഥിയാണ്. ശസ്ത്രക്രിയയിലൂടെ തളർച്ച പരിഹരിച്ച്  മകൻ ഇരിക്കുന്നതു കാണണം. രാധാകൃഷ്ണനെന്ന  അച്ഛന് മകൻ  രാഹുലിനെപ്പറ്റിയുള്ള ഏറ്റവും വലിയ പ്രതീക്ഷ അതാണ്. അതിനായി സുമനസ്സുകളുടെ കനിവു തേടുകയാണു കുടുംബം. ആരെയെങ്കിലും  ദൈവം അതിനായി ഒരുക്കുമെന്നും  മകന്റെ കഷ്ടപ്പാട് അൽപ്പമെങ്കിലും കുറയുമെന്നും സ്നേഹനിധിയായ ഈ പിതാവ് വിശ്വസിക്കുന്നു.  ഈശ്വരവിശ്വാസവും പ്രതീക്ഷയും കൈവിടാതെ അതിനായി രാധാകൃഷ്ണൻ പ്രാർഥനയിലാണ്. 

 

 

ഇതിനായി ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ടി. രാധാകൃഷ്ണൻ

അക്കൗണ്ട് നമ്പർ: 22280100006065.

ഐഎഫ്എസ് സി കോഡ്: 0002228

ഫെഡറൽ ബാങ്ക് 

പള്ളിപ്പാട് ശാഖ

 

വിലാസം:

രാധാകൃഷ്ണൻ

കൊടുന്താറ്റ്

നടുവട്ടം പിഒ

പള്ളിപ്പാട് ആലപ്പുഴ

മൊബൈൽ: 95449 48642

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com