ADVERTISEMENT

പാലക്കാട് ∙ ഒരിറ്റു ശ്വാസത്തിനായി മറ്റുള്ളവരുടെ കനിവ് തേടുകയാണു പാലക്കാട് നഗരത്തിലെ നരികുത്തി സ്വദേശി കാജാ ഹുസൈൻ (ബാബു–37). ഈ വീട്ടിലേക്കുള്ള വൈദ്യുതി നിലച്ചാൽ ഓക്സിജൻ നൽകുന്ന യന്ത്ര സംവിധാനം പ്രതിസന്ധിയിലാകും. പിന്നെ ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കണം. അതു നിറയ്ക്കാൻ പലപ്പോഴും പണം ഇല്ലാത്ത അവസ്ഥയും. ജീവിതം പരമ ദുരിതത്തിലാണ് ഈ കുടുംബത്തിന്റേത്. അതിനിടെ, കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ വൈദ്യുതി ബിൽ വന്നു; തുക 6825 രൂപ! .ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി കട്ടു ചെയ്യുമെന്ന മുന്നറിയിപ്പും ഇവർക്കു ലഭിച്ചു.

കാജാ ഹുസൈന്റെ ജീവൻ നിലനിർത്താനുള്ള നെട്ടോട്ടത്തിൽ കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിശ്വാസിന്റെ സെക്രട്ടറി പി.പ്രേംനാഥ് ദുരിതം അറിഞ്ഞ് ബിൽതുക നൽകാൻ സഹാം നൽകി പ്രതിസന്ധി താൽക്കാലം പരിഹരിച്ചെങ്കിലും കാജാ ഹുസൈന്റെ ജീവിത പ്രശ്നവും പരിഹരിക്കണം. ഇനിയു വേണം ഈ ദുരിത ജീവിതങ്ങൾക്കായി സഹായം. ശ്വാസകോശ രോഗവും ഹൃദയസംബന്ധമായ രോഗത്താലും വലയുന്ന കാജാ ഹുസൈൻ 8 വർഷമായി വീട്ടിൽ നിന്നു പുറത്തിറങ്ങിയിട്ടില്ല.

ലോട്ടറി വിൽപനക്കാരനായ ഇദ്ദേഹത്തിന് ആദ്യം ശ്വാസകോശത്തിൽ രോഗം കണ്ടെത്തി. ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി. ഇതിനിടെ ഹൃദയത്തിലും രോഗം ബാധിച്ചു. ശ്വാസം വലിച്ചെടുക്കാൻ ബുദ്ധിമുട്ടിയതോടെ ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കാമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതോടെ ഓക്സിജൻ സിലിണ്ടർ വാങ്ങിയെങ്കിലും അതു പലപ്പോഴും നിറയ്ക്കാൻ പണമില്ലാതെ കഷ്ടപ്പെട്ടു. വൈദ്യുതി ഉപയോഗിച്ചു ഓക്സിജൻ ലഭ്യമാക്കുന്ന യന്ത്രം ഷാഫി പറമ്പിൽ എംഎൽഎ ഇടപെട്ടു വാങ്ങി.

അതു കേടായതോടെ വീണ്ടും സിലിണ്ടറിലേക്കു മടങ്ങി. കൂടാതെ മരുന്നിനു മാത്രം മാസത്തിൽ 5000 രൂപ വേണം. സഹോദരൻ ഷാഹുൽ ഹമീദ് ചുമടെടുത്തു കിട്ടുന്ന തുകയും നാട്ടുകാരും ചെറു സഹായവും കൊണ്ടാണു ഇത്രയും കാലത്തെ ചികിത്സ. വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രം വാങ്ങി തൽക്കാലം പ്രശ്നം പരിഹരിച്ചെങ്കിലും വൈദ്യുതി മുടക്കം വീണ്ടും വില്ലനായി. ഇതിനിടെ വൈദ്യുതി ബിൽ 6000 രൂപയിലേറെയായി. ഇതിനു പരിഹാരം വേണം. കാജയുടെ പ്രാണശ്വാസം നിലക്കരുത്. അര സെന്റ് സ്ഥലത്തെ വീട്ടിലാണ് അമ്മ ബൽക്കീസും സഹോദരനും സഹോദരന്റെ ഭാര്യയും അടങ്ങുന്ന കുടുംബം കഴിയുന്നത്.

കാജാ ഹുസൈന്റെ പേരിൽ കുന്നത്തൂർമേട് ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്..

∙ അക്കൗണ്ട് നമ്പർ: 99980110160657
∙ IFSC CODE: FDRL0001081
∙ ഫോൺ: 8848313725

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com