മജ്ജയിൽ അർബുദം, അപൂർവ രക്തഗ്രൂപ്പ്, ശസ്ത്രക്രിയയ്ക്ക് 22 ലക്ഷം; സഹായം തേടി രാജീവ്

rajeev-kumarakom
SHARE

കുമരകം ∙ മജ്ജയിൽ പടർന്ന കാൻസറിനോടു പൊരുതുന്നതിനിടയിലും രാജീവിനെ തളർത്തുന്നത് ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭീമമായ തുകയാണ്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിൽസയിലുള്ള രാജീവിന്റെ ഓപ്പറേഷനു മാത്രം 22 ലക്ഷം രൂപ വേണം. രോഗികളായ അച്ഛന്റെയും നാലു വയസ്സുള്ള മകന്റെയും ചികിൽസയും അമ്മയും ഭാര്യയും ഒൻപതും വയസ്സുള്ള ഒരു മകനും കൂടി അടങ്ങിയ കുടുംബത്തിന്റെയും നിത്യച്ചെലവും ബുദ്ധിമുട്ടിലായ അവസ്ഥയിൽ, ശസ്ത്രക്രിയയ്ക്കുള്ള വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുമരകം ആണ്ടിത്തറ വീട്ടിൽ എ. ആർ. രാജീവ് (38). അപൂർവമായ എ ടു ബി എന്ന രക്തഗ്രൂപ്പാണ് രാജീവിന്റേത്. ശസ്ത്രക്രിയയ്ക്കു രക്തദാതാവിനെ കണ്ടെത്തുന്നതും വെല്ലുവിളിയാണ്. 

മൂവാറ്റുപുഴയിൽ ട്രാൻസ്ഫോർമർ നിർമിക്കുന്ന കമ്പനിയിലായിരുന്നു രാജീവിനു ജോലി. തുടർച്ചയായ ഛർദിയെ തുടർന്നുള്ള പരിശോധനയിലാണ് മജ്ജയിൽ കാൻസർ കണ്ടെത്തിയത്. കീമോ തെറാപ്പി നടക്കുന്നതിനിടെ, രോഗം രക്തത്തിലേക്കു ബാധിച്ചെന്നും കണ്ടെത്തി. തുടർന്നാണ് അടിയന്തരമായി ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നടത്തണമെന്ന് ആശുപത്രിയധികൃതർ അറിയിച്ചത്. അസുഖം മൂലം ശരീരത്തിലെ രക്തത്തിന്റെ അളവു കുറയുന്നതിനാൽ 12 തവണ ഇതിനോടകം രക്തം കയറ്റിക്കഴിഞ്ഞു. 

രാജീവിന്റെ അച്ഛൻ രാജൻ പ്രമേഹം മൂർച്ഛിച്ച് കാലിൽ പഴുപ്പു കയറി രണ്ടു വർഷമായി ചികിൽസയിലാണ്. നാലു വയസ്സുള്ള ഇളയകുട്ടി രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിൽ കാരണം രണ്ടുവർഷത്തോളമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. കോവിഡ് വ്യാപനവും രാജീവിന്റെ രോഗവും മൂലം കുഞ്ഞിന്റെ ചികിൽസയും മുടങ്ങി. രാജീവിനെയും അച്ഛനെയും കു‍ഞ്ഞിനെയും പരിചരിക്കേണ്ടതിനാൽ രാജീവിന്റെ ഭാര്യയ്ക്ക് പതിവായി ജോലിക്കു പോകാനുമാവില്ല. ഇടയ്ക്ക് തൊഴിലുറപ്പു ജോലിക്കു പോയി കിട്ടുന്ന വേതനമാണ് കുടുംബത്തിന്റെ വരുമാനം. രാജീവിനെ സഹായിക്കാൻ നാട്ടുകാർ മുൻകയ്യെടുത്ത് ശ്രമിച്ചെങ്കിലും കോവിഡ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അത് മുടങ്ങി. ഇപ്പോൾ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് വീട്ടുകാര്യങ്ങളും മറ്റും നടക്കുന്നത്. തന്റെ ചികിൽസയ്ക്കു സുമനസ്സുകൾ സഹായിക്കണമെന്ന അപേക്ഷയാണ് രാജീവിനുള്ളത്. 

രാജീവ് എ.ആർ. എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുമരകം ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ : 67230395328 

ഐഎഫ്എസ്‌സി കോഡ് - SBIN0070116. 

ഫോൺ: 9947934348

വിലാസം: 

ആണ്ടിത്തറ, കുമരകം സൗത്ത് പിഒ, കോട്ടയം

പിൻകോഡ്: 686563

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.