ADVERTISEMENT

ദുരിതക്കയത്തിൽ തിരിച്ചറിവാകാത്ത 3 കുഞ്ഞുങ്ങളുൾപ്പെടുന്ന കുടുംബം

ബ്രെയിൻ ട്യൂമർ ബാധിച്ച് ഗുരുതരാവസ്ഥയിലായ മകന്റെ വിദഗ്ധ ചികിത്സയ്ക്കു പണം കണ്ടെത്താൻ വിധവയായ യുവതി ഉദാരമതികളുടെ സഹായം തേടുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ഊരമനയിൽ താമസിക്കുന്ന പുഞ്ചത്താഴത്ത് സതി രാജുവാണ് 8 വയസ്സുകാരനായ ഇളയ മകൻ അശ്വിൻ രാജുവിന്റെ ജീവൻ രക്ഷിക്കാൻ വഴി തേടുന്നത്.

കൂലിപ്പണിക്കാരായിരുന്ന സതിക്കും ഭർത്താവ് രാജുവിനും 3 മക്കളാണുള്ളത്. മൂത്തമകൾ പാർവതി പ്ലസ് വണ്ണിനും രണ്ടാമത്തെ മകൻ യദുകൃഷ്ണൻ 10–ാം ക്ലാസിലും പഠിക്കുന്നു. ജന്മനാ വളർച്ചക്കുറവും സംസാരശേഷിക്കുറവുമുള്ള ഇളയ മകൻ അശ്വിന് ചെറുപ്പം മുതൽ ദിവസേന അപസ്മാരം വരാറുണ്ട്. ഇതിനു ചികിത്സ നടത്തിവരുന്നതിനിടയിലാണ് 6 മാസം മുമ്പ് രാജു പെട്ടെന്ന് ഹൃദയാഘാതം മൂലം മരിച്ചത്. ഇതോടെ സതിയും തിരിച്ചറിവാകാത്ത 3 കുഞ്ഞുങ്ങളും അനാഥരായി.

തൊടുപുഴ മുതലക്കോടം കൊതകുത്തി സ്വദേശിയായ സതിയുടെ 2 സഹോദരന്മാരും അമ്മയും വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടിരുന്നു. കാഴ്ചശക്തി നഷ്ടപ്പെട്ടതുമൂലം അച്ഛന് പരസഹായം കൂടാതെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. തമിഴ്നാട് സ്വദേശിയായ രാജുവിന് നാട്ടിൽ ബന്ധുക്കൾ ആരുമില്ല.അപസ്മാര ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അശ്വിന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. ഇതിന് ശസ്ത്രക്രിയ ഉൾപ്പെടെ ദീർഘകാലം ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു.

കുട്ടിയുടെ ആരോഗ്യം മോശമായതോടെ സതിക്ക് കൂലിപ്പണിക്കു പോകാൻ കഴിയാത്തതുമൂലം ഏക ജീവിതമാർഗവും അ‍ടഞ്ഞു. ഇതിനിടെ രാമമംഗലം പഞ്ചായത്തിൽ നിന്ന് അനുവദിച്ച പെട്ടിക്കട പെരുവംമൂഴി പാലത്തിനു സമീപം തുടങ്ങിയെങ്കിലും കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. വീട്ടുവാടക കൊടുക്കാനോ കുടുംബചെലവുകൾക്കോ പണമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ ദരിദ്രകുടുംബം.അശ്വിന്റെ ചികിത്സയ്ക്കു പണം സമാഹരിക്കുന്നതിനും കുടുംബത്തിന്റെ മറ്റാവശ്യങ്ങൾക്കുമായി നാട്ടുകാരുടെ സഹകരണത്തോടെ ശ്രമം തുടങ്ങി.

യൂണിയൻ ബാങ്ക് ഊരമന ശാഖയിൽ സതി രാജുവിന്റെ പേരിലുള്ള അക്കൗണ്ട് നമ്പർ– 458402120000052.

ഐഎഫ്എസ്‍സി കോഡ്:

UBIN0545848

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com