ADVERTISEMENT

പാറശാല ∙ കരാർപണിക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്നു ഷോക്കേറ്റ് വീണു നട്ടെല്ലിനു ക്ഷതമേറ്റ യുവാവു കിടപ്പിലായിട്ടു നാലു മാസം പിന്നിടുന്നു. കൂലിപ്പണിക്കാരനായിരുന്ന അച്ഛനും അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആശ്രയം കൂടിയായ ചെങ്കൽ വട്ടവിള പി.എസ്.ഭവനിൽ രാജേഷ് കുമാറാണ്(37) ചികിത്സാ സഹായം തേടുന്നത്.

 

പത്തനംതിട്ട വടശ്ശേരിക്കരയിൽ വൈദ്യുതി പോസ്റ്റിൽ ഇക്കഴിഞ്ഞ മേയ് മാസം പണിയെടുക്കവേയാണ് രാജേഷ് ഷോക്കേറ്റു വീണത്. മരുന്നിനും ഫിസിയോ തെറപ്പി ചികിൽസയ്ക്കും ദിവസവും 1,500 രൂപയോളം ചെലവുണ്ട്. ഇടുപ്പിനു താഴെ പൂർണമായും ചലനശേഷി ഇല്ലാത്ത രാജേഷിനു സഹായത്തിന് ഒരാളെ കൂടി നിർത്താനുള്ള സാമ്പത്തിക ശേഷിയില്ല.

 

പ്രായമേറെയുള്ള അച്ഛന് കോവിഡ് കാലമായതിനാൽ കൂലിപ്പണിക്കും മറ്റും പോകാനാവില്ല. കെട്ടിടനിർമാണ അനുബന്ധ തൊഴിലാളികളായ സഹോദരങ്ങൾക്കും വലിയ ചികിത്സാ ചെലവു താങ്ങാനാകുന്നില്ല. നാട്ടുകാരിൽ ചിലർ സഹായമെത്തിച്ചെങ്കിലും കോവിഡ് സാഹചര്യത്തിലുള്ള മോശം സാമ്പത്തികസ്ഥിതിയിൽ പലർക്കും സ്ഥിരമായി സഹായിക്കാനാകുന്നില്ല.

 

മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയാൽ കസേരയിലും മറ്റും ഇരിക്കാനാകുമെന്നും ഫിസിയോ തെറപ്പി കൂടി കൃത്യമായി ഉറപ്പാക്കാനായാൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നാണ് രാജേഷ് ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. സുമനസ്സുകളുടെ സഹായം കിട്ടിയാൽ രാജേഷിന് അത് ഉപകാരമാകും.

 

പി.എസ്.രാജേഷ് കുമാറിന്റെ പേരിൽ നെയ്യാറ്റിൻകര കാത്തലിക് സിറിയൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 7107345806190001 ഐഎഫ്എസ്‌സി: CSBK0000071 രാജേഷിന്റെ മൊബൈൽ നമ്പർ(ഗൂഗിൾ പേ നമ്പർ): 8547237199.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com