ദയനീയം; നൊന്തു പ്രസവിച്ച സ്വന്തം അമ്മയോട് ‍മകൾ ചോദിച്ചു: ‘എന്നെ ഒന്നു കൊന്നു തരുമോ?’

ഗൗരിക്കൊപ്പം ആശയും പ്രദീപും.
SHARE

ഏറ്റുമാനൂർ ∙ ‘എന്നെ ഒന്നു കൊന്നു തരുമോ അമ്മേ ?’ – ഗൗരിയെന്ന പെൺകുട്ടി പത്ത് മാസം ചുമന്ന് നൊന്തു പ്രസവിച്ച സ്വന്തം അമ്മയോട് ‍ ചോദിച്ച ചോദ്യമാണിത്. ജന്മനാ തളർന്നതാണു ഗൗരിയുടെ കാലുകൾ. മകളുടെ ചോദ്യത്തിനു മുൻപിൽ കണ്ണ് നിറഞ്ഞെങ്കിലും പതറാത്ത മനസ്സുമായി സ്വന്തം മകളുടെ പുഞ്ചിരി തൂകുന്ന മുഖം കാണാൻ ആ അമ്മയും അച്ഛനും അവരുടെ ജീവിതം മാറ്റി വച്ചു. എന്നാൽ, ഏതു നിമിഷവും മകളുമായി വീട് വിട്ടു ഇറങ്ങേണ്ട അവസ്ഥയാണ് കോട്ടയം ഏറ്റുമാനൂർ ‍ തവളക്കുഴിയിൽ പ്രഗതിയിൽ ആശയ്ക്കും പ്രദീപിനും ഉള്ളത്. 18 വർഷത്തിനു മുൻപാണ് ആശയ്ക്കും പ്രദീപിനും ഇവരുടെ മൂത്ത മകൾ അമ്മുവിനും ഇടയിലേക്കു ഗൗരി ജനിക്കുന്നത്.

ഇനിച്ചപ്പോൾ തന്നെ നട്ടെല്ലിൽ ഒരു മുഴ കണ്ടെത്തിയെങ്കിലും അതു കൊഴുപ്പ് അടിഞ്ഞതാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ അവർക്കു പിന്നീടുള്ള ഓരോ ദിനങ്ങളും സന്തോഷ ദിനങ്ങളായിരുന്നു. ആറ് മാസത്തിനു ശേഷവും മുഴ മാറാത്തതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ആ മുഴ അവരുടെ എല്ലാ സന്തോഷങ്ങളും കെടുത്തുന്നതായിരുന്നു എന്ന് അറിഞ്ഞത്. സ്പൈനാ ബിഫിഡ എന്ന രോഗാവസ്ഥയാണ് ഗൗരിയെ ബാധിച്ചിരുന്നത്. നട്ടെല്ല് കൂടിച്ചേർന്നുള്ള അവസ്ഥയാണിത്. തുടർ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഗൗരിയെ എത്തിച്ച് നടത്തിയ പരിശോധനയ്ക്കു ശേഷം വളരെ സങ്കീർണമായ ശസ്ത്രക്രിയ നടത്തി. ഓപ്പറേഷൻ തിയറ്ററിൽ നിന്നു ഇറങ്ങി വന്ന ഡോക്ടർ പറഞ്ഞത് ഇത്രമാത്രം ‘ക്ഷമിക്കണം’.

മുഴയ്ക്കുള്ളിൽ ഞരമ്പുകൾ കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് മുഴ നീക്കം ചെയ്താൽ ഗൗരി പൂർണമായും അബോധാവസ്ഥയിലാകും എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഗൗരിക്കു നടക്കാൻ സാധിക്കില്ലെന്ന സത്യം മനസ്സിലാക്കി അമ്മയും അച്ഛനും തങ്ങളുടെ പൊന്നോമനയുമായി ആശുപത്രി വിടുകയായിരുന്നു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗൗരിയെ പിന്നീട് എൽകെജിയിൽ ചേർത്തു. അമ്മയുടെ ഒക്കത്തിരുന്നു ഗൗരി സ്കൂളിലേക്കു പോകുന്നത് കാണുന്ന പലരും ചോദിക്കും കൊച്ചിനെ നടത്തിക്കൊണ്ട് പോകൂ എന്ന്. ഈ ചോദ്യം കേട്ടിരുന്ന ഗൗരി ആശയുടെ മുഖത്തേക്കു നോക്കുമായിരുന്നു. ഗൗരി വളരുന്നതിനു അനുസരിച്ച് അമ്മയുടെ ലാളനയും അച്ഛന്റെ വാത്സല്യവും കൂടുന്നതിന്റെ കൂടെ നട്ടെല്ലിലെ മുഴയും വലുതായി.

ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ നിർദേശപ്രകാരം 6 വയസ്സ് കഴിഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. ‌വേറെ ട്രീറ്റ്മെന്റ് ഇല്ല എന്നായിരുന്നു അന്ന് ലഭിച്ച മറുപടി. പിന്നീട് 6 വർഷം ആയുർവേദ ചികിത്സ നൽകിയെങ്കിലും വലിയ മാറ്റമില്ലായിരുന്നു. മകളെ സ്കൂളിൽ അയച്ചു. വിദ്യാഭ്യാസം നൽകുന്നതിൽ മുടക്കം വരുത്തിയില്ല. പക്ഷേ ഒൻപതാം ക്ലാസ് ആയപ്പോഴേക്കും വേദന അധികമായി. അങ്ങനെ വീണ്ടും ന്യൂറോ സർജനെ കണ്ടു. വേദന സംഹാരികൾ മാത്രമായി മരുന്ന്, ഇതിനാൽ താൽക്കാലിക ആശ്വാസം മാത്രമായിരുന്നു ഗൗരിക്കുള്ളത്. ഒൻപതാം ക്ലാസ് പകുതി ആയതോടെ പൂർണമായും ഗൗരി കിടപ്പിലായി.

വേദന സഹിക്കാൻ പറ്റുന്നതിലും അപ്പുറമായതോടെ‌യാണ് ഗൗരി ആശയോടു ആ ചോദ്യം ചോദിച്ചത് "എന്നെ ഒന്ന് കൊന്നു തരാമോ "" എന്ന് ആ ചോദ്യം കേട്ട അമ്മ മകളെ വാരിപ്പുണർന്നു. പിന്നീട് പല ഡോക്ടർമാരുടെ നിർദേശ പ്രകാരം എറണാകുളം ആസ്റ്റർ മെഡിസിറ്റി ന്യൂരോ വിഭാഗത്തിൽ എത്തിച്ച് ഗൗരിയെ കാണിച്ചു. 12 ദിവസത്തെ പരിശോധനകൾക്ക് ശേഷം സങ്കീർണമായ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. 2 ദിവസമാണ് ശസ്ത്രക്രിയ നീണ്ടു നിന്നത്. ഇത് ചെയ്താലും അരയ്ക്കു താഴേക്കു തളർന്ന അവസ്ഥയാകും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പക്ഷേ വേദന മാറ്റിത്തരാം എന്ന ഉറപ്പും ഡോക്ടർമാർ നൽകി. അതു തന്നെയായിരുന്നു ആശയുടെയും പ്രദീപിന്റെയും പ്രാർഥന. 3 മാസത്തോളം ആശുപത്രിയിലായിരുന്നു. വീണ്ടും 7 സർജറികൾ നടത്തി.

10–ഓളം ശസ്ത്രക്രിയകൾ നേരിട്ട ഗൗരി ഡിപ്രഷനിലായി. സിബിഎസ്ഇ ഒൻപതാം ക്ലാസ് അവസാന പരീക്ഷ മികച്ച മാർക്കോടെ ജയിച്ച ഗൗരിയുടെ പഠനം വീണ്ടും തുടങ്ങി. 10–ാം ക്ലാസിൽ 87 ശതമാനം മാർക്കോടെ വിജയിച്ചു. പരീക്ഷയുടെ ഫലം അറിയുമ്പോഴും ഗൗരി ഓപ്പറേഷൻ തിയറ്ററിലായിരുന്നു. കാണക്കാരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗൗരിയുടെ സന്തോഷത്തിൽ പങ്ക് ചേരുമ്പോൾ ആശയ്ക്കു ഹൃദയ സംബന്ധമായ അസുഖം പിടിപെട്ടു. മകളുടെ ചികിത്സക്കു വേണ്ടി 60 ലക്ഷത്തിൽ അധികം രൂപ ഇപ്പോൾതന്നെ ചെലവായി. കൂടാതെ ആശയ്ക്കും, ഗൗരിക്കും ഒരുമാസം മരുന്നിനു മാത്രം 15000 രൂപ ചെലവ് വരുന്നുണ്ട്.

സ്വകാര്യ കമ്പനിയുടെ ബാങ്കിങ് സപ്പോർട്ടിങ് സർവീസിൽ ജോലി ചെയ്യുന്ന പ്രദീപിനു കോവിഡ് പ്രശ്നങ്ങൾ കാരണം ശമ്പളം ലഭിക്കുന്നതിനു കാലതാമസ്സവും വരുന്നുണ്ട്. ഇതിനെത്തുടർന്ന് ആശുപത്രിയിലെ ഫോളോ അപ്പും ഇപ്പോൾ നടത്തുന്നില്ല. ഇനിയും രണ്ട് ശസ്ത്രക്രിയകൾ ഗൗരിക്കു ചെയ്യാനുണ്ട്. ഇതിനൊന്നും പണം ഇല്ലെന്നു മാത്രമല്ല ഗൗരിയുടെ ചികിത്സക്കായി വീട് പണയപ്പെടുത്തി എടുത്തിരിക്കുന്ന വായ്പ തിരിച്ചടക്കേണ്ട തീയതി കഴിഞ്ഞതിനാൽ ബാങ്ക് അധികൃതർ ഡിസംബർ 2ന് ജപ്തി നോട്ടിസ് പതിക്കാനുള്ള നടപടിയിലേക്കു കടന്നു. ശസ്ത്രക്രിയയിലൂടെ പുഞ്ചിരി തിരികെ ലഭിച്ച മകളേയും കൂട്ടി തെരുവിലേക്കു ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആശയും പ്രദീപും ഇപ്പോൾ.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ ഇന്ത്യൻ ഓവർസിസ് ബാങ്ക്
∙ ബ്രാഞ്ച് : ഏറ്റുമാനൂർ, തവളക്കുഴി
∙ ഗൗരി പ്രദീപ്‌ നായർ
∙ അക്കൗണ്ട് നമ്പർ : 350901000002207
∙ ഐഎഫ്എസ്‌സി കോഡ്: IOBA0003509
∙ ഫോണ്‍: 9072394251, 9645094251

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA