ADVERTISEMENT

വിടാതെ പിന്തുടരുന്ന രോഗങ്ങളാൽ ദുരിതക്കയത്തിലാണ് കരിമണ്ണൂർ ഏഴുമുട്ടം വട്ടക്കാവുങ്കൽ പ്രതീഷ് കുമാറും കുടുംബവും. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഈ  നിർധന കുടുംബത്തിനു മുന്നോട്ടു പോകാനാകൂ. ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും അടങ്ങുന്നതാണ് പ്രതീഷ് കുമാറിന്റെ കുടുംബം. ആകെ 5 സെന്റ് സ്ഥലവും അതിൽ നാട്ടുകാർ നിർമിച്ചു നൽകിയ ഒരു ചെറിയ വീടും മാത്രമാണുള്ളത്. കൂലിപ്പണി ചെയ്താണ് പ്രതീഷ്കുമാർ കുടുംബം പുലർത്തിയിരുന്നത്. ഭാര്യ അമ്പിളി 2004 മുതൽ ഹൃദയസംബന്ധമായ അസുഖത്തിന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ 2016 ൽ സ്ട്രോക്ക് വന്ന് അമ്പിളിയുടെ ഇടതുവശം തളർന്നു പോയി. 

 

തുടർന്ന് ഓരോ വർഷവും തുടർച്ചയായി സ്ട്രോക്ക് ഉണ്ടാകുകയും 3 മാസം മുൻപ് ഹൃദയത്തിന്റെ വാൽവുകൾ മാറ്റിവയ്ക്കുകയും ചെയ്തു. മൂത്തകുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കും മരുന്നിനും ഉൾപ്പെടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ വേണ്ടിവന്നു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയുമൊക്കെ സഹായം കൊണ്ടാണ് ചികിത്സ തടസ്സമില്ലാതെ നടത്താനായത്. നിത്യച്ചെലവും ചികിത്സയും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ വിഷമാവസ്ഥയിൽ കഴിയുമ്പോഴാണ് പ്രതീഷ്കുമാറിനു ഹൃദയാഘാതം ഉണ്ടായത്. തു‌ടർന്നു നടത്തിയ പരിശോധനയിൽ ഹൃദയത്തിന്റെ ഒരു പാളിക്ക് ചലനമില്ല എന്നു കണ്ടെത്തി. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. 

 

ഈ സമയത്ത് അച്ഛനും ഹൃദയാഘാതം ഉണ്ടായി ചികിത്സയിലാണ്. ഇപ്പോൾ എല്ലാവർക്കും കൂടി ഒരു ദിവസത്തെ മരുന്നിനു മാത്രം ആയിരത്തിലധികം രൂപ വേണം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കു പുറമേ നട്ടെല്ലിന്റെ ഡിസ്കും അകന്നു ചികിത്സയിലിരിക്കുന്നതിനാൽ പ്രതീഷ് കുമാറിനു ജോലിക്കൊന്നും പോകാൻ കഴിയുന്നില്ല. സുമനസ്സുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ.  പ്രതീഷ് കുമാറിന്റെ പേരിൽ ഫെഡറൽ ബാങ്ക് തൊടുപുഴ വെസ്റ്റ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 16940100059954. ഐഎഫ്എസ്‌സി കോഡ്: FDRL0001694.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com