മിമിക്രി കലാകാരൻ ജിമ്മി കലവൂരും ഭാര്യ നാടകനടി ശ്രീലതയും അവശനിലയിൽ

കലവൂർ ജിമ്മിയും ശ്രീലതയും
SHARE

കലവൂർ ∙ കലാവേദികളിൽ നിറസാന്നിധ്യമായിരുന്ന ദമ്പതികൾ കലവൂർ ജിമ്മിയും ഭാര്യ ശ്രീലതയും അരങ്ങൊഴിഞ്ഞ് രോഗകിടക്കയിലായിട്ടും തിരിഞ്ഞു നോക്കാൻ ആളില്ല. രണ്ടായിരത്തോളം വേദികളിലൂടെ പതിനായിരങ്ങളെ ചിരിപ്പിച്ച ജിമ്മി കലവൂരും ഇരുപതോളം പ്രഫഷനൽ നാടക ട്രൂപ്പുകളിലൂടെ അനേകം കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഭാര്യ ശ്രീലതയും ഹൃദയ, വൃക്ക രോഗങ്ങളെ തുടർന്ന് അവശനിലയിലാണ്. 

ഇരുവൃക്കകളും തകരാറിലായി ഡയാലിസിന് നിർദേശിക്കപ്പെട്ട ശ്രീലതയും ഹൃദയാഘാതത്തിന് അടിയന്തിര ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ നീട്ടിക്കൊണ്ടുപോകുന്ന ജിമ്മിയും നിത്യവും കഴിക്കേണ്ട മരുന്നുകൾക്ക് പോലും നിവൃത്തിയില്ലാതെ വിഷമിക്കുകയാണ്.

മണ്ണ‍ഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് മണ്ണഞ്ചേരി കോളനിയിൽ സി.വി.ഉത്തമനും(കലവൂർ ജിമ്മി–53) ഭാര്യ ലത(ശ്രീലത)യും കഴിയുന്നത് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ്. ഇരുവർക്കും പ്രതിമാസം 7000 രൂപയുടെ മരുന്ന് വേണം. പലപ്പോഴും ഇത് മുടങ്ങുകയാണ്. ഗായികമാരുടെ ശബ്ദമാധുര്യം അനുകരിച്ച കലവൂർ ജിമ്മി മിമിക്രി മേഖലയിൽ ശ്രദ്ധ നേടിയ കലാകാരനാണ്.  കൊച്ചിൻ സംഘമിത്ര, സാരംഗി,  ഓച്ചിറ കലാദർശന, കോട്ടയം കലാഭാവന, തിരുവനന്തപുരം നർമകല തുടങ്ങി പതിനഞ്ചോളം ട്രൂപ്പുകളിലായി രണ്ടായിരത്തോളം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് ജിമ്മി.

കൊല്ലം ആത്മമിത്ര നാടക ട്രൂപ്പിൽ അടുക്കളപ്പക്ഷിയെന്ന നാടകത്തിൽ 3 കഥാപാത്രങ്ങളെയാണ് ശ്രീലത അവതരിപ്പിച്ചത്. കഴി‍ഞ്ഞ ഡിസംബറിൽ   ചികിത്സ തേടിയപ്പോഴാണ് ഇരുവൃക്കകളും തകരാറിലാണെന്ന് അറിഞ്ഞത്. ഇതോടെ അഭിനയം നിർത്തേണ്ടിവന്നു. ജിമ്മിക്ക് 2016ലാണ് ആദ്യമായി ഹൃദയസ്തംഭനം ഉണ്ടായത്. പിന്നീട് 2019ലും ഉണ്ടായതോടെ അടിയന്തിര ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചെയ്തില്ല. 

ഇവർക്ക് പട്ടികജാതി വകുപ്പ് മുഖേന വീട് അനുവദിച്ചപ്പോൾ ഇത് പൂർത്തീകരിക്കുന്നതിന് 5 വർഷം  മുൻപ് സഹകരണ ബാങ്കിൽ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കോവിഡും രോഗവുമായതോടെ അടവ് മുടങ്ങി.  ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. ഏഴര സെന്ററിൽ ചെറിയ വീട്ടിലാണ് ഇവർ കഴിയുന്നത്. സുമനസുകൾക്ക് ചികിത്സാ സഹായം ശ്രീലതയുടെ കലവൂർ യൂണിയൻ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാം. 

അക്കൗണ്ട് നമ്പർ: 570802010008365. 

IFSC CODE- UBIN0557081.

ഫോൺ നമ്പർ: 97440 54044.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS