ADVERTISEMENT

കൊല്ലം ∙ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന 26 വയസ്സുകാരനായ മകൻ, ശ്വാസകോശ അർബുദം കാരണം അവശനായ അച്ഛൻ, ശസ്ത്രക്രിയ വേണമെന്നു ഡോക്ടർ നിർദേശിച്ചിട്ടും മകനെ വിട്ടുനിൽക്കാനാകാത്തതിനാലും പണമില്ലാത്തതിനാലും വേദന സഹിച്ച് അതു വേണ്ടെന്നു വയ്ക്കുന്ന ആർത്രൈറ്റിസ് രോഗിയായ അമ്മ....പ്രാക്കുളം കാഞ്ഞാവെളി അനന്ദു ഭവൻ എന്ന ഈ വീട്ടിൽ കണ്ണീരു മാത്രമേയുള്ളൂ.

ഗൃഹനാഥനായ ഡി.വിജയന് (47) ആറുമാസം മുൻപാണു ശ്വാസകോശാർബുദം സ്ഥിരീകരിച്ചത്. കടുത്ത വയറുവേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. ചെറിയ ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു വിജയൻ. ഭക്ഷണം കഴിക്കാൻ  പോലും ആകാത്തത്ര അവശനാണിപ്പോൾ. ഏഴു വർഷമായി ആർത്രൈറ്റിസ് രോഗിയായ ഭാര്യ പ്രമീള വേദന കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ്.

പ്രാഥമിക ആവശ്യങ്ങൾക്കു പോലും സഹായം വേണ്ട മകന് ഇതുവരെ അച്ഛനമ്മമാരായിരുന്നു ബലം. മരുന്നു മുടങ്ങിയാൽ അക്രമാസക്തനാകുന്ന മകനെ ബഡ്സ് സ്കൂളിലെ ആയയുടെ ജോലി ചെയ്താണു പ്രമീളയും നോക്കുന്നത്. വിവാഹിതയായ മകൾ മാത്രമാണ് ഈ നിർധന കുടുംബത്തിനു സഹായത്തിനുള്ളത്. മകനു പ്രമേഹവും രക്തസമ്മർദവും കൂടിയതിന്റെ പ്രശ്നങ്ങളുമുണ്ട്. അച്ഛനും മകനും മാത്രം മാസം 15,000 രൂപയുടെ മരുന്നു വേണം.

കടബാധ്യതകൾ പെരുകിയതോടെ വീടും വസ്തുവും പണയത്തിലായി. ഇതുവരെ സന്മനസ്സുള്ളവരുടെ സഹായത്തിലാണു ജീവിതം മുന്നോട്ടുപോയത്. ‘ഞങ്ങളും കൂടി വീണതോടെ എങ്ങനെ മുന്നോട്ടുപോകും ’ എന്നു കണ്ണീർ വാർക്കുന്നു, പ്രമീള. കനിവുള്ളവരിൽ മാത്രമാണു പ്രതീക്ഷ. മാതാപിതാക്കളുടെയും മകന്റെയും ചികിത്സയ്ക്കായി സഹായിക്കാം; അവരെ കണ്ണീരിൽനിന്നു കരകയറ്റാം.പ്രമീളയുടെയും അനന്ദുവിന്റെയും പേരിൽ എസ്ബിഐ അഞ്ചാലുംമൂട് ശാഖയിൽ അക്കൗണ്ടുണ്ട്.

ഐഎഫ്എസ് കോഡ്: SBIN0070393.

അക്കൗണ്ട് നമ്പർ: 67175609946.

ഗൂഗിൾ പേ: 98478 89641.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com