ഏറ്റുമാനൂർ∙ ബൈപാസ് ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദേശിച്ച സമയത്ത് ജപ്തി ഭീഷണിയും നേരിട്ട് ഓട്ടോറിക്ഷ തൊഴിലാളി. കടപ്പൂർ പടിഞ്ഞാറ് വള്ളമ്പ്ര പി.കെ.മധു (51) ആണ് സാമ്പത്തിക പ്രശ്നത്താൽ വലയുന്നത്. 3 വർഷമായി മധു ഹൃദ്രോഗിയാണ്. മാസം 4000 രൂപയുടെ മരുന്നു കഴിച്ചാണ് ഇതുവരെ തള്ളിനീക്കിയത്. ഇനി ബൈപാസ് ശസ്ത്രക്രിയ അല്ലാതെ മറ്റുവഴിയില്ലെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകി.
അടുത്തയാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആകാനാണു നിർദേശം. സർജറിക്കു വേണ്ടിവരുന്ന ഒരു ലക്ഷത്തോളം രൂപ എങ്ങനെ ഉണ്ടാക്കുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് വീടും ജപ്തിഭീഷണിയിലായത്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 10 വർഷം മുൻപാണ് 10 സെന്റ് ഭൂമി പണയം വച്ച് വെമ്പള്ളി സഹകരണ ബാങ്കിൽനിന്ന് 1.45 ലക്ഷം രൂപ വായ്പയെടുത്തത്. 2017ൽ പലിശ അടച്ചു ലോൺ പുതുക്കിയെങ്കിലും പിന്നീടു പണം അടയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ 2.60 ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് നോട്ടിസ്. 3 മക്കളാണ് മധുവിനും ഭാര്യ സുധയ്ക്കും. ഒരു മകളുടെ വിവാഹം കഴിഞ്ഞു. മറ്റൊരു മകൾ ഡിഗ്രി വിദ്യാർഥിനിയാണ്. മകൻ പ്ലമിങ് ജോലി ചെയ്താണു കുടുംബം പുലർത്തുന്നത്. മധുവിന്റെ ചികിത്സയ്ക്കായി എസ്ബിഐ കൂടല്ലൂർ ശാഖയിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ : 57054586544,
ഐഎഫ്എസ്‌സി :SBIN0070400