ഷംലയ്ക്കും കുഞ്ഞുങ്ങൾക്കും നേരെ കരുണയുടെ കരങ്ങൾ
തിരുവനന്തപുരം ∙ രോഗങ്ങളിൽ ജീവിതം പിടയുന്ന ഷംലയുടെയും കുഞ്ഞുങ്ങളുടെയും സങ്കടമറിഞ്ഞു സഹായ വാഗ്ദാനങ്ങൾ. പാൻക്രിയാസിനെ ബാധിക്കുന്ന നെസ്ഡിയോ ബ്ലാസ്റ്റോസിസ് എന്ന അസാധാരണ രോഗത്തിനു ചികിത്സ ചെലവേറിയതാണ്. എല്ലാമാസവും കുത്തിവയ്പിന് ഒരു ലക്ഷം രൂപയിലധികം വേണം. 30,000 രൂപയാണു മാസം മറ്റു മരുന്നുകൾക്കു വേണ്ടത്. ഓരോ മണിക്കൂറിലും ആഹാരം കൊടുക്കണം. ഇല്ലെങ്കിൽ ശരീരം മരവിക്കും.
20 വയസ്സുള്ള മൂത്ത മകൾ ഫാത്തിമയ്ക്ക് ആറു വർഷം മുൻപാണ് അസുഖം ബാധിച്ചത്. അസുഖം കണ്ടെത്തി ചികിത്സ തുടങ്ങിയതു മൂന്നു വർഷത്തിനു ശേഷം. അപ്പോഴേക്കും പൂർണമായും കിടപ്പിലായിക്കഴിഞ്ഞിരുന്നു ഫാത്തിമ. പണത്തിനു നെട്ടോട്ടമോടി ഒടുവിൽ പാൻക്രിയാസിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. അപ്പോഴാണ് ഇളയ മകൾ ഫാദിയയ്ക്കും ഇതേ അസുഖം കണ്ടെത്തിയത്. ആറുമാസമായി ഫാദിയ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ ക്ഷീണവും തളർച്ചയും അനുഭവപ്പെട്ട ഷംല അവശയായി വീണു. പരിശോധനയിൽ ചെറുകുടലിൽ കാൻസർ കണ്ടെത്തി.
ചികിത്സയ്ക്കു വഴിയില്ലാത്തതിനാൽ തന്റെ അസുഖം അവഗണിച്ചു മക്കളുടെ ചികിത്സ തുടരുകയാണു ഷംല. ഇളയ മകൾ ഫാദിയയ്ക്കു കുത്തിവയ്പിനുള്ള പണം തികയാത്തതിനാൽ മാസം 45,000 ചെലവു വരുന്ന ഗുളികയാണു ഡോക്ടർമാർ തൽക്കാലം നിർദേശിച്ചിരിക്കുന്നത്. കൂട്ടുകാരി നസീമയാണു താമസത്തിനും ഭക്ഷണത്തിനും സഹായിക്കുന്നത്. ഷംലയ്ക്കു വീടില്ല.
ഷംലയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
∙ ഫെഡറൽ ബാങ്ക്, ശാസ്തമംഗലം, തിരുവനന്തപുരം
∙ ജെ. ഷംല
∙ A/C – 21780100023243
∙ IFSC– FDRL0002178
∙ GPay– 9846982153
∙ ഫോൺ–9037245381