തൊടുപുഴ ∙ അർബുദ ബാധിതയായ വീട്ടമ്മയുടെ ചികിത്സയ്ക്കായി കുടുംബം സഹായം തേടുന്നു. കുമാരമംഗലം താഴത്തെക്കുടിയിൽ സ്വപ്ന രാജു (46) ആണ് ചികിത്സാസഹായം തേടുന്നത്. 3 മാസം മുൻപ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മലദ്വാരത്തിൽ അർബുദ ബാധ കണ്ടെത്തിയത്.
തുടർന്ന്, തിരുവനന്തപുരം ആർസിസിയിൽ ചികിത്സ ആരംഭിച്ചു. ഏപ്രിൽ 3നു ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ഇതിനോടകം മൂന്നുലക്ഷം രൂപ ചെലവായി. നാട്ടുകാരുടെയും മറ്റു സുമനസ്സുകളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്.
സ്വപ്നയും ഭർത്താവ് രാജുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ലക്ഷംവീട് കോളനിയിലെ പണി പൂർത്തിയാകാത്ത കൊച്ചു വീട്ടിലാണ് കഴിയുന്നത്. കൂലിപ്പണിക്കാരനായ രാജുവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. രോഗാവസ്ഥ മൂലം സ്വപ്നയ്ക്ക് ജോലിക്കൊന്നും പോകാനാകില്ല. നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, സ്വപ്നയുടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്.
നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. സ്വപ്ന രാജുവിന്റെ പേരിൽ യൂണിയൻ ബാങ്ക് കുമാരമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ യൂണിയൻ ബാങ്ക്, കുമാരമംഗലം ശാഖ
∙ A/C: 445402010006020
∙ IFSC: UBIN0544540