തൊടുപുഴ ∙ ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവിന്റെ തുടർചികിത്സയ്ക്കായി കുടുംബം സഹായം തേടുന്നു. പെരുമ്പിള്ളിച്ചിറ ചക്കുങ്കൽ ജോസ് ജോസഫിന്റെ മകൻ അലൻ ടോം ജോസ് (21) ആണ് ചികിത്സാ സഹായം തേടുന്നത്. കഴിഞ്ഞ ഡിസംബർ 25 നു രാത്രി 11 മണിയോടെ ഏഴല്ലൂരിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അലനു തലയ്ക്കു ഗുരുതര പരുക്കേറ്റത്. തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച അലനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
ഇതിനു മാത്രം 13 ലക്ഷം രൂപ ചെലവായതായി പിതാവ് ജോസ് പറഞ്ഞു. ഒരു മാസത്തോളം ആശുപത്രിയിലായിരുന്ന അലൻ ഇപ്പോൾ വീട്ടിലാണ്. ആളെ തിരിച്ചറിയാനും സംസാരിക്കാനും കഴിയുന്നുണ്ട്. പരസഹായത്തോടെ പതിയെ നടക്കാനും തുടങ്ങി. ഫിസിയോ തെറപ്പിയടക്കം തുടർ ചികിത്സയ്ക്കും മരുന്നിനുമായി ഇനിയും വലിയൊരു തുക വേണ്ടിവരും. കണ്ണിന് ശസ്ത്രക്രിയയും നിർദേശിച്ചിട്ടുണ്ട്. ഹോം നഴ്സായി ജോലി ചെയ്യുന്ന ജോസിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം.
എന്നാൽ, മകന്റെ ഇപ്പോഴത്തെ അവസ്ഥ മൂലം ജോസിനു ജോലിക്കു പോകാനാകുന്നില്ല. അലന്റെ രണ്ടു സഹോദരങ്ങളും പഠിക്കുകയാണ്. തുടർചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. അലന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസറിന്റെയും അലന്റെ പിതാവ് ജോസ് ജോസഫിന്റെയും പേരിൽ യൂണിയൻ ബാങ്ക് കുമാരമംഗലം ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 445402010014911
ഐഎഫ്എസ്‌സി കോഡ്: UBIN0544540.