Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയില്ലാതെ വിധി; ഇനി പ്രതീക്ഷ സുമനസ്സുകളുടെ കാരുണ്യത്തിൽ

സഹായം തേടുന്ന കലയപുരം പുത്തൻപറമ്പിൽ വീട്ടിൽ ഷിബുരാജനും കുടുംബവും. സഹായം തേടുന്ന കലയപുരം പുത്തൻപറമ്പിൽ വീട്ടിൽ ഷിബുരാജനും കുടുംബവും.

കൊട്ടാരക്കര ∙ ദുരിതങ്ങളുടെ കുത്തൊഴുക്കിൽ പകച്ചുനിൽക്കുകയാണു കലയപുരം പുത്തൻപറമ്പിൽ വീട്ടിൽ ഷിബുരാജനും (34) കുടുംബവും. നിത്യരോഗിയായ ഷിബുവും ഹൃദ്രോഗിയായ നാലു വയസ്സുകാരി മകൾ ശൃംഗയുമടങ്ങുന്ന കുടുംബത്തിന്റെ ഭൂമിയും കൂരയും താമസിയാതെ ബാങ്ക് അധികൃതർ ജപ്തി ചെയ്യും. കുഞ്ഞുമകളുടെ ചികിൽസാ ചെലവിനായി നെട്ടോട്ടം ഓടുന്നതിനിടെയാണ് ഇടിത്തീ പോലെ ജപ്തി ഭീഷണി എത്തിയത്.

ജൻമനാ ഹിമോഫീലിയ രോഗിയായ ഷിബുരാജനു പന്ത്രണ്ടാം വയസ്സിൽ ഇടതുകാലിനു സ്വാധീനം നഷ്ടപ്പെട്ടു. ഓട്ടോഡ്രൈവറായി ജോലി നോക്കിയെങ്കിലും മൂന്നര വർഷം മുൻപുണ്ടായ അപകടത്തിൽ കാലിനു വീണ്ടും പരുക്കേറ്റു. ഇതോടെ ശരീരത്തിന് 75% സ്വാധീനശക്തി നഷ്ടമായി. 2015 ജനുവരി 15നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിച്ചാമ്പലായി. ഭാഗ്യം കൊണ്ടു ഷിബുവും ഭാര്യ ഷീജയും മക്കളായ ഷിൻഡ (എട്ട്) യും ശൃംഗയും പിതാവ് മത്തായിയും മാതാവ് കുഞ്ഞുമോളും അടങ്ങിയ കുടുംബം രക്ഷപ്പെട്ടു.

വീടിനായി ഗ്രാമപ‍ഞ്ചായത്തിൽ നിന്നു രണ്ടു ലക്ഷം രൂപ ലഭിച്ചെങ്കിലും വീട് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നാല് മാസം മുൻപാണു ശൃംഗയ്ക്കു ഹൃദയ തകരാർ കണ്ടുതുടങ്ങിയത്. പരിശോധനകൾ നടന്നുവരികയാണ്. ശസ്ത്രക്രിയ വേണ്ടി വരുമെന്നാണു ഡോക്ടർമാർ പറയുന്നത്. നിത്യചെലവുകൾക്കു പോലും വഴിമുട്ടുന്ന ഷിബുവിനു ചികിൽസാ ചെലവുകളെക്കുറിച്ച് ആലോചിക്കാനാവുന്നില്ല. ഇതിനിടെയാണു കഴി‍ഞ്ഞ 19നു താമരക്കുടി സർവീസ് സഹകരണബാങ്കിൽ നിന്നു വായ്പാ നോട്ടിസ് എത്തിയത്.

ചികിൽസയ്ക്കായി വായ്പയെടുത്ത 1,26,828 രൂപ ഉടൻ അടയ്ക്കണം. ഇല്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യും. ജപ്തി ഒഴിവാക്കണം. കുരുന്നു മകളുടെ ജീവൻ രക്ഷിക്കണം. സ്വന്തം ജീവൻ നിലനിർത്താൻ ചികിൽസ നടത്തണം. വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കണം. ആകെയുള്ള പ്രതീക്ഷ സൻമനസുള്ളവരിലാണ്. ഷിബു രാജനു ഫെഡറൽബാങ്ക് കലയപുരം ശാഖയിൽ അക്കൗണ്ടുണ്ട്. നമ്പർ: 13080100252318. ഐഎഫ്എസ് കോഡ്: എഫ്ഡിആർഎൽ 0001308. ഫോൺ: 9847515888. 

Your Rating: