മണിമല∙ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴവെള്ള സംഭരണി നിർമിച്ച് ശ്രദ്ധേയനായ മേസ്തിരി അർബുദരോഗത്തെ തുടർന്ന് സഹായം തേടുന്നു. കോട്ടയം മണിമല ഏർത്തുവടകര കുന്നുംഭാഗം പാലയ്ക്കൽ കുഞ്ഞപ്പനെന്ന ജോസഫ് ചാക്കോയാണ്(55) കുടലിലും വൃക്കയിലും അർബുദം ബാധിച്ച് ചികില്‍സയിലായത്.
കഴിഞ്ഞ നവംബർ ആദ്യം ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗം മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചോ എന്ന സംശയത്തെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ആർസിസി യിലേക്കു റഫർ ചെയ്തിരിക്കുകയാണ്.
ജോസഫ് ജോലിക്കു പോകാതായതോടെ ഭാര്യ മിനിയും വിദ്യാർഥികളായ മക്കൾ ശിൽപയും, സായന്തും ഉൾപ്പെടുന്ന നാലംഗ കുടുംബം നിത്യവൃത്തിക്കായി പാടുപെടുകയാണ്, രണ്ട് സെന്റ് സ്ഥലവും കൂരപോലെയുള്ള ചെറിയ വീടും മാത്രമാണ് ഈ കുടുംബത്തിന് ആകെയുള്ള സമ്പാദ്യം. ഇടവകയിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ച ചെറിയ സഹായങ്ങൾകൊണ്ടാണ് ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. തിരുവല്ല ബിലിവേഴ്സ് ആശുപത്രി അധികൃതർ ചില ചികിൽസാ ഇളവുകൾ നൽകിയതുകൊണ്ടാണ് ശസ്ത്രക്രിയ നടത്താനായത്. എസ്ബിടി എടയരിക്കപ്പുഴ ശാഖയിൽ കുഞ്ഞപ്പന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Account No: 6730 4653 244.
IFSC SBTR0000376.
കുഞ്ഞപ്പന്റെ ഫോൺ: 9744042862