Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സ്നേഹമിടിപ്പ് നിലയ്ക്കാതിരിക്കാൻ....

joy

കോട്ടയം∙ അച്ഛാ... എന്നു വിളിച്ചു വൈകിട്ട് മക്കൾ വരുമ്പോൾ ജോയി കിടക്കുകയാവും. ആ നെഞ്ചിലേക്ക് ചാഞ്ഞ് സ്കൂളിലെ കഥകൾ അവർ പറയുമ്പോൾ ജോയി ചിരിക്കും...തൊട്ടടുത്ത നിമിഷം ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ട് മക്കൾ ആശ്വസിപ്പിക്കും... വേദനക്കുന്നോ അച്ഛാ... അസുഖം മാറും കേട്ടോ...

അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം ഈസ്റ്റ് 18 ാം വാർഡിൽ ചളമ്പ്രക്കുന്നേൽ വീട്ടിൽ ജോയിയുടെ ഹൃദയത്തിൽ നിറയെ മക്കളോടും കുടുംബത്തോടുമുള്ള അ‌ടങ്ങാത്ത സ്നേഹമാണ്. എന്നാ‍ൽ ആ സ്നേഹമൊന്ന് ചിരിച്ചു കൊണ്ടു പ്രകടിപ്പിക്കാൻ പോലും ജോയിക്കു കഴിയില്ല. കഠിനമായ വേദന ആ ചിരിയെ വിഴുങ്ങിക്കളയും. ഹൃദയത്തിലെ രക്തക്കുഴലുകൾ ക്ഷയിക്കുന്ന അപൂർവവും മാരകവുമായ രോഗമാണ് ജോയിക്ക്.

കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന ജോയിക്ക് അസുഖം കാരണം സർവതും നഷ്ടപ്പെട്ടു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇന്ന് ഇല്ല. നാലും 11 ഉം വയസ്സുള്ള രണ്ടു മക്കളും ഭാര്യയുമൊന്നിച്ച് മാതൃസഹോദരിയുടെ വീട്ടിലാണ് ജോയി താമസിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലാണ് ചികിൽസ. എത്രയും പെട്ടെന്ന് വലിയൊരു ശസ്ത്രക്രിയ വേണമെന്നാണ് ‍ഡോക്ടർമാരുടെ നിർദേശം. അഞ്ചു ലക്ഷത്തിൽ പരം രൂപ ശസ്ത്രക്രിയയ്ക്കു മാത്രമായി ചിലവു വരും. മരുന്നിനും അനുബന്ധ ചിലവുകൾക്കും പിന്നെയും തുക കണ്ടെത്തണം. അപൂർവരോഗത്തിനും ദാരിദ്ര്യത്തിനും മുന്നിൽ ആരും സഹായിക്കാനില്ലാതെ നിസ്സഹായരായി നിൽക്കുകയാണ് ഈ കുടുംബം.

ജോയിയുടെ ഹൃദയമിടിപ്പ് നിലയ്ക്കാതിരിക്കണമെങ്കിൽ സുമനസ്സുകളുടെ കരളലിവു കൂടിയേ തീരൂ... ഈ കുടുംബത്തിന്റെ പ്രതീക്ഷാനാളം കെട്ടു പോകാതിരിക്കാൻ നമുക്ക് കൈകോർക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാന്നാനം ശാഖയിൽ ജോയിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് ഉദാരമായ സഹായങ്ങൾ അയയ്ക്കാം.

ജോയി. കെ. എസ്.

ചളമ്പ്രക്കുന്നേൽ

മാന്നാനം പി.ഒ,

കോട്ടയം.

ഫോൺ: 9895954521

JOY K.S.

ACCOUNT NUMBER- 20326001234

SBI MANNANAM BRANCH, KOTTAYAM

IFSC- SBIN0004395

Your Rating: