Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം അഞ്ചാംവട്ടം വിളിക്കുന്നു; കൃഷ്ണകുമാർ ജയിക്കുമോ?

krishnakumar-thrissur

തൃശൂർ∙ ഇതുവരെ നാലുതവണ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അവസരം വാതിൽക്കൽ വന്നു മുട്ടിവിളിച്ചു. വെറുംകയ്യിൽ പണമില്ലാത്തതിനാൽ അതൊന്നും ഉപയോഗപ്പെടുത്താൻ കൃഷ്ണകുമാറിന് ആയില്ല. ഇത് അവസാന അവസരമാണെന്നു ഡോക്ടർ പറയുന്നു. ഇപ്പോൾ മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും. അഞ്ചാംവട്ടം, അവസാനവട്ടശ്രമം കൂടിയാണ്. ഇത്തവണയും പണം തന്നെ പ്രശ്നം. 20നാണ് ഇത്തവണ ശസ്ത്രക്രിയയ്ക്കു തിയതി നൽകിയത്. വൃക്ക നൽകാൻ സുഹൃത്ത് തയാറായി. പരിശോധനകളെല്ലാം വിജയിച്ചു. ഇന്നലെ ആശുപത്രിയിൽ പ്രവേശിക്കേണ്ടതായിരുന്നു. പക്ഷെ പണം തികയാത്തതിനാൽ നടന്നില്ല.

ഈമാസം അവസാനം ആശുപത്രിയിൽ പണമടച്ച് അഡ്മിറ്റായാൽ അഞ്ചാം അവസരം നൽകാമെന്നു ഡോക്ടർ പറഞ്ഞിരിക്കുന്നു. മൂന്നുവർഷമായി നിരന്തരഡയാലിസിസ് തളർത്തിയ ശരീരവുമായി കൃഷ്ണകുമാർ നാടുമുഴുവൻ ഓടുകയാണ്. ആരെങ്കിലും സഹായിക്കുമോ? ആശുപത്രിയിൽ പ്രവേശിക്കപ്പെടേണ്ട തിയതിയുടെ തലേന്നുവരെ ഓടും... ജീവിക്കാനുള്ള ഓട്ടമാണ്. വിജയിച്ചാൽ ജീവിതം, തോറ്റാൽ മരണം... അത് കൃഷ്ണകുമാർ എന്ന 27 വയസുകാരനു നന്നായറിയാം.

അവിണിശേരി മണ്ണാരംകുന്നത്ത് സുബ്രഹ്മണ്യന്റെ മകൻ കൃഷ്ണകുമാറിന് 24–ാം വയസിലാണ് വൃക്ക പ്രവർത്തനരഹിതമാകുന്നത്. ഡയാലിസിസ് ചെയ്തു ജീവൻ നിലനിർത്തുകയാണ് അന്നുമുതൽ. ഇപ്പോൾ ശരീരത്തിന്റെ ഞരമ്പുകളൊക്കെ എതിർത്തു തുടങ്ങി. കാലുകളിൽ നീരുവന്നു പൊങ്ങുന്നു. ശരീരം തളർന്നു തുടങ്ങി. ഇനി മറ്റുവഴികളൊന്നും മുന്നിലില്ല. ഒൻപതുലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചിലവ്.

ഭാര്യയും നാലുവയസുകാരി മകളും വൃദ്ധമാതാവുമാണ് വീട്ടിലുള്ളത്. അച്ഛൻ അടുത്തിടെ രോഗബാധിതനായി മരിച്ചു. കുടുംബത്തിലെ ഏക അത്താണിയാണു കൃഷ്ണകുമാർ. നാട്ടുകാർ ‘കൃഷ്ണകുമാർ ചികിൽസാ സഹായസമിതി’യുടെ പേരിൽ എസ്ബിടി അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ – 67231486624. ഐഎഫ്എസ് കോഡ്: എസ്ബിടിആർ0000351.

വിലാസം: എം.എസ്. കൃഷ്ണകുമാർ, മണ്ണാരംകുന്നത്ത് വീട്, വെങ്ങിണിശേരി പി.ഒ. പാറളം – 680563 ഫോൺ: 8606575078, 9605051508.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.