Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അമ്മയുടെ വേദന തിരിച്ചറിയൂ; കുഞ്ഞമ്മയെ സഹായിക്കു

kunjamma

ആലപ്പുഴ ∙ പെട്ടെന്നൊരു ദിവസം തളർന്നു വീണപ്പോഴാണ് കുഞ്ഞമ്മ എന്ന എഴുപതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിശോധനയിൽ, ഗർഭപാത്രത്തിലെ അർബുദ ബാധ തിരിച്ചറിഞ്ഞു. ആലപ്പുഴ നഗരത്തിൽ കൊമ്മാടി വാർഡ് പുതുവൽ വീട്ടിൽ കുഞ്ഞമ്മ വീട്ടു ജോലി ചെയ്തു കുടുംബം പുലർത്താനുള്ള നെട്ടോട്ടത്തിനിടയിലാണ് ഗുരുതരരോഗത്തിന്റെ സാന്നിധ്യം മനസിലാക്കിയത്.

വീട്ടിൽ സഹായത്തിനുണ്ടായിരുന്ന മകൻ ജോസിക്ക് മീൻ കച്ചവടത്തിന് പോകുമ്പോള്‍ വാഹനാപകടവുമുണ്ടായി. നടക്കാൻ പറ്റാത്തവിധം അവശതയായതിനെത്തുടർന്നു ഡോക്ടറിന്റെ സഹായത്തോടെ ലഭിച്ച ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇപ്പോൾ നടക്കുന്നത്. അമ്മയ്ക്കും മകനും ജോലി ചെയ്യാനാകാതെ വന്നതോടെ ഒരു വർഷത്തിലേറെയായി കൃത്യമായി ചികില്‍സയ്ക്കു പോകാനാകാതെ അവശനിലയിലാണു കുഞ്ഞമ്മ.

സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ നിലനിൽപ്. എത്രയുംവേഗം ചികിൽസ പുനരാരംഭിക്കണമെന്നാണു ഡോക്ടർമാർ പറയുന്നത്. ജോസിയുടെ ഭാര്യ നേരത്തെ മരിച്ചു. ഏക മകൾ ഇപ്പോൾ അനാഥാലയത്തില‍ാണ്.

ആരുടെയെങ്കിലും സഹായത്തോടെ ആരാധനാലയങ്ങൾക്കു മുന്നിലെത്തി ഉദാരമനസ്കർ നൽകുന്ന സഹായം സ്വീകരിച്ചാണ് കുഞ്ഞമ്മയും മകനും ഉൾപ്പെടുന്ന കുടുംബം ഇപ്പോൾ കഴിയുന്നത്. സുമനസുകൾ സഹായിച്ചാൽ കുഞ്ഞമ്മയ്ക്കു ചികിൽസ തുടരാം, കുടുംബം നോക്കാം. കുഞ്ഞമ്മയുടെ പേരിൽ എസ്ബിഐ കൊമ്മാടി ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ – 32832461550. ഐഎഫ്എസ്‍സി കോഡ് – SBIN 0008187. ഫോൺ : 94473 47277.