Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചുവിന്റെ ജീവതത്തിന് നമുക്ക് കൈത്താങ്ങാകാം

sachu

കട്ടപ്പന∙ രണ്ടര വയസുകാരനായ സച്ചുവിന്റെ ജീവിതത്തിൽ അടുത്ത രണ്ടര വർഷം നിർണായകമാണ്. ഇതിനോടകം മൂന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമായ ഈ കുഞ്ഞു ശരീരം ആരോഗ്യമുള്ള വ്യക്തിയായി മാറണമെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമാണ്. അഞ്ചു വയസ്സിനു മുമ്പ് ലഭിക്കുന്ന ചികിത്സയിലൂടെ മാത്രമേ സച്ചുവിന് എഴുന്നേറ്റു നിൽക്കാനുള്ള കരുത്തുപോലും ലഭിക്കുകയുള്ളെന്ന് ഡോക്ടർമാരും പറയുന്നു. കൊച്ചറ ചേറ്റുകുഴി കക്കാട്ടൂർ സോബിൻ- അനിത ദമ്പതികളുടെ ഏക മകനാണ് സച്ചു.

സച്ചു ജനിച്ചതു മുതൽ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടായതോടെ ചികിത്സയ്ക്കായി വൻതുക ഇതിനോടകം ചിലവായി. ആകെയുണ്ടായിരുന്ന മൂന്നുസെന്റ് ഭൂമിയും ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷയും വിറ്റ് സോബിൻ മകനെ ചികിത്സിച്ചു. ഇനി സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയും കൃത്യമായി നടത്തിയാൽ മാത്രമേ സച്ചുവിന് ആരോഗ്യവും സംസാരശേഷിയും കൈവരിക്കാനാകൂ. നിത്യ ചെലവിനുപോലും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ യാതൊരു മാർഗവുമില്ല.

ഗർഭിണിയായിരുന്ന സമയത്ത് വിവിധ ശാരീരിക പ്രശ്‌നങ്ങളാൽ ആറാം മാസം മുതൽ അനിത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സച്ചു ജനിച്ച് രണ്ടാമത്തെ ദിവസം ഫിക്‌സ് വന്നതോടെ വിദഗ്ധ പരിശോധന നടത്തിയപ്പോൾ വിവിധ ശാരീരിക പ്രശ്‌നങ്ങൾ കണ്ടെത്തി. തലയ്ക്കുള്ളിൽ വെള്ളക്കെട്ടും പുറത്ത് ഞരമ്പുകൾ കൂടിച്ചേർന്നുണ്ടായ മുഴയും കാലുകൾക്ക് ബലക്ഷയവും കണ്ടെത്തിയതോടെ ചികിത്സയ്ക്കായി വൻതുക കണ്ടെത്തേണ്ട സ്ഥിതിയായി. മൂന്നര മാസം പിന്നിട്ടതോടെ പുറത്തുള്ള മുഴ മാറ്റാനായി ആദ്യ ശസ്ത്രക്രിയ.

ഏഴാം മാസത്തിൽ തലയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും 10-ാം മാസത്തിൽ കാലിലെ ബലക്ഷയത്തിനും കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയിൽ നിന്ന് മൂത്രാശയത്തിലേയ്ക്ക് ഇട്ടിരിക്കുന്ന ട്യൂബ് ഇതുവരെ നീക്കിയിട്ടില്ല. ഇത് നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടന്നിട്ടില്ല. ഒരുവയസ്സ് കഴിഞ്ഞതോടെ കുട്ടി കമിഴ്‌ന്നെങ്കിലും ഇടയ്ക്കിടെ ഫിക്‌സ് വരുന്നത് മാതാപിതാക്കളുടെ ആശങ്ക വർധിപ്പിക്കുന്നു. ചെറിയൊരു പനി ബാധിച്ചാൽ പോലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ട ഗതികേടാണ്. ‌

സോബിന്റെ പിതൃമാതാവ് തങ്കമ്മയോടൊപ്പമാണ് ഇവർ ചേറ്റുകുഴിയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ മൂന്നുസെന്റ് ഭൂമി ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ വിൽക്കേണ്ടി വന്നു. തങ്കമ്മയുടെ മകളും മരുമകനും മരണപ്പെട്ടതിനാൽ ഇൗ ദമ്പതികളുടെ രണ്ടു മക്കളും തങ്കമ്മയോടൊപ്പമാണ് കഴിയുന്നത്. എല്ലാവർക്കും ഒന്നിച്ചു താമസിക്കാനുള്ള സൗകര്യമില്ലാതെ വന്നതോടെ വായ്പയായും മറ്റും തങ്കമ്മ തരപ്പെടുത്തിയ നൽകിയ 50,000 രൂപ നൽകി ഒരു വീട് ഒറ്റിക്കെടുത്താണ് സോബിനും കുടുംബവും ഇപ്പോൾ ചേറ്റുകുഴി അപ്പാപ്പിക്കടയിൽ കഴിയുന്നത്. ഈ തുക തിരിച്ചടയ്ക്കാനും മകന്റെ ചികിത്സയ്ക്കും നിത്യവൃത്തിക്കുമായി വൻതുക കണ്ടെത്തേണ്ട സ്ഥിതിയിലാണ് സോബിൻ.
കൃത്യമായ രീതിയിൽ തുടർ ചികിത്സ ലഭിക്കാത്തതിനാൽ സച്ചുവിന്റെ കാലുകൾക്ക് ബലം വന്നിട്ടില്ല. കുട്ടിയെ എഴുന്നേൽപ്പിച്ചു നിർത്താനുള്ള ബെൽറ്റ് കാരുണ്യ മനസ്‌കരുടെ സഹായത്താൽ ലഭിച്ചിരുന്നു. ഇനി നടക്കാനുള്ള ബെൽറ്റ് വാങ്ങണം. കൂടാതെ എല്ലാ ദിവസവും ആശുപത്രിയിലെത്തിച്ച് സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ചെയ്യണം.

കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് സോബിനുള്ളത്. കാരുണ്യമനസ്‌കരുടെ സഹായം പ്രതീക്ഷിച്ച് സോബിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കട്ടപ്പന ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 0603053000006737. ഐഎഫ്എസ്‌സി: എസ്‌ഐബിഎൽ0000603. ഫോൺ: 9447313372.

Your Rating: