Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ രോഗിയായ ഈ അമ്മയുടെ പോരാട്ടം കുടുംബം പോറ്റാൻ

Saraswati സരസ്വതിയും കുടുംബവും തൃപ്പൂണിത്തുറ വലിയതറയിലെ ഒറ്റമുറിവീട്ടിൽ

തൃപ്പൂണിത്തുറ ∙ ചെളിയിൽ കുത്തിവച്ചിരിക്കുന്ന നാലു മരക്കാലുകളിൽ ആണ് ഈ കൂരയുടെ നില്പ്. ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥ. നാലുപേർ കഴിഞ്ഞുകൂടുന്ന ഒറ്റമുറിക്കൂരയുടെ ആലംബം ഈ വീട്ടിലെ ഗൃഹനാഥയായ സരസ്വതിയും. കാൻസർ രോഗിയായ സരസ്വതി ‘എനിക്കു തീരെ വയ്യല്ലോ’ എന്നു പറഞ്ഞൊന്നു തിരിഞ്ഞു കിടന്നാൽ എല്ലാം താളം തെറ്റും. അതുകൊണ്ട് എത്ര വയ്യെങ്കിലും സരസ്വതി സ്റ്റാച്ചുവിലേക്കുപോകും. അവിടെ നടത്തുന്ന പെട്ടിക്കടയാണ് വരുമാന മാർഗം. ‘‘ഒന്നു നിവർന്നു നിൽക്കാൻ ത്രാണിയുണ്ടെങ്കിൽ ഞാൻ കടയിലേക്കു ചെല്ലും. അധികം സാധനങ്ങളൊന്നുമില്ല. പഴവും സോപ്പും ബ്ലേഡും പിന്നെ കുറച്ചു ലോട്ടറിയും. എന്തെങ്കിലുമൊക്കെ വിറ്റ് വൈകുന്നേരമാകുമ്പോഴേയ്ക്കും പത്തിരുന്നൂറു രൂപയുണ്ടാക്കും. അതുകൊണ്ടു വേണം അന്നന്നത്തെ കാര്യങ്ങൾ കഴിയാൻ- സരസ്വതി പറയുന്നു.

ഓട്ടിസം ബാധിച്ച മുപ്പതുകാരനായ മകനും മരത്തിൽനിന്നു വീണ് നടുവിനു ഗുരുതരമായി പരിക്കേറ്റ് കട്ടിലിൽ തന്നെ കഴിയുന്ന ഭർത്താവും പ്രായമായ അമ്മയുമാണ് സരസ്വതിക്കൊപ്പം ഈ വീട്ടിലുള്ളത്. കാൻസർ ചികിത്സയുടെ ഭാഗമായി അഞ്ചുതവണയാണ് ഈ വീട്ടമ്മ ശസ്ത്രക്രിയ്ക്കു വിധേയയായത്. ഇപ്പോഴും രോഗം പൂർണമായും ഭേദമായിട്ടില്ല. ശരീരവേദന ഉൾപ്പെടെയുള്ള അനുബന്ധ അസുഖങ്ങളും അലട്ടുന്നു. ഇതെല്ലാം മറന്നാണ് കുടുംബത്തെ പോറ്റാനുള്ള ഓട്ടം. ഭർത്താവിന്റെയും മകന്റെയും പ്രാഥമികകൃത്യങ്ങളുൾപ്പെടെയുള്ള എല്ലാ ആവശ്യത്തിനും സരസ്വതി വേണം. അഴുക്കും ചെളിയും നിറഞ്ഞ പരിസരം നീന്തിക്കടന്ന് ദൂരെപോയി നല്ല വെള്ളം എടുക്കണം. പാചകവും കിടപ്പുമെല്ലാം ഒരേ മുറിയിൽതന്നെയാണ്. ഒരു മകളെ വിവാഹം കഴിച്ചയച്ചു. തങ്ങളുടെ കാലശേഷം മകന് ആരു കൂട്ടുണ്ടാകുമെന്നാണ് ഈ അമ്മയുടെ ആശങ്ക. കയറിക്കിടക്കാൻ ഒരു വീടുണ്ടായിരുന്നെങ്കിൽ ജീവിതത്തോടു പട വെട്ടാൻ കുറച്ചുകൂടി ധൈര്യം കിട്ടിയേനെെയന്നു സരസ്വതി പറയുന്നു. 2,000 രൂപ വാടക നൽകിയാണ് ഇപ്പോൾ കഴിയുന്നത്. കൊച്ചുകൊച്ചു സമ്പാദ്യങ്ങളിൽ നിന്നും സഹായങ്ങളിൽ നിന്നും സ്വരുക്കൂട്ടിവച്ച 60,000 രൂപകൊണ്ട് ഒരു തുണ്ട് സ്ഥലത്തിനായി ഏറെ അലഞ്ഞതാണ്. ആ പണം പിന്നീടു ചികിത്സക്കായി നീക്കിവച്ചു. ഒരു കൂര സ്വന്തമാക്കാൻ സഹായം കിട്ടുമോ എന്നന്വേഷിച്ച് പല സർക്കാർ ഓഫിസുകളും കയറിയിറങ്ങിയെങ്കിലും ഒരു ഫലവും കണ്ടില്ല.

ദുരിതജീവിതങ്ങളുടെ കഥകളൊട്ടേറെ പത്രങ്ങളിൽ അച്ചടിച്ചുവരുന്നത് സരസ്വതി കണ്ടിട്ടുണ്ട്. വായനക്കാരുടെ സഹായത്താൽ രക്ഷപെട്ടവരുടെ കഥകളും കേട്ടിട്ടുണ്ട്. അങ്ങനെ തങ്ങളുടെ ജീവിതത്തിന്റെ കഥ കൂടി വന്നാൽ തന്റെ മകന് ഒരു കിടപ്പാടത്തിനുള്ള സഹായം സുമനസുകൾ തരാതിരിക്കുമോ എന്നാണ് സരസ്വതിയുടെ ചോദ്യം. സരസ്വതിയെ സഹായിക്കാൻ സന്മസുള്ളവർക്ക് ഇതോടൊപ്പമുള്ള ഫോൺ നമ്പറിൽ വിളിക്കാം. അതല്ലെങ്കിൽ ഇതോടൊപ്പമുള്ള ബാക്ക് അക്കൗണ്ടിൽ ആവുന്നതു നൽകാം.

എസ്ബിടി തൃപ്പൂണിത്തുറ
അക്കൗണ്ട് നമ്പർ-67306092738
ഐഎഫ്എസ്ഇ കോഡ്- 0000156,
ഫോൺ-9605983978

Your Rating: