Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരാൾ കണ്ണുചിമ്മിയപ്പോൾ കണ്ടത്

Renjith

ഈയിടെ ഞാൻ കൊച്ചിയിൽ ലളിത സുന്ദരമായൊരു പുസ്തകപ്രകാശന സന്ധ്യയിൽ പങ്കെടുക്കാനിടയായി, പുസ്തകത്തിനുമുണ്ട് അതേ സൗന്ദര്യം. പ്രശസ്ത സംവിധായകനായ രഞ്ജിത്തിന്റെ ‘ കണ്ണു ചിമ്മുമ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു അത്.

ആ പുസ്തകം അദ്ദേഹത്തിന്റെ പംക്തികളുടെ സമാഹാരമാണ്. പക്ഷേ, കൗതുകം മറ്റൊന്നിലാണ്. മലയാള മനോരമയും മാതൃഭൂമിയും ആദ്യമായി ഒരുമിക്കുന്ന പുസ്തകമായിരുന്നു അത്.

എങ്ങനെയെന്നല്ലേ? പ്രതിവാരം മനോരമ പത്രത്തിലും മാസത്തിലൊരിക്കൽ മാതൃഭൂമിയുടെ ‘ഗൃഹലക്ഷ്മിയിലും വന്ന രഞ്ജിത് കുറിപ്പുകളുടെ സമാഹാരമായിരുന്നു അത്.

ഇരു പത്രങ്ങളുമായി ബന്ധപ്പെട്ട വേറൊരു ഒരുമിക്കൽ ആ പുസ്തകപ്രകാശനത്തിലുമുണ്ടായി. കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിനെപ്പറ്റി ബ്രസീലിൽ നിന്ന് മാതൃഭൂമിക്ക് എഴുതിയിരുന്നത് രഞ്ജിത് ആണ്. ആ ലോക കപ്പ് അനുഭവങ്ങൾ മനോരമയിലെഴുതിയത് മോഹൻലാലും. അന്നത്തെ ലാലിന്റെ സുന്ദരമായ കുറിപ്പുകൾ കണ്ട് ‘ ഭാവിയുള്ള ചെറുപ്പക്കാരൻ എന്നു തോന്നിയതുകൊണ്ടാവണം ‘കണ്ണു ചിമ്മുമ്പോൾ പ്രകാശിപ്പിക്കാൻ രഞ്ജിത് വിളിച്ചത് മോഹൻലാലിനെയാണ്. പുസ്തകം ഏറ്റുവാങ്ങാൻ എന്നെയും.

രഞ്ജിത് ആദ്യമായി ഒരു പത്രത്തിലെഴുതിയ കോളമായിരുന്നു മനോരമയിലേത്. അഡ്വാൻസ് വാങ്ങാതെ ആദ്യമായി താൻ എന്തെങ്കിലും എഴുതുന്നതും അതാണെന്നു രഞ്ജിത് സരസമായി പറയുകയും ചെയ്തു. നൂറു തിരക്കിനിടയിലായ തന്നെക്കൊണ്ട് ഓരോ ആഴ്ചയും ആ കോളം എഴുതിപ്പിച്ച നിർബന്ധകഥയും അദ്ദേഹം ഓർമിച്ചു. രഞ്ജിത്തിന്റെ അടുത്ത സുഹൃത്തും മനോരമയിലെ എന്റെ സഹപ്രവർത്തകനുമായ ഹരികൃഷ്ണനായിരുന്നു ആ നിർബന്ധത്തിന്റെ ചുമതലക്കാരൻ. ഓരോ ആഴ്ചയും കോളം എഴുതിയയുടൻ ഹരികൃഷ്ണനെ വായിച്ചുകേൾപ്പിച്ചിരുന്ന രഞ്ജിത് അതിനുശേഷം പോലും അതിലെ പദങ്ങളിലും വാക്യങ്ങളിലും വരുത്തിക്കൊണ്ടിരുന്ന മാറ്റങ്ങൾക്കു പിന്നിലെ സമർപ്പണം തനിക്കു പ്രതിവാര വിസ്മയം പകർന്നിരുന്ന കാര്യം ഹരി എന്നോടു പറഞ്ഞിട്ടുണ്ട്.

ചെയ്യുന്ന കാര്യത്തോടുള്ള ആ സമർപ്പണമാണ് രഞ്ജിത്തിനെ ഇന്നു മലയാള സിനിമയുടെ പ്രധാനികളിലൊരാളാkക്കി മാറ്റിയതെന്ന് ഞാൻ വിശ്വസിക്കുന്നു. എംടിക്കും പത്മരാജനുമൊപ്പം നമ്മുടെ മികച്ച തിരക്കഥാകാരനെന്ന പദവിയാണ് രഞ്ജിത്തിനു കിട്ടിയത്. അവർ ഇരുവരും സാഹിത്യത്തിൽ എത്രയോ കയ്യൊപ്പിട്ടശേഷമായിരുന്നു സിനിമയിലെത്തിയത് എന്നിരിക്കെ രഞ്ജിത്താകട്ടെ വാഗ്ദേവത സമ്മാനമായി നൽകിയ ആ പേനയുമായി നേരെ സിനിമയെഴുതാൻ എത്തുകയായിരുന്നു.

രഞ്ജിത്തിനെ മലയാള സിനിമയ്ക്കു നൽകിയത് ഒരു കുപ്പി ഷിവാസ് റീഗലാണെന്നു കൂടി അറിയുമ്പോഴോ? സ്കൂൾ ഓഫ് ഡ്രാമയിലെ പഠനമൊക്കെ കഴിഞ്ഞ് ഒരിക്കൽ, ആത്മസുഹൃത്ത് അലക്സ് കടവിലിന്റെ അച്ഛൻ നൽകിയ ഷിവാസ് റീഗൽ കഴിച്ചിരിക്കെ രഞ്ജിത് പറഞ്ഞ ഒരു കഥ അലക്സിനങ്ങ് ഇഷ്ടപ്പെട്ടു. ആ കഥ സിനിമയാക്കാൻ ആ രാത്രി തന്നെ ചങ്ങാതിക്കൂട്ടത്തിൽ പ്രാഥമിക തീരുമാനമായി. വി ആർ ഗോപിനാഥിന്റെ സംവിധാനത്തിൽ 1987ൽ ചെയ്ത ആ സിനിമ:‘ ഒരു മെയ്മാസ പുലരിയിൽ.

കഴിഞ്ഞ ഒൻപതു വർഷമായി വർഷത്തിലൊരു സിനിമ മാത്രമാണു രഞ്ജിത് സംവിധാനം ചെയ്യുന്നത്. അതും കച്ചവട സമവാക്യങ്ങളെ കഴിയുന്നതും തിരശീലയ്ക്കു പുറത്തു നിർത്താൻ ശ്രമിക്കുന്ന സിനിമകൾ. നരസിംഹം, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിന്റെ ബോക്സ് ഓഫിസ് ചരിത്രം തന്നെ തിരുത്തിയെഴുതി, തിരക്കഥയ്ക്കു പൊൻവിലയുണ്ടാക്കിയ ഒരാൾ എന്തിനു വലിയ സിനിമകൾ വേണ്ടെന്നുവച്ചു? കച്ചവട സിനിമകളുടെ ആവശ്യക്കാർ ക്യൂ നിന്ന സർഗ ശേഷിയുടെ മധ്യാഹ്നത്തിലായിരുന്നു ആ നിരാകരണമെന്നതും വ്യത്യസ്തമായി. ആ വ്യത്യസ്തതയിൽ വ്യക്തമായ സാമൂഹിക ബോധം കൂടി ഇഴചേരുമ്പോഴാണ് ഈ പുസ്തം പോലുള്ളവ ഉണ്ടാവുന്നത്.

അപൂർവമായ സർഗാത്മക നിരീക്ഷണങ്ങൾ കൊണ്ടു സമ്പന്നമാണ്. ‘ കണ്ണു ചിമ്മുമ്പോൾ എന്ന പുസ്തകം.

തന്റെ അമ്മയുടെ നാടായ പേരാമ്പ്രയെക്കുറിച്ചുള്ള രഞ്ജിത്തിന്റെ കാഴ്ച എനിക്കു തന്ന കൗതുകം കുറച്ചൊന്നുമല്ല: പേരാമ്പ്ര എന്ന സ്ഥലനാമത്തിൽ ‘ പ കഴിഞ്ഞ് ഒരു ദീർഘമിട്ടാൽ അവരുടെ ഭാഷയിൽ അതു ‘പോരാമ്പ്ര എന്നാവും. അതിനർഥം, ‘കൂടെ വരാൻ പറയൂ എന്നാണ്. ഇനി പേരാമ്പ്രയിലെ ‘രയ്ക്കു പകരം ‘ വ ഇടുക. ഒപ്പം ‘ പ കഴിഞ്ഞ് അതേ ദീർഘവും. ‘ പോവാ മ്പ്ര എന്നാവും. അതിനർഥം ‘ പോവാൻ പറയൂ എന്നാണ്. ‘ഓനോട് പോവാമ്പ്ര അല്ലെങ്കിൽ ‘ ഓളോട് പോവാമ്പ്ര, തീർന്നില്ല. രഞ്ജിത്തിന്റെ പഞ്ച് ലൈൻകൂടി കേൾക്കണം: സ്വീകരണവും നിരാസവും സ്വന്തം സ്ഥലനാമത്തിൽ അടക്കം വച്ച സ്വതന്ത്ര റിപ്പബ്ലിക്കാണു പേരാമ്പ്ര!

തനിക്കു ചുറ്റുമുള്ള ജീവിതങ്ങളെ ഒരു ചലച്ചിത്രകാരൻ എങ്ങനെയാണു നിരീക്ഷിക്കുന്നതെന്നറിയാൻ രഞ്ജിത് ഈ പുസ്തകത്തിൽ പറഞ്ഞൊരു അനുഭവം അടയാളം തരുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തിന്റെ സൗന്ദര്യം ഞാൻ മാറ്റിയെഴുതുമ്പോൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അത് അങ്ങനെതന്നെ പകർത്തട്ടെ.:

‘ഇന്ന് ഒരു ഫോണിനൊപ്പം ക്യാമറ കൂടി കിട്ടുമ്പോൾ മലയാളിക്ക് അത് അപരനിലേക്ക് സൂം ചെയ്യാൻ കഴിയുന്ന ഒരു ഒളിനോട്ടയന്ത്രം മാത്രം. എന്റെ സിനിമയുടെ ഷൂട്ട് തുടങ്ങി അധികം നാളാവുംമുമ്പേ ഒരു പുലർകാലത്ത് ടെലിഫോണിലൂടെ വന്ന സന്ദേശം ജ്യേഷ്ഠസ്ഥാനീയനായ ചലച്ചിത്ര സംവിധായകൻ ജോഷിയേട്ടന്റെ മകൾ ഒരു കാറപകടത്തിൽ നഷ്ടപ്പെട്ട വിവരമാണ്... ഒരു ചെറു കാറിനുള്ളിൽ കുരുങ്ങി ശ്വാസം വെടിഞ്ഞ മകളുടെ രൂപം, തകർന്ന ശരീരം കാണണ്ട എന്നു സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ഹതഭാഗ്യരായ ആ അച്ഛനും അമ്മയും അതനുസരിച്ചു. ചെന്നെയിൽ നിന്ന് അവളെ വീട്ടിലെത്തിച്ചപ്പോൾ കൂടി നിൽക്കുന്ന ജനക്കൂട്ടത്തെ നോക്കി ജോഷിയേട്ടൻ ആരോടോ പറഞ്ഞുവത്രെ-നോക്കിക്കോളണേ, ആരും മൊബൈൽ ക്യാമറയിൽ ഫോട്ടോ എടുക്കാതെ.

കാണാൻ ത്രാണിയില്ലാത്ത, അച്ഛനും അമ്മയും കൺ തിരിച്ച ആ മുഖം പകർത്താൻ ഒരു മൊബൈൽ ഫോൺ ക്യാമറയുടെ ഇത്തിരിക്കണ്ണുമതി.

‘ കണ്ണേ മടങ്ങുക... എന്നു പറഞ്ഞിയിടത്തുനിന്നുകൊണ്ട് ഇങ്ങനെ പറയേണ്ടിവരുന്നു. പ്ലീസ് സ്വിച്ചോഫ് യുവർ മൊബൈൽ ഫോൺ ക്യാമറ. എല്ലാം സംപ്രേക്ഷണത്തിനുള്ളതല്ല; ചിലപ്പോൾ, ചിലപ്പോൾ മാത്രം മനുഷ്യജീവിതം സ്വകാര്യതയിലേക്കു മറയാനും കൂടിയുള്ളതാണ്. അതു തിരിച്ചറിയുക... അതിലേക്കു കണ്ണു നീട്ടാതിരിക്കുക.

സുഹൃത്തുക്കളെ, ഞാൻ വായിച്ചിട്ടില്ല, മൊബൈൽ ക്യാമറയുടെ ക്രൂരമായ അതിരുവിടലിനെക്കുറിച്ച് ഇത്രയും ഹൃദയസ്പർശിയായൊരു അനുഭവം!

അന്ന് അവിടെ എത്തിയ എല്ലാ പത്രലേഖകരും ‘മിസ് ചെയ്ത വാചകം.

Your Rating: