Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യയാത്രകൾ

സൗജന്യയാത്രകൾ

‘വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കൽപ വായു വിമാനത്തിലേറിയാലും എന്നു കവി പാടിയതിനെയൊന്നു മാറ്റിയാൽ: വായനക്കാർkക്കിഷ്ടമാണെങ്കിൽ, 1959 ജൂലൈ 12 ലെ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലേറിയാലും!

എന്താണ് ആ ദിവസത്തിലേക്കു പിൻപറക്കുന്നതു കൊണ്ടുള്ള ഗുണമെന്നോ? ഒരു ചരിത്രം പിറന്നതിനു സാക്ഷിയാവാം. വെറുതെ പറഞ്ഞതല്ല, അന്നു ശരിക്കും ചരിത്രം പിറക്കുക തന്നെയായിരുന്നു!

ബർമയിലെ റംഗൂണിൽ നിന്ന് കൊൽക്കത്തയിലേക്കു പറക്കുകയായിരുന്നു ആ വിമാനം. ബംഗാൾ ഉൾക്കടലിനു മുകളിൽ 17,000 അടി ഉയരത്തിലെത്തിയപ്പോൾ വിമാനത്തിനകത്ത് ഒരു സ്ത്രീ പ്രസവവേദനയുടെ മൂർധന്യത്തിലെത്തി. ക്യാപ്റ്റൻ വസിം പിന പുറത്തുവന്ന്, ആ അപൂർവ സാഹചര്യം കൈകാര്യം ചെയ്യാനുള്ള നടപടികൾക്കു സ്വയം നേതൃത്വം നൽകാൻ തുടങ്ങി.

അങ്ങനെയൊരു സാഹചര്യം ആദ്യമായി അഭിമുഖീകരിക്കുകയായിരുന്നു വിമാന ജോലിക്കാർ. എന്തിന്, ഒരു ഇന്ത്യൻ വിമാനവും ഒരു പ്രസവത്തിന് അതുവരെ സാക്ഷ്യം വഹിച്ചിരുന്നില്ല.

അങ്ങനെ, വൈകിട്ട് 4.15ന് അവൻ പിറന്നു.

ഇന്ത്യയിലാദ്യമായി വിമാനത്തിൽ ജനിച്ച ആ കുട്ടിക്ക് അവരെല്ലാവരും ചേർന്നു പേരിട്ടു: വൈക്കൗണ്ട് വിമാൻ റാവു!

എന്തായാലും വിമാൻ റാവുവിന് കുശാലായി. ആദ്യമായി ഇന്ത്യൻ വിമാനത്തിൽ ജനിച്ച കുട്ടിക്കായി ഇന്ത്യൻ എയർലൈൻസ് പ്രഖ്യാപിക്കുന്നു: ഈ വിമാനക്കുട്ടന് ഇനിയെന്നും ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളിൽ സൗജന്യയാത്ര!

അന്നൊക്കെ വലിയ വാർത്തയായിരുന്നു അത്യപൂർവ വിമാനപ്രസവം. രാജ്യങ്ങളുടെ മുകളിലൂടെ പറക്കുന്ന വിമാനത്തിൽ പ്രസവിച്ച കുട്ടിയുടെ പൗരത്വം ഏതെന്നു തുടങ്ങിയ ചൂടേറിയ വാർത്തകളിലും ചിന്തകളിലും പത്രങ്ങൾ കോളങ്ങൾ ചെലവാക്കി. പിന്നെപ്പിന്നെ, വിമാനത്തിൽ പിറക്കുന്ന കുട്ടിക്കുള്ള ജീവിതകാല യാത്രാസൗജന്യത്തിലും വാർത്താപ്രാധാന്യത്തിലുമൊക്കെ താൽപര്യം പൂണ്ടു നിറഗർഭിണികൾ വിമാനപ്രസവം ശീലമാക്കിയതോടെ വിമാനക്കമ്പനികൾ സൗജന്യം മാത്രമല്ല, ഏഴുമാസം കഴിഞ്ഞ ഗർഭിണികൾക്കു യാത്രാ വിലക്കും കൽപിച്ചു. എന്നിട്ടും ചില പ്രസവങ്ങൾ ആകാശത്തു നടന്നതിനു കാരണം ഗർഭമാസം കുറച്ചു പറഞ്ഞു വിമാനക്കമ്പനികളെ പറ്റിച്ചതു കൊണ്ടാണ്. ആകാശശിശുക്കൾക്കുള്ള യാത്ര സൗജന്യം പിൻവലിക്കാൻ മറ്റൊരു കാരണം, വിമാൻ റാവുവിന്റെ കാലത്തു രണ്ടോ മൂന്നോ വിമാനങ്ങൾ മാത്രമുണ്ടായിരുന്ന ഇന്ത്യൻ എയർലൈൻസ് പോലുള്ള കമ്പനികൾ പിന്നീട് സർവീസുകളും ദേശത്തും വിദേശത്തും യാത്രാ ലക്ഷ്യങ്ങളും കൂട്ടിയതുകൂടിയാണ്. ഏതു വിമാനത്തിലും എവിടേക്കും സൗജന്യം എന്നതു മുതലാവില്ലെന്നു വിമാനക്കമ്പനികൾ തിരിച്ചറിഞ്ഞു!

കമലാപതി ത്രിപാഠി കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തോടു മഹാകവി പി കുഞ്ഞിരാമൻ നായർ ഒരു അഭ്യർഥന നടത്തി: തീവണ്ടിയിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച്, കൺനിറയെ കാഴ്ചകൾകണ്ട് കവിതയ്ക്കുള്ള വകയുണ്ടാക്കാൻ എനിക്കൊരു സൗജന്യ ഒന്നാം ക്ലാസ് പാസ് വേണം. ഒട്ടും വൈകാതെ പാസ് കവിയുടെ കയ്യിലേക്കു കൂകിവിളിച്ചെത്തി!

ഇതിൽ ആവേശം കൊണ്ടാകണം, ആർ ബാലകൃഷ്ണപിള്ള സംസ്ഥാന ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കുമ്പോൾ 1976ൽ ആജീവനാന്ത സൗജന്യയാത്രയ്ക്കുള്ള ഒരു ഉത്തരവിറക്കി. കെഎസ്ആർടിസി ബസുകളിലെ ആ സൗജന്യം കവികൾക്കായിരുന്നില്ല, കേരളത്തിലെ മുൻ ട്രാൻസ്പോർട്ട് മന്ത്രിമാർക്കായിരുന്നുവെന്നു മാത്രം!

ട്രാൻപോർട്ട് കോർപറേഷൻ 1965ൽ -സംഘടിപ്പിക്കപ്പെട്ടതിനുശേഷം ട്രാൻസ്പോർട്ട് മന്ത്രിമാരായിരുന്ന ഇ കെ ഇമ്പിച്ചിബാവ, കെ എം ജോർജ്, പി എസ് ശ്രീനിവാസൻ, എം എൻ ഗോവിന്ദൻ നായർ എന്നിവർക്കായിരുന്നു ഉടൻ യാത്രാസൗജന്യം പ്രഖ്യാപിച്ചത്. മുൻ മന്ത്രിയാകുമ്പോൾ ബാലകൃഷ്ണപിള്ളയ്ക്കും ഭാവിയിൽ മുൻ ട്രാൻസ്പോർട്ട് മന്ത്രിമാരായിത്തീരുന്നവർക്കും ബസ്സുകളിൽ സൗജന്യയാത്ര അനുവദിക്കാമെന്നു കൂടി കോർപറേഷൻ തീരുമാനിച്ചു.

ഞാനോർക്കാറുണ്ട്, അതിൽപ്പിന്നെ എത്ര ട്രാൻസ്പോർട്ട് മന്ത്രിമാർ ആ സൗജന്യത്തിന്റെ സീറ്റിലിരുന്ന് കെ എസ് ആർ ടി സിയിൽ സഞ്ചരിച്ചിരിക്കും? ഇപ്പോഴത്തെ മന്ത്രിമാരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട: അവർ കെ എസ് ആർ ടിസി ബസ് സ്റ്റാൻഡ് കണ്ടിട്ടു തന്നെ കാലമേറെയായിട്ടുണ്ടാവും.

കഥയുടെ ഈ സന്ധിയിലാണു ഞാൻ എ അച്യുതനെ ഓർക്കേണ്ടത്. തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭകളിലേക്കു നാലു തവണ തിരഞ്ഞെടുക്കപ്പെടുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്ത, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ എ. അച്യുതൻ മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിപ്പോയതിന്റെ പിറ്റേന്നു മുതൽ ഒരു കാലൻ കുടയുമായി തിരുവനന്തപുരത്തെ തെരുവീഥികളിലൂടെ നടന്നുപോകുന്നത് ഒരു പതിവുകാഴ്ചയായിരുന്നു. അദ്ദേഹത്തിന്റെ നഗരം വിട്ടുള്ള യാത്രകളെല്ലാം ബസ്സിലായിരുന്നുതാനും. വിധി വൈപരീത്യമെന്നു തന്നെ പറയണം. ആ മുൻ ട്രാൻസ്പോർട്ട് മന്ത്രിയുടെ അന്ത്യത്തിനു കാരണമായ അവസാന യാത്രയും സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സിലായിരുന്നു!

ആ യാത്ര അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചു മരണവും സംഭവിച്ചു.

ദീർഘദൂര ബസ്സിൽ യാത്ര ചെയ്യവെ, മൂത്രമൊഴിക്കണമെന്നു തോന്നിയ ആ എഴുപതുകാരനുവേണ്ടി ബസ് നിർത്തിക്കൊടുക്കാൻ കണ്ടക്ടർ സമ്മതിക്കാത്തതാണ് അദ്ദേഹത്തിന്റെ മരണം വേഗത്തിലാക്കിയെന്ന് പി. വിശ്വംഭരൻ എഴുതിയിട്ടുണ്ടെന്ന് അച്യുതന്റെ മകൻ എ. അയ്യപ്പന്റെ ഓർമക്കുറിപ്പുകളിലുണ്ട്.

അച്യുതന്റെ ബസ്സനുഭവങ്ങൾ ഇനിയുമുണ്ട്. 1957ലും 1960ലും തിരഞ്ഞെടുപ്പുകളിൽ തോറ്റശേഷമൊരിക്കൽ അച്യുതൻ തിരുവനന്തപുരത്തേക്കു പോകാൻ ഹരിപ്പാട്ടുവച്ച് കൈ കാണിച്ചതു ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ കണ്ടിട്ടും വണ്ടി നിർത്തിയില്ല; ബസ്സിൽ ആളു കുറവായിരുന്നിട്ടുകൂടി. അച്യുതൻ മന്ത്രിയായിരിക്കെ തിരു-കൊച്ചിയിലേക്കു കൊണ്ടു വന്ന മേഴ്സിഡീസ് ബൻസ് ബസ്സിൽ സുഖമായിരുന്ന്, അച്യുതന്റെ കൺമുന്നിലൂടെ ഡ്രൈവർ ഓടിച്ചു പോയി. അച്യുതൻ പരാതിക്കൊന്നും പോയില്ല. പക്ഷേ, വിവരമറിഞ്ഞ ട്രാൻസ്പോർട്ട് അധികൃതർ ആ ഡ്രൈവറെ സസ്പെൻഡ് ചെയ്തു.

മറ്റൊരിക്കൽ അച്യുതനുണ്ടായ വ്യത്യസ്താനുഭവം: ഒരു ദിവസം അസമയത്ത് കൊല്ലം ബസ് സ്റ്റേഷനിലെത്തിയപ്പോഴേക്കും തിരുവനന്തപുരത്തേക്കുള്ള അവസാന ബസ്സും പോയിക്കഴിഞ്ഞിരുന്നു. അദ്ദേഹം മന്ത്രിയായിരിക്കേ ട്രാൻസ്പോർട്ട് ഡയറക്ടറായി നിയമിച്ച ടി സി എസ് പിള്ള അപ്പോൾ അവിചാരികമായി അവിടെ വരികയും അച്യുതനുവേണ്ടി ഒരു ബസ് തിരുവനന്തപുരം വരെ ഓടിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു!

‘മന്ത്രിസ്ഥാനത്തുനിന്നു പോകാൻ എനിക്കു സന്തോഷമേയുള്ളൂ, പഴയതുപോലെ നാട്ടിൻപുറത്തെ ചായക്കട ബഞ്ചിൽ കിടന്നുറങ്ങാൻ പിന്നെ മടി വേണ്ടല്ലോ എന്നൊരിക്കൽ നിയമ സഭയിൽ പറഞ്ഞിട്ടുണ്ട് സഹോദരൻ അയ്യപ്പൻ. അദ്ദേഹം പിന്നീടു മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ സ്റ്റേറ്റ് കാർ വിട്ടുകൊടുത്ത് നാട്ടിലേക്കു പോയതും മുൻപത്തെപ്പോലെ ബസ്സിൽത്തന്നെ!

അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കാനുണ്ടായ കാരണംകൂടി പറഞ്ഞാലേ ഇതുപൂർണമാകൂ. കേരള സംസ്ഥാനമുണ്ടാവുന്നതിനു മുമ്പത്തെ തിരു-കൊച്ചി സംസ്ഥാനത്ത് താൻ അംഗമായിരുന്ന മന്ത്രിസഭയിൽ മന്ത്രിമാരുടെ എണ്ണം ‘ശ്ശി കൂടുതലാണെന്നു തോന്നിയപ്പോൾ രാജിവയ്ക്കുകയായിരുന്നു സഹോദരൻ അയ്യപ്പൻ!

Your Rating: