Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ഇന്നിങ്സിൽ സംതൃപ്തി: സച്ചിൻ

sp-sachin-air-3col ഗാസിയാബാദിലെ ഹിൻഡനിൽ എയർഫോഴ്സ് ദിനത്തിൽ നടന്ന ചടങ്ങിൽ ഓണററി ഗ്രൂപ്പ് ക്യാപ്റ്റനായ സച്ചിൻ തെൻഡുൽക്കർ.

നീലക്കവറുള്ള ഐപാഡും മടിയിൽ വച്ച് ക്രീം നിറമുള്ള സോഫയിൽ സച്ചിൻ തെൻഡുൽക്കർ– ഇന്ത്യയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായികതാരം എന്റെ മുന്നിലിരിക്കുന്നു. മുഖത്തിനു കൈ കൊടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ ചലനങ്ങളിൽ ധൃതിയില്ല. ചോദ്യങ്ങൾ ശ്രദ്ധിച്ചു കേട്ട് സാവധാനം ഉത്തരങ്ങൾ.

 ക്രിക്കറ്റുമായി ബന്ധപ്പെടാത്ത ചോദ്യങ്ങൾക്കും ഇപ്പോൾ സച്ചിന് ഉത്തരം പറയേണ്ടി വരുന്നു– ഇത് സച്ചിൻ തെൻ‍ഡുൽക്കർ രണ്ടാം വേർഷനാണ്. രണ്ടു വർഷം മുൻപ് വരെ ബാറ്റു കൊണ്ടാണ് സച്ചിൻ സംസാരിച്ചിരുന്നത്. ഇന്നു സച്ചിൻ എറെ ശാന്തനാണ്. ഫീൽഡിൽ നിൽക്കുമ്പോൾ കാണുന്ന സമ്മർദ്ദം മുഖത്തു തീരെയില്ല.

ബാറ്റിൽ നിന്നു തെറിച്ച് ബൗണ്ടറിയിലേക്കു പായുന്ന ഡ്രൈവുകൾക്കു പകരം പെട്ടെന്നുള്ള തമാശകളാണ് സച്ചിനിൽ നിന്നുണ്ടാവുന്നത്. മുൻ ക്രിക്കറ്റർ എന്ന പട്ടം മാത്രമല്ല ഇപ്പോൾ സച്ചിനുള്ളത്. സ്പോർട്സ് സംരംഭകൻ, രാജ്യസഭ അംഗം, ബ്രാൻഡ് അംബാസഡർ, ബിസിനസ്മാൻ, സജീവമായ കുടുംബസ്ഥൻ..

ദ് വീക്കിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സച്ചിൻ പറ‍ഞ്ഞതും അതു തന്നെ.. വിരമിച്ചതിനു ശേഷം ഉത്തരവാദിത്തങ്ങൾ കൂടി. ക്രിക്കറ്റ് താരത്തിൽ നിന്നു മുൻ ക്രിക്കറ്ററായുള്ള മാറ്റത്തെക്കുറിച്ച് സച്ചിൻ സംസാരിക്കുന്നു. ഒപ്പം പുതിയ ചുമതലകളെക്കുറിച്ചും...

∙ 2013 നവംബറിനു ശേഷം ജീവിതം കൂടുതൽ അനായാസവും ആസ്വാദ്യകരവുമായോ ?

ഒരു തരത്തിൽ അതു ശരിയാണ്. അതുവരെ ചെയ്യാൻ പറ്റാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ നടക്കുന്നു. പുറത്തുപോകുന്നു, ‌കൂടുതൽ ആളുകളുമായി ഇടപഴകുന്നു, ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലേക്കു മാത്രമല്ലാതെയും യാത്ര ചെയ്യുന്നു. ആളുകൾക്കിടയിലിറങ്ങുമ്പോഴാണ് അവരെന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്നു ശരിക്കറിയുന്നത്. അതിനു നന്ദി പറയാനുള്ള അവസരങ്ങൾ കൂടിയാണിത്.

∙ വിരമിക്കലിനു ശേഷം തിരക്കു കൂടിയോ..വീട്ടുകാർക്ക് സച്ചിനെ അവർ വിചാരിച്ച പോലെ കിട്ടുന്നുണ്ടോ..?

വിരമിച്ചതിനു ശേഷം ഞാൻ കുറച്ചു കാലം വീട്ടിൽത്തന്നെയായിരുന്നു. വിരമിച്ചതിന്റെ പിറ്റേ ദിവസം പതിവുപോലെ ഞാൻ എഴുന്നേറ്റ് ചായയുണ്ടാക്കി. പക്ഷെ അതു വ്യത്യസ്തമായിരുന്നു. ജിവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നു. എപ്പോഴും ഒന്നിച്ചുള്ള ആ കാലം ‍ഞാനും അഞ്ജലിയും മക്കളും ആസ്വദിച്ചു. പിന്നെയാണ് പുതിയ കാര്യങ്ങളിലേക്കു വരുന്നത്. ജീവിതത്തിൽ കഷ്ടപ്പെടുന്നവർക്കു വേണ്ടി പലതും ചെയ്യാനുണ്ട് എന്നു തോന്നി. എന്റെ രണ്ടാം ഇന്നിങ്സിൽ മൊത്തത്തിൽ ഈ സംതൃപ്തിയുണ്ട്.

∙ ചുമതലകൾ കൂടിയല്ലോ..പാർലമെന്റ് അംഗം, ഫുട്ബോൾ ടീമിന്റെ ഉടമ, പിന്നെ മറ്റു സാമൂഹിക പ്രവർത്തനങ്ങളുടെ തിരക്ക്. എങ്ങനെയാണ് എല്ലാം ഒന്നിച്ചു കൊണ്ടു പോകുന്നത്..?

 കളിക്കളംവിട്ട ശേഷം ഇത്രയും കാര്യങ്ങളിൽ ഇടപെടേണ്ടി വരുമെന്നു കരുതിയതല്ല. കുറെ യാത്ര ചെയ്യണമെന്നു കരുതിയിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം ഒ‌ാരോ ഉദ്ദേശ്യങ്ങൾക്കു വേണ്ടിത്തന്നെയായി. ക്രിക്കറ്റിൽ എല്ലാ കാര്യങ്ങളും ബാലൻസ് ചെയ്തു കൊണ്ടു പോകാൻ പഠിച്ചിരുന്നു. ഇപ്പോഴും അതു നടപ്പിലാക്കാൻ ശ്രമിക്കുന്നു.

∙ കുറേ മേഖലകളിൽ ഇടപെടുമ്പോൾ ക്രിക്കറ്റിൽ നിന്ന് അകന്നു പോയി എന്ന തോന്നലുണ്ടോ..?

ഒരിക്കലുമില്ല. ക്രിക്കറ്റിനോടുള്ള സ്നേഹം എന്നിൽ നിന്നു പോകില്ല. എല്ലാ മൽസരങ്ങളും കാണാൻ സാധിച്ചെന്നു വരില്ല. പക്ഷേ സമയം കിട്ടുമ്പോഴെല്ലാം കാണുന്നുണ്ട്. വീട്ടിലായിരിക്കുമ്പോൾ അഞ്ജലിയും അർജുനും എന്റെ കൂടെയിരിക്കും. കളിച്ച പരിചയം വച്ച്, ബാറ്റ്സ്മാൻ ഇപ്പോൾ ആക്രമിച്ചു കളിക്കും, അപ്പോൾ ബോളർ ഇങ്ങനെ പന്തെറിയും എന്നെല്ലാം ഞാൻ അവരോടു അഭിപ്രായങ്ങൾ പറയും. കളിക്കുന്നതിൽ നിന്നു തീർത്തും വ്യത്യസ്തമായ അനുഭവമാണല്ലോ കളി കാണൽ.

∙ മുംബൈ ഇന്ത്യൻസിന്റെ ഐക്കൺ താരമായിരുന്നു സച്ചിൻ, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമ. കളിക്കാരനായാലും ഉടമയായാലും ടീം കളിക്കുമ്പോൾ ടെൻഷനടിക്കാനുള്ള സാഹചര്യങ്ങളില്ലേ..?

രണ്ടും വ്യത്യസ്തമാണ്. കളിക്കുമ്പോൾ ബാറ്റ് കൊണ്ട് എനിക്കു കാര്യങ്ങൾ മാറ്റാം. ഉടമയാകുമ്പോൾ കളിക്കളത്തിൽ ഔട്ട്സൈഡറാണ്. ടീം ജയിക്കണമെന്ന് ആഗ്രഹിക്കാം. പക്ഷേ അതിനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ..

∙ സ്പോർട്സ് സംരംഭകൻ എന്ന റോൾ നന്നായി ആസ്വദിക്കുന്നു..?

തീർച്ചയായും. ഇവിടെ വേണ്ടത് വേറൊരു മികവാണ്. കാര്യങ്ങളെല്ലാം വിലയിരുത്തി നന്നായി കൊണ്ടു പോകാനുള്ള കഴിവ്. അതു പഠിച്ചു കൊണ്ടിരിക്കുകയാണ്.

∙ ഫുട്ബോളിലാണ് ഇപ്പോൾ സച്ചിന്റെ ശ്രദ്ധ കൂടുതൽ..അല്ലേ..?

ലോകത്തെ ഏറ്റവും ജനകീയമായ കായിക വിനോദമാണു ഫുട്ബോൾ. ഇന്ത്യ ഏറെ പിന്നിലും. ബോക്സിങ്, റസ്‌ലിങ്, ടെന്നിസ്, ബാഡ്മിന്റൻ, ഷൂട്ടിങ് എന്നിവയിലെല്ലാം നാം മുന്നേറുന്നു. ഫുട്ബോളിലും അതു വേണം. ഐഎസ്എൽ ആദ്യ സീസണിൽത്തന്നെ വിദേശതാരങ്ങളും ഇന്ത്യൻ താരങ്ങളും ഒപ്പം കളിക്കുമ്പോഴുള്ള മാറ്റം നമ്മൾ കണ്ടല്ലോ...

∙ മറ്റു കായിക വിനോദങ്ങളിലും സച്ചിൻ സജീവമാകുമോ..?

കബഡി, ബാഡ്മിന്റൻ, ഹോക്കി എന്നിവയിൽ പല കാര്യങ്ങളും മുൻപു തന്നെ ചെയ്തിരുന്നു. പക്ഷേ, മറ്റൊരു ടീമിന്റെ കൂടി ഉടമയാകാൻ തൽക്കാലം ഉദ്ദേശ്യമില്ല. എന്നു വച്ച് അവയെ സപ്പോർട്ട് ചെയ്യുന്നതിനു കുറവൊന്നുമില്ല.

∙ വിരമിച്ചതിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പോക്കിൽ സംതൃപ്തനാണോ..?

ഇന്ത്യൻ ക്രിക്കറ്റ് നല്ല വഴിക്കു തന്നെയാണ്. ക്രിക്കറ്റ് മാറുന്നു എന്നതു സത്യം. 1970ലെ ക്രിക്കറ്റായിരുന്നില്ല ഞങ്ങളുടെ തലമുറയുടേത്. ‍തൊണ്ണൂറുകൾ മുതൽ ഞങ്ങൾ കളിച്ച ക്രിക്കറ്റല്ല ഇപ്പോൾ. മാറ്റങ്ങളുണ്ടാകുന്നു. അതു ശരിയായ ദിശയിലാണെന്ന് ഉറപ്പു വരുത്തേണ്ട കടമ കളിക്കാരുടെ മാത്രമല്ല, ക്രിക്കറ്റുമായി ബന്ധപ്പെടുന്ന എല്ലാവരുടേതും കൂടിയാണ്.

( അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ദ് വീക്ക് വാരികയിൽ) 

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.