Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരില്‍ ‘സേതുരാമയ്യരാ’യി ഓട്ടോഡ്രൈവര്‍; കള്ളന്‍ സിംപിളായി കുടുങ്ങി – വിഡിയോ

thrissur-auto

തൃശൂര്‍ ∙ അയ്യന്തോള്‍ കോടതി പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളില്‍ കവര്‍ച്ച പതിവാണ്. ഓട്ടോറിക്ഷയിലെ ഡാഷ് ബോഡില്‍ നിന്ന് പണവും ഫോണുമാണ് നഷ്ടപ്പെടുന്നത്. നിരവധി പരാതികള്‍ വെസ്റ്റ് പൊലീസിന് ലഭിച്ചിരുന്നു. പലപ്പോഴും കള്ളനെ പിടിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ കോടതി പരിസരത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത് പുറത്തു പോയതായിരുന്നു തൃശൂര്‍ വില്ലടം സ്വദേശിയായ ഡ്രൈവര്‍ ടി.യു.ബേബി. തിരിച്ചുവന്നപ്പോള്‍ 500 രൂപയും ഫോണും കാണാനില്ല. 

ഡാഷ് ബോര്‍ഡ് ലോക്ക് ചെയ്തിരുന്നു. എന്നിട്ടും, പണവും ഫോണും പോയി. നേരെ, സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിരമൊരു കള്ളനുണ്ട്. ഓട്ടോയില്‍ മാത്രം കളവു നടത്തുന്ന വിരുതന്‍. കുറെയായി നോക്കുന്നു. പിടികിട്ടുന്നില്ല. പണവും ഫോണും പോയതിന്റെ വിഷമത്തിലായിരുന്ന ഡ്രൈവര്‍ ബേബിയ്ക്കു മനസില്‍ ഒരു ഐഡിയ തെളിഞ്ഞു വന്നു.

ഓട്ടോ വീണ്ടും കൊണ്ടുപോയി കോടതി പരിസരത്ത് ഇട്ടാലോ. കള്ളന്‍ വന്നാല്‍ കയ്യോടെ പിടിക്കാലോ. ഒരു പരീക്ഷണം. സുഹൃത്തായ ഡ്രൈവര്‍ ജയകുമാറിനോടും ഈ കാര്യം പറഞ്ഞു. അങ്ങനെ, രണ്ടു പേരും രണ്ടു ഓട്ടോറിക്ഷകളിലായി കോടതി പരിസരത്തു വന്നു. ഓട്ടോ നിര്‍ത്തിയ ഉടനെ ബേബി തിരക്കിട്ട് കോടതിയുടെ അകത്തേയ്ക്കു കയറി പോയി. മറ്റൊരു വാതിലിലൂടെ പുറത്തുവന്ന് ഒളിച്ചുനിന്നു. സുഹൃത്ത് ജയകുമാറും കള്ളന്റെ വരവ് കാത്തുനിന്നു. 

ഡ്രൈവര്‍ ഓട്ടോയുടെ പരിസരത്തില്ലെന്ന് കള്ളന്‍ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ നാടകം. ഏകദേശം പത്തുമിനിറ്റു കഴിയുമ്പോഴേയ്ക്കും ഒരാള്‍ ഓട്ടോയുടെ സമീപത്തേയ്ക്കു വരുന്നത് ഇവര്‍ കണ്ടു. ഇയാള്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന ഉടനെ േബബിയും ജയകുമാറും ചാടിവീണു. കള്ളനെ കീഴ്പ്പെടുത്തി. ഉടനെ, വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. 

പൊലീസ് പാഞ്ഞെത്തി. മദ്യലഹരിയിലായിരുന്ന ഇയാള്‍ കൊച്ചിയിലാണ് താമസമെന്ന് പറഞ്ഞു. പേര് ജോണിയെന്നും പറഞ്ഞു. നേരത്തെ ഏതെങ്കിലും മോഷണക്കേസില്‍ ഉള്‍പ്പെട്ട ആളാണോയെന്ന് വ്യക്തമല്ല. എന്തായാലും പണം നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവറുടെ ഐഡിയ വിജയംകണ്ടു. ഒരു കള്ളനല്ല, പലകള്ളന്‍മാരാണ് ഓട്ടോയില്‍ നിന്ന് പണമെടുക്കുന്നതെന്നാണ് സൂചന. കോടതി പരിസരത്ത് ഉടനെ സിസിടിവി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.