Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: കൊലയാളികൾക്കു സിപിഎം സംരക്ഷണമെന്ന സൂചന പങ്കുവച്ച് സിപിഎം എംഎൽഎയുടെ ഭാര്യ

abhimanyu

കൊച്ചി ∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികൾക്കു ചില സിപിഎംകാരുടെ സംരക്ഷണം കിട്ടിയെന്ന സൂചനയുമായി ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ഭാര്യ എൻ.പി. ജെസിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമാണു ജെസി ജോൺ ഫെർണാണ്ടസ് നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്.

പശ്ചിമ കൊച്ചിയിൽ എസ്ഡിപിഐയെ സഹായിക്കുന്നതു മുഖ്യധാരാ രാഷ്ട്രീയക്കാരാണെന്നും എല്ലാ രാഷ്ട്രീയപാർട്ടികളിലും അവർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു. ‘‘പകൽ ഇവർ സിപിഎമ്മും കോൺഗ്രസുമാണ്. രാത്രിയിൽ എസ്ഡിപിഐയും ആർഎസ്എസും. അഭിമന്യുവിനെ കൊന്നവർക്ക് എല്ലാ സംരക്ഷണവും ഒരുക്കിയത് ഇവരാണ്. തോപ്പുംപടിയിൽ വന്നിറങ്ങിയ അഭിമന്യുവിന്റെ കൊലയാളികൾക്ക് ആരുടെ സംരക്ഷണം കിട്ടിയെന്നു പാർട്ടി അന്വേഷിക്കണം. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം ചില കൊടുക്കൽ വാങ്ങലുകൾ...’’– ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.

എന്നാൽ, അമരാവതി സർക്കാർ സ്കൂളിന്റെ സ്ഥലം ഹിന്ദു വർഗീയവാദികൾ കൈയേറി ഗേറ്റും ബോർഡും വച്ചിട്ടും സിപിഎം നേതൃത്വംപോലും അതിൽ ഇടപെടാത്തതിനെക്കുറിച്ചാണു തന്റെ ഫെയ്സ്ബുക് പോസ്റ്റ് എന്ന് എൻ.പി. ജെസി പിന്നീടു വിശദീകരിച്ചു. ഇതു സംബന്ധിച്ചു മറ്റൊരാൾ വളരെ വിഷമത്തോടെ ഫോണിൽ തന്നെ വിളിച്ചുപറഞ്ഞ കാര്യങ്ങളാണു ഫെയ്സ്ബുക്കിൽ ഇട്ടത്. അഭിമന്യുവിന്റെ കൊലയാളികൾക്കു സിപിഎം സംരക്ഷണം നൽകിയെന്നതു തന്റെ അഭിപ്രായമല്ലെന്നും ഫോണിൽ സംസാരിച്ചയാളുടെ അഭിപ്രായമായാണു ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളതെന്നും ജെസി പറഞ്ഞു.

ഇൗ ആരോപണം ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. അത് അന്വേഷണത്തിലൂടെ തെളിയേണ്ടതാണ്. കൊച്ചിയിൽ രാഷ്ട്രീയ പാർട്ടികളിൽ എസ്ഡിപിഐ പ്രവർത്തകർ നുഴഞ്ഞു കയറിയിട്ടുണ്ടെന്നുതന്നെയാണു വിശ്വാസമെന്നും ജെസി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.