Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്രാസിലെ മോനും കരിക്കൻവില്ല കൊലപാതകവും

Reni George റെനി ജോർജ്

ഏറെക്കാലം കുവൈത്തിൽ ജോലിചെയ്‌തു വലിയ സമ്പാദ്യവുമായി നാട്ടിലെത്തിയ ദമ്പതികളായിരുന്നു കെ.സി. ജോർജും, ഭാര്യ റേച്ചലും. മക്കളില്ലാത്ത ഇവർക്ക് പുറംലോകവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. തിരുവല്ലയിലെ കരിക്കൻവില്ലയെന്ന ശാന്തമായ വീട്ടിൽ അവർ ഒതുങ്ങിക്കൂടി. ബന്ധുക്കളോ പരിചയക്കാരോ അടുത്തുണ്ടായിരുന്നില്ല. സഹായത്തിനുണ്ടായിരുന്നത് ഗൗരിയെന്ന ജോലിക്കാരി മാത്രം.   

1980 ഒക്‌ടോബർ 6. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോർജിനെയും (63) റേച്ചലിനെയും (56) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റിൽ തറച്ചിരുന്നു. മേശപ്പുറത്തു നാലു ചായക്കപ്പുകളുണ്ടായിരുന്നു. റേച്ചൽ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്. റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളെക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവസ്‌ഥലത്തുനിന്നും അന്വേഷണ സംഘത്തിനു ലഭിച്ച ഏകസൂചന കൊല നടന്ന വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ പതിഞ്ഞ പുത്തൻ ഷൂസിന്റെ അവ്യക്തമായ പാടുകളാണ്. കേരളത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ഇനം ഡിസൈനുള്ള ഷൂസിന്റെ ഹീൽ അന്വേഷണസംഘത്തവനായ സിബിമാത്യൂസിന്റെ ഉറക്കം കെടുത്തി.

കൊലനടത്തിയതു പ്രൊഫഷനൽ കൊലയാളിയാണെന്ന നിഗമനത്തിൽ അതുവരെ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്‌ഥരെല്ലാം എത്തിക്കഴിഞ്ഞിരുന്നു. പ്രഫഷനൽ കുറ്റവാളികളുടെ വിരലടയാളത്തിനായി അവർ പരക്കം പാഞ്ഞപ്പോൾ സിബിമാത്യൂസ് പറഞ്ഞു. ‘‘ഇതു പ്രൊഫഷനൽ കൊലയാളിയല്ല, ആഡംബരപ്രിയരായ കുറേ ചെറുപ്പക്കാരാകാനാണു സാധ്യത’’ കരിക്കൻവില്ലയിലെ പകൽജോലിക്കാരി ഗൗരിയുടെ വൈകിവന്ന മൊഴിയിലെ ഒരു വാചകമാണ് പിന്നെ പൊലീസിനെ നയിച്ചത്. 

ഗൗരിയെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ തലേന്നു വൈകിട്ടു താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും വിവരം ലഭിച്ചു. 

‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കരിക്കൻവില്ല കൊലക്കേസിനു തുമ്പുണ്ടാക്കിയത്. മദ്രാസിലെ മോൻ എന്ന വാക്കു കേട്ട സിബി പിന്നെ ചെയ്‌തതു ജോർജിന്റെയും റേച്ചലിന്റെയും ഒരു ‘ഫാമിലി ട്രീ’ ഉണ്ടാക്കുകയായിരുന്നു. കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധു മദ്രാസിൽ പഠിക്കുന്നുണ്ടായിരുന്നു - റെനി ജോർജ്. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്‌തമായി. അന്വേഷണം കോയമ്പത്തൂർ, തൃശ്‌നാപ്പള്ളി വഴി മദ്രാസിലെത്തി. പത്താംദിവസം അവിടെയുള്ള ഒരു ലോഡ്‌ജിൽനിന്നു റെനിയും  ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ, പറ്റാതെ വന്നപ്പോൾ കീഴടങ്ങി. 

മദ്രാസിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്ന ഇവർ മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു. പണമുണ്ടാക്കാൻ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. പണം തട്ടാനാണു സുഹൃത്തുക്കളെയും കൂട്ടി റെനി ചെന്നൈയിൽനിന്നു കാറോടിച്ചു തിരുവല്ലയിലെത്തി കൊല നടത്തിയത്. 

പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം. കെനിയക്കാരനായ കിബ്‌ലോയെ ഡൽഹി തിഹാർ ജയിലിലേക്കു മാറ്റി. ജയിൽവാസം 1995 ജൂണിൽ പൂർത്തിയായി. ഓഗസ്‌റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്‌ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി. 

ജയിലിലെ തന്റെ ആദ്യ ആറു വർഷങ്ങൾ പശ്‌ചാത്താപലേശമില്ലാതെ റെനി പഴയപോലെ മയക്കുമരുന്നിൽ മുഴുകികഴിഞ്ഞു. പൂജപ്പുര ജയിലിൽ മയക്കുമരുന്ന് എത്തിക്കാൻ ഗൂഢസംഘങ്ങൾ അന്നുമുണ്ടായിരുന്നുവെന്നും, അവരുടെ കണ്ണിയായി ജയിൽ ഉദ്യോഗസ്‌ഥരും ഉണ്ടായിരുന്നുവെന്നും റെനി പിന്നീടു സാക്ഷ്യപ്പെടുത്തി. ഏറ്റുമാനൂർ വിഗ്രഹമോഷണകേസിലെ സ്‌റ്റീഫൻ, ക്യാപ്‌റ്റൻ ജോസ്, ഇന്നു പ്രശസ്‌തനായ ഒരു നിർമാതാവ്... സഹ തടവുകാരുടെ പട്ടിക നീളുന്നു. പരോളിലിറങ്ങുന്ന തടവുകാർ മയക്കുമരുന്നിനുള്ള പണം കണ്ടെത്തി മടങ്ങിവരും. 

ഒരിക്കൽ പരോളിലിറങ്ങിയപ്പോൾ റെനിയുടെ ഊഴമായിരുന്നു. ‘മദ്രാസിലെ മോൻ’ എന്നപേരിൽ സിനിമയെടുത്ത നിർമാതാവിനെ ഭീഷണിപ്പെടുത്തി 60,000 രൂപയുമായാണ് തിരികെവന്നത്. അതിൽ പകുതി ഒരു ജയിൽ ഉദ്യോഗസ്‌ഥൻ കൊണ്ടുപോയി. 1987ൽ പരോളിൽ ഇറങ്ങിയതു തിരുവല്ലയിൽ ഒരു സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ജയിലിൽവച്ചേ പദ്ധതിയിട്ടായിരുന്നു.

വീട്ടിലെത്തി സേഫ് തകർക്കാനുള്ള ഗ്യാസ് കട്ടറും മറ്റു സ്വരുക്കൂട്ടുന്നതിനിടയിൽ താടിവച്ച ഒരു അപരിചിതൻ റെനിയെ തേടിയെത്തി. തന്നോടൊപ്പം ഒരു സ്‌ഥലവരെ വരണമെന്നു പറഞ്ഞപ്പോൾ ഏതോ കവർച്ചയിൽ പങ്കാളിയാകാൻ തന്നെ ക്ഷണിക്കുകയാണെന്നാണ് കരുതിയത്. കൂടെപ്പോയി. പക്ഷേ, എത്തിയത് ഒരു പ്രാർഥനാലയത്തിൽ. അവിടെ കൂട്ടിക്കൊണ്ടുവന്ന താടിക്കാരനോടു റെനിക്ക് അടങ്ങാത്ത ദേഷ്യമാണ് തോന്നിയത്. പക്ഷേ, എന്തുകൊണ്ടോ ഇറങ്ങിപ്പോയില്ല. ആ പ്രാർഥനാ സംഘത്തിലിരിക്കവേ തന്റെ മനസ്സിൽ എന്തോ പരിവർത്തനം നടക്കുന്നത് റെനി അറിഞ്ഞു. പരോൾ കഴിഞ്ഞു കൊള്ളമുതലുമായി എത്തുന്ന റെനിയെ കാത്തിരുന്ന ജയിലിലെ കൂട്ടുകാർ ബാഗിൽ ഒരു ബൈബിൾ മാത്രം കണ്ടു ക്ഷോഭിച്ചു. റെനി അതുകണ്ടു മന്ദഹസിച്ചു. 

അടുത്ത പരോൾ കഴിഞ്ഞു റെനി മടങ്ങി വന്നതു വിവാഹിതനായാണ്. വധു ബഹ്‌റെനിൽ നഴ്‌സായ മംഗലാപുരം സ്വദേശി ടിന. കൊലയാളി യുവാവിന്റെ മനം മാറ്റത്തിൽ വിശ്വാസം അർപ്പിച്ച് ടിന ജീവിത പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നു. ആ വിശ്വാസ തെറ്റിയില്ല. ഒരു വ്യാഴവട്ടത്തിന്റെ ജയിൽശിക്ഷ കഴിഞ്ഞു റെനി ബാഗ്ലൂരിൽ ടിനയ്‌ക്കൊപ്പം പുതിയൊരു ജീവിതം തുടങ്ങി. കിബ്‌ലോയും ഗുണശേഖറും ഗുലാമും മോചിതരായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങി. അവരെയൊന്നു പിന്നീടു റെനി കണ്ടിട്ടില്ല. പിന്നീട് ഭാര്യ ടീനയുമൊത്തു ബാംഗ്ലൂരിൽ തടവുകാരുടെ മക്കൾക്കായി ഭവനം നടത്തി.

കരിക്കൻവില്ല ഇന്നൊരു പ്രാർഥനാ ഭവനമാണ്. കേസന്വേഷണത്തിനു ചുക്കാൻപിടിച്ച എസ്.പി: ഗോപിനാഥ്, സി.ഐ: എ.കെ. ആചാരി, എസ്.ഐ. അബ്‌ദുൽ കരിം എന്നിവർ മരിച്ചു. മദ്രാസിലെ മോനെന്ന വെളിപ്പെടുത്തൽ വഴി കേസിനു തുമ്പുണ്ടാക്കിയ മഞ്ഞാടി കുതിരിക്കാട് ഗൗരി (81) ചരിത്രസാക്ഷിയായി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട റെനി പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പരോളിലിറങ്ങിയെന്നറിഞ്ഞപ്പോൾ തിരുവല്ലയിലെ തന്റെ കുടിലിലിരുന്നു ഗൗരി പേടിച്ചുവിറയ്‌ക്കുകയായിരുന്നു. ഒരുനാൾ പകരം ചോദിക്കാൻ റെനി തന്റെ വീട്ടിൽ എത്തുമെന്ന് അവർ ഭയപ്പെട്ടു. റെനി പക്ഷേ, ഒരിക്കലും ഗൗരിയോടു പകരം ചോദിക്കാൻ പോയില്ല. ഏറെക്കാലത്തിനു ശേഷം ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ പകരമായി ഒന്നു ചോദിച്ചു. ഗൗരിയുടെ പ്രിയപ്പെട്ട യജമാനത്തിയെ കൊന്നതിനു മാപ്പ്.

കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ സിബി മാത്യുവും റെനിയെ വീണ്ടു കണ്ടുമുട്ടി. പരോളിലിറങ്ങിയ കുറ്റവാളി തനിക്കു ശിക്ഷ വാങ്ങിത്തന്നെ ഉദ്യോഗസ്‌ഥനെ തേടിപ്പിടിച്ചു ചെന്നുകണ്ട് ‘‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’ എന്നു പറഞ്ഞപ്പോൾ സിബിക്കു വിശ്വസിക്കാനായില്ല. റെനിയുടെ മാനസാന്തരത്തിന്റെ കഥ ദൃശ്യവും ശബ്‌ദവുമായി സി.ഡി. രൂപത്തിൽ പുറത്തിറങ്ങിയപ്പോൾ ആദ്യ സി.ഡി. ഏറ്റുവാങ്ങാനെത്തിയതും സിബി മാത്യൂസായിരുന്നു.

related stories