Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്ദ്ര ബെൽട്രാൻ: ലാറ്റിനമേരിക്കൻ മയക്കുമരുന്നു മാഫിയയുടെ ഉറ്റതോഴി

Sandra Avila Beltran സാന്ദ്ര അവില ബെൽട്രാൻ – ഫയൽ ചിത്രം.

മെക്‌സിക്കൻ മയക്കുമരുന്നുകടത്തിന്റെ തലതൊട്ടപ്പനായ മിഗ്വേൽ ഏയ്ഞ്ചൽ ഫെലിക്‌സ് ഗലാഡോയുടെ അനന്തരവൾ, കൊളംബിയയിലെ മയക്കുമരുന്നുകടത്തു ചക്രവർത്തി ജുവാൻ ഡീഗോ എസ്പിനോസാ റാമിറസിന്റെ കാമുകി, ലാറ്റിനമേരിക്കൻ മയക്കുമരുന്നു മാഫിയ ശൃംഖലയിലെ പ്രബല കണ്ണി – ലോക മാഫിയ ശൃംഖലയിൽ സാന്ദ്ര അവില ബെൽട്രാന്റെ സ്ഥാനം വ്യക്തമാകാൻ ഇതുതന്നെ ധാരാളം. മെക്‌സിക്കോയുടെ പസഫിക് തീരം വഴി യുഎസിലെ കലിഫോർണിയയിലേക്കു മയക്കുമരുന്നു കടത്തുന്നതിൽ വിദഗ്ധയായതോടെ അനുയായികൾ അവരെ ‘പസഫിക് റാണി’യെന്നു വിളിച്ചു, പിന്നാലെ ലോകവും.

മയക്കുമരുന്നുകടത്തുമായി ബന്ധമുള്ള റഫേൽ കാറോ ക്വിന്റിറോയുടെ അകന്ന ബന്ധു കൂടിയായ അൽഫോൻസോ അവില ക്വിന്റിറോ – മരിയ ലൂയിസ ഫെലിക്സ് ദമ്പതികളുടെ മകളായി 1960 ഒക്ടോബർ 11 ന് മെക്‌സിക്കോയിലെ ബാജാ കലിഫോർണിയയിലാണ് സാന്ദ്ര അവില ബെൽട്രാന്റെ ജനനം. പിതാവിന്റെ മാഫിയാ ബന്ധങ്ങൾ സമ്മാനിച്ച അതിസമ്പന്നതയുടെ നടുവിലായിരുന്നു സാന്ദ്ര വളർന്നത്. പതിമൂന്നാം വയസിൽ ആൺസുഹൃത്തുമൊത്ത് യാത്ര ചെയ്യവേ മയക്കുമരുന്നുകടത്തു സംഘങ്ങൾ തമ്മിലെ ഒരു വെടിവയ്പ്പിനുള്ളിൽപ്പെട്ട സാന്ദ്ര തന്റെ വഴിയും ഇതിനുള്ളിലാകുമെന്ന ഭീതിയിലായി. മാധ്യമപഠനത്തിൽ കമ്പമുണ്ടായിരുന്ന അവൾ ആ വഴിയിൽ പുതുജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കമ്യൂണിക്കേഷൻ വിദ്യാർഥിയായിരിക്കെ 21–ാം വയസിൽ, മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടായിരുന്ന സുഹൃത്ത് തട്ടിക്കൊണ്ടുപോയതോടെ സാന്ദ്രയുടെ ജീവിതം മാറിമറിഞ്ഞു. മെക്സിക്കോയിലെ മയക്കുമരുന്നു ശൃംഖലയുടെ വ്യാപ്തിയും സ്വാധീനവും മനസിലാക്കിയ സാന്ദ്ര, സുഹൃത്തിന്റെ തടങ്കലിൽ നിന്നു മോചിപ്പിക്കപ്പെട്ടശേഷം പഠനമുപേക്ഷിച്ച് ആ രംഗത്ത് സജീവമായി.

പുരുഷന്മാരുടെ സാമ്രാജ്യമായിരുന്ന മെക്‌സിക്കൻ മയക്കുമരുന്നുകടത്തു ശൃംഖലയിലെ പ്രധാനിയായി മാറിയ അപൂർവം വനിതകളിലൊരാളാണ് സാന്ദ്ര. സൗന്ദര്യവും ബുദ്ധിയും വാഹന ഡ്രൈവിങ് മികവും ഷാർപ് ഷൂട്ടിങ് വൈദഗ്ദ്ധ്യവുമെല്ലാം അവൾക്കു മുതൽകൂട്ടായി. തന്നിലേക്ക് അന്വേഷണം എത്തുന്നതു തടയാൻ തെളിവുകൾ ഒന്നു പോലും അവശേഷിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധയും ഓരോ നീക്കത്തിലും സാന്ദ്ര പുലർത്തി. വർഷങ്ങൾ പിന്നിട്ടതോടെ സാന്ദ്ര മെക്‌സിക്കൻ മയക്കുമരുന്നു മാഫിയയുടെ തലപ്പത്തെത്തി. കൊളംബിയൻ ‘മയക്കുമരുന്നു ചക്രവർത്തി’ എന്നറിയപ്പെടുന്ന ജുവാൻ ഡീഗോ എസ്പിനോസാ റാമിറസ് ഉൾപ്പെടെയുള്ളവരുമായി നേടിയെടുത്ത അടുപ്പം മെക്‌സിക്കോ - കൊളംബിയ മയക്കുമരുന്നു മാഫിയകളുടെ ശ്രദ്ധയിൽ അവളെയെത്തിച്ചു. ബോട്ടുകളിലും മറ്റുമായി അമേരിക്കയിലേക്ക് വർഷങ്ങളോളം അവളുടെ സംഘാംഗങ്ങൾ മയക്കുമരുന്നുകൾ ഒളിച്ചുകടത്തി. ഇതോടെ ‘പസഫിക് റാണി’ എന്ന വിളിപ്പേരും അവൾക്കുറച്ചു.

Sandra Avila Beltran 2007 ൽ മെക്സികോ സിറ്റിയിൽ സാന്ദ്ര അവില ബെൽട്രാൻ അറസ്റ്റിലായപ്പോൾ.

ആർഭാടജീവിതം നയിച്ചിരുന്ന സാന്ദ്ര 83 മാണിക്യക്കല്ലുകൾ, 228 വജ്രങ്ങൾ, 189 ഇന്ദ്രനീലകല്ലുകൾ എന്നിവ പതിച്ച ഈജിപ്ഷ്യൻ മമ്മി തുത്തൻഖാമന്റെ രൂപത്തിലുള്ള തരത്തിലെ സ്വർണാഭരണം പോലും സ്വന്തമാക്കി. വിലയേറിയ മുപ്പതോളം കാറുകളും അവൾക്കു സ്വന്തമായി. മകന്റെ പതിനഞ്ചാം പിറന്നാളിന് ലോകത്തെ വിലയേറിയ വാഹനങ്ങളിലൊന്നായ അമേരിക്കൻ നിർമിത സ്പോർട്സ് യൂട്ടിലിറ്റി വാഹനം ‘ഹമ്മറാ’ണ് സാന്ദ്ര സമ്മാനം നൽകിയത്. മകന്റെ പോക്കറ്റുമണിയായി നൽകിവന്നത് പ്രതിമാസം ശരാശരി 29 ലക്ഷം രൂപയും. ഇതിനിടയിലും പൊതുനിരത്തുകളിൽ ഇതൊന്നുമല്ലാത്ത പ്രതിച്ഛായയിലും അവർ പ്രത്യക്ഷപ്പെട്ടു.

Sandra Avila Beltran 2007 ൽ മെക്സികോ സിറ്റിയിൽ സാന്ദ്ര അവില ബെൽട്രാൻ അറസ്റ്റിലായപ്പോൾ.

എന്നാൽ വൈകാതെ സാന്ദ്രയുടെ സാമ്രാജ്യത്തിന്  വെല്ലുവിളികളും ഉയർന്നു തുടങ്ങി. മയക്കുമരുന്നു കടത്തുന്ന രംഗത്തെത്തിയ  മുൻ പൊലീസ് കമാൻഡർമാർ കൂടിയായ ഇവരുടെ രണ്ടു ഭർത്താക്കന്മാരും സഹോദരനും പല ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. എതിരാളികളുടെ വധശ്രമത്തിൽ നിന്നു ഒരിക്കൽ സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കും. 2002 ൽ ആണ് സാന്ദ്രയുടെ അധോലോകബന്ധം അൽപമെങ്കിലും പുറംലോകമറിഞ്ഞു തുടങ്ങുന്നത്. അതാകട്ടെ തികച്ചും വ്യത്യസ്തമായ ഒരു വഴിത്തിരിവിലൂടെയും.

50 ലക്ഷം ഡോളർ മോചനദ്രവ്യമാവശ്യപ്പെട്ട് കൗമാരക്കാരനായ മകനെ 2002 ൽ അജ്ഞാതർ  തട്ടിക്കൊണ്ടുപോയപ്പോൾ ആവശ്യപ്പെട്ട മോചനദ്രവ്യം ഉടൻ കൈമാറിയതാണ് സാന്ദ്രയെക്കുറിച്ചു മെക്‌സിക്കൻ പൊലീസിനു സംശയങ്ങൾ തോന്നാൻ ഇടയാക്കിയത്. ഒരു വീട്ടമ്മയെ പോലെ പൊതു ഇടങ്ങളിലും രേഖകളിലും കണ്ട സാന്ദ്ര ഉടനടി വൻതുക നൽകിയതോടെ കുരുക്കു മുറുകി.

Sandra Avila Beltran 2013 ൽ യുഎസിൽ നിന്ന് നാടുകടത്തിയ ശേഷം സാന്ദ്ര അവില ബെൽട്രാൻ മെക്സിക്കോ സിറ്റിയിലെ വിമാനത്താവളത്തിൽ.

പ്രാഥമികാന്വേഷണം തുടങ്ങിയതിനിടെ തന്നെ സാന്ദ്ര ഒളിവിൽപ്പോയി. പലയിടങ്ങളിലായി അവരെ കണ്ടെന്നു പറഞ്ഞുളള വാർത്തകൾ അഞ്ചു വർഷം മാധ്യമങ്ങളിൽ ഇടംനേടിയ ശേഷമാണ് 2007 സെപ്‌റ്റംബർ 27ന് കാമുകൻ ജുവാൻ ഡീഗോ എസ്പിനോസാ റാമിറസുമൊത്ത് സാന്ദ്ര മെക്‌സിക്കൻ പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്നുകടത്ത് സംബന്ധിച്ച് സാന്ദ്രയ്ക്കെതിരെ തെളിവൊന്നും ലഭ്യമല്ലാതിരുന്നതിനാൽ കള്ളപ്പണം വെളുപ്പിച്ച കേസിലായിരുന്നു വിചാരണ.

Sandra Avila Beltran 2013 ൽ യുഎസിൽ നിന്ന് നാടുകടത്തിയ ശേഷം സാന്ദ്ര അവില ബെൽട്രാൻ മെക്സിക്കോ സിറ്റിയിലെ വിമാനത്താവളത്തിൽ.

അഴിമതിക്കു പേരുകേട്ട മെക്‌സിക്കോ ജയിൽ ഉദ്യോഗസ്ഥർ തടവറയിലും ആർഭാടജീവിതം നയിക്കാൻ സാന്ദ്രയ്ക്ക് സഹായകമായി. ഡിസൈനർ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും ധരിച്ച് ജയിലിൽ കഴിഞ്ഞ സാന്ദ്രയ്ക്ക് ഭക്ഷണവും മദ്യവും വിളമ്പാൻ മൂന്നു പരിചാരകരും ഒപ്പമുണ്ടായിരുന്നു. 1999 ജനുവരി മുതൽ 2004 മാർച്ച് വരെ കൊളംബിയയിൽ നിന്ന് യുഎസിലേക്ക്മയക്കുമരുന്നു കടത്തിയെന്ന വിവിധ കേസുകളുടെ വിചാരണയ്ക്ക് സഹായകമാകും വിധം അവരെ അധികൃതർ 2012 ഓഗസ്റ്റ് 10 ന് യുഎസിലേക്ക് നാടുകടത്തി. എന്നാൽ കാമുകൻ ജുവാൻ ഡീഗോ എസ്പിനോസാ റാമിറസിന് യാത്രയ്ക്കും താമസത്തിനും മറ്റുമുള്ള ചെലവു മാത്രമേ നൽകിയുള്ളു എന്ന വാദം ഉയർത്തി യുഎസ് കോടതികളിൽ സൃഷ്ടിച്ചെടുത്ത നിയമപ്പഴുതുകളിൽ യുഎസ് അധികൃതർ അവരെ മെക്സിക്കോയിലേക്ക് തിരിച്ചയയ്ക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. 2013 ഓഗസ്റ്റ് 20 ന് മെക്സിക്കോയിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അവർ വീണ്ടും അറസ്റ്റിലായി.

പലതവണയായി എഴു വർഷം മാത്രം തുടർന്ന ജയിൽജീവിതത്തിന് വിരാമമിട്ട് 2015 ൽ സാന്ദ്ര മോചിതയായി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തന്റെ ആസ്തികളിലുൾപ്പെട്ട 15 വീടുകൾ, 30 സ്പോർട്സ് കാറുകൾ, 300 ആഭരണങ്ങൾ തുടങ്ങിയവ തിരിച്ചുപിടിക്കാൻ അഭിഭാഷക സംഘത്തിനൊപ്പം നിയമവഴി തേടുന്ന വാർത്തകളിലാണ് സാന്ദ്ര ഇടംപിടിക്കുന്നത്. ഇപ്പോഴും അവരുടെ മാഫിയബന്ധങ്ങളിലെ അണയാബന്ധങ്ങൾ കണ്ടെത്താൻ മെക്സിക്കോയിലെ നിയമസംവിധാനങ്ങൾ മുതിരുന്നില്ല. പസഫിക് കടലാഴികളിലെന്നപോലെ സാന്ദ്രയുടെ മാഫിയാചരടിനായി മുങ്ങിതപ്പി കാണാകയങ്ങളിൽപ്പെടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നും വ്യാഖ്യാനിക്കുന്നവർ ഏറെ.

Sandra Avila Beltran ജയിൽമോചിതയായ ശേഷം സാന്ദ്ര അവില ബെൽട്രാൻ
related stories