Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനന്ദയുടെ മരണം: ഡൽഹി പൊലീസിന്റെ വാദങ്ങൾ കോടതി തള്ളി; ശശി തരൂരിന് മുൻകൂർ ജാമ്യം

shashi-tharoor-1

ന്യൂഡൽഹി∙ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എംപിക്കു മുൻകൂർ ജാമ്യം. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ അറിയിക്കാതെ രാജ്യംവിട്ടു പോകരുതെന്നും തെളിവു നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ഉത്തരവിലുണ്ട്. ജാമ്യാപേക്ഷയെ എതിർത്ത ഡൽ‌ഹി പൊലീസിന്റെ വാദങ്ങളെല്ലാം തള്ളിയാണു പട്യാല ഹൗസ് സിബിഐ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാർ ജാമ്യം അനുവദിച്ചത്.

ശശി തരൂർ നാളെ നേരിട്ടു ഹാജരാകണമെന്നു പട്യാല ഹൗസ് മജിസ്ട്രേട്ട് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. തുടർന്നാണു കേസിന്റെ വിചാരണ നടക്കുന്ന മേൽക്കോടതിയായ സിബിഐ പ്രത്യേക കോടതിയിൽ തരൂർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ശശി തരൂർ നാളെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി ജാമ്യത്തുക കെട്ടിവയ്ക്കും. തുടർന്നു സിബിഐ പ്രത്യേക കോടതിയിലേക്കു കേസ് റഫർ ചെയ്യുകയാണു നടപടിക്രമം.

മജിസ്ട്രേട്ട് കോടതിയിൽ നിന്നു സിബിഐ പ്രത്യേക കോടതിയിലേക്കു കേസ് മാറ്റുന്നതിനു മുൻപു പൊലീസിനു വേണമെങ്കിൽ കസ്റ്റഡി ആവശ്യപ്പെടാമായിരുന്നു. എന്നാൽ മേൽക്കോടതി തന്നെ മുൻകൂർ ജാമ്യം അനുവദിച്ചതോടെ ആ സാധ്യത ഇല്ലാതായി. മുതിർന്ന അഭിഭാഷകനായ വികാസ് ബഹ്‌വയാണു തരൂരിനു വേണ്ടി ഹാജരായത്. തരൂർ രാജ്യംവിട്ടു പോകാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

എന്നാൽ, മുൻമന്ത്രിയും നിലവിൽ എംപിയുമായ ശശി തരൂർ രാജ്യംവിട്ടു പോകുമെന്ന വാദം കോടതി അംഗീകരിച്ചില്ല. കേസ് റജിസ്റ്റർ ചെയ്തു മൂന്നരവർഷം കഴിഞ്ഞെന്നും ഇതിനിടയിൽ രാജ്യംവിട്ടുപോകാൻ തരൂർ ശ്രമിച്ചതിന്റെ തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

പൊലീസ് ആവശ്യപ്പെട്ടപ്പോഴെല്ലാം തരൂർ അന്വേഷണത്തിൽ സഹകരിച്ചിട്ടുണ്ട്; തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നിട്ടുമില്ല. തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 2014 ജനുവരി 17ന് ആണു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.