Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ത് നഗര്‍ കൂട്ടമരണം: പ്രിയങ്കയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്തു

Burari-Delhi-Murder.jpg.image.784.410

ന്യൂഡൽഹി ∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒരാളെ കൊലപ്പെടുത്തിയതാകാമെന്നു സംശയം. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഒരാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. മരിച്ച പ്രിയങ്കയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പട്ട് ഇരുന്നൂറിലധികം പേരെയാണ് അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തത്. സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ 11 പേരെ ജൂലൈ ഒന്നിനു രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ച നാരായൺ ദേവിയുടെ മകനും സംഭവത്തിലെ ആസൂത്രകനെന്നു പൊലീസ് വിശദീകരിക്കുന്ന ലളിത് ഭാട്ടിയയുടെ സഹോദരനുമായ ഭുവ്നേഷ് (50) കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെങ്കിലും കാലുകൾ നിലത്തു തട്ടിയ നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. കഴുത്തിൽ കയറ് മുറുക്കിയതിന്റെ പാടുകൾ ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സഹോദരൻ ലളിത് ഭാട്ടിയ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ഇതിനിടെ, പ്രിയങ്കയെ വിവാഹം കഴിക്കാനിരുന്ന നോയിഡ സ്വദേശിയായ യുവാവിനെ ഇന്നലെ പൊലീസ് മൂന്നു മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തു. മോക്ഷ പ്രാപ്തിക്കായുള്ള പൂജയെക്കുറിച്ച് പ്രിയങ്ക ഒരു സൂചനയും നൽകിയിരുന്നില്ലെന്നാണ് യുവാവിന്റെ മൊഴി. സംഭവം നടന്ന വീട്ടിൽനിന്നു പ്രിയങ്കയുടെ ഡയറിയും കണ്ടെടുത്തിട്ടുണ്ട്. ഡ‍യറിയിൽ പരാമർശിക്കപ്പെടുന്ന മറ്റൊരു യുവാവിനായും പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആറു മൃതദേഹങ്ങളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ബാക്കിയുള്ളവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷം ഫൊറൻസിക് വിഭാഗത്തിന് അന്തിമ റിപ്പോർട്ട് തയാറാക്കാൻ കൈമാറുമെന്നു പൊലീസ് പറഞ്ഞു.

ഇതിനുശേഷമാകും മനഃശാസ്ത്ര വിശകലനം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുക. ജൂൺ 30ന് ആണ് സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.