Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരായൺ ദേവി മരിച്ചതെങ്ങനെ..? ദുരൂഹത മാറാതെ ബുറാഡി കേസ്

Priyanka Bhatia-Narayani Devi

ന്യൂഡൽഹി ∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. 10 പേരുടെ മരണം ആത്മഹത്യയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുമ്പോഴും കുടുംബനാഥ നാരായൺ ദേവിയുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. വീടിന്റെ മറ്റൊരു മുറിയിൽ തൂങ്ങി ഭാഗികമായി തറയിൽ കിടന്ന നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്ത ദിവസമെ ആകുകയുള്ളൂ.

കൂട്ടത്തിൽ ഒരാളെ കൊലപ്പെടുത്തിയതാകാമെന്ന പൊലീസ് സംശയങ്ങൾക്കിടെയാണ് ഫൊറൻസിക് ഡോക്ടർമാരും ഇതു സംബന്ധിച്ച സൂചനകൾ നൽകുന്നത്. വൈദ്യശാസ്ത്രസംഘം കഴിഞ്ഞ ദിവസം ബുറാഡിയിലെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. അതേസമയം കുടുംബം ആത്മഹത്യ ചെയ്യാൻ നേരത്തേ നിശ്ചയിച്ചിരുന്നുവെന്നും നാരായൺ ദേവിയുടെ മകൻ ലളിത് ഭാട്ടിയയുടെ ഡയറിക്കുറിപ്പുകൾ ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും പൊലീസ് പറയുന്നു.

ദീപാവലിക്കു മുൻപു മരിക്കുമെന്ന സൂചനകൾ കണ്ടെത്തി. കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് ഭാട്ടിയ, പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് നിലവിലെ അന്വേഷണം.

പരാജയ കാരണം തെറ്റുകൾ

∙ 2017 നവംബർ 11ന് എഴുതിയ കുറിപ്പിൽ കുടുംബത്തിലെ ആരോ ചെയ്ത തെറ്റുകൾ കാരണമാണു പരാജയം നേരിടുന്നതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമല്ല. ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതിൽ പരാജയപ്പെട്ടു. ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് അടുത്ത ദീപാവലിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് അന്നത്തെ കുറിപ്പ്. മുന്നറിയിപ്പുകൾ അവഗണിക്കരുത്. നാല് ആത്മാക്കൾ തന്നോടൊപ്പം ഇപ്പോഴുണ്ട്. സ്വയം അഭിവൃദ്ധിപ്പെട്ടെങ്കിൽ മാത്രമെ അവ മോചിക്കപ്പെടുകയുള്ളൂ. ഹരിദ്വാറിൽ മതപരമായ എല്ലാ ചടങ്ങുകളും പൂർത്തിയാക്കുമ്പോൾ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നാണ് 2015 ജൂലൈ 15ന്റെ കുറിപ്പ്.

ആത്മാക്കൾ തനിക്ക് ഒപ്പമെന്ന് ലളിത്

∙ ഭാട്ടിയ കുടുംബത്തോടു പലതരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ഭാര്യ ടിനയുടെ പിതാവ് സജ്ജൻ സിങ്, സഹോദരി പ്രതിഭയുടെ ഭർത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്റെ ഭർതൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കളെക്കുറിച്ചാണു ലളിതിന്റെ വാദം. നല്ല പ്രവൃത്തികൾ ചെയ്യണമെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ മരിച്ച ധ്രുവിന്റെ (ലളിതിന്റെ സഹോദരപുത്രൻ) അമിതമായ ഫോൺ ഉപയോഗത്തെക്കുറിച്ചും മറ്റുള്ളവരുമായി പ്രിയങ്ക (ലളിതിന്റെ സഹോദരീപുത്രി) തർക്കത്തിലേർപ്പെട്ടതിനെക്കുറിച്ചും ഡയറിയിലുണ്ട്.

തടസ്സങ്ങൾക്ക് കാരണം ജാതകദോഷം

∙ തന്റെയും ഭാര്യയുടെയും യോഗ്യതകളെക്കുറിച്ചാണ് ഒരു കുറിപ്പ്. ഒപ്പം തങ്ങളെപ്പോലെയാവണമെന്നു കുടുംബത്തോട് ആവശ്യപ്പെടുന്നു. നിർദേശങ്ങളെല്ലാം പലവട്ടം വായിച്ചു മനസ്സിലാക്കണമെന്നും പറയുന്നു. വീടുപണി മുടങ്ങിയതും പ്രിയങ്ക ഭാട്ടിയയുടെ വിവാഹം നീണ്ടുപോയതിനു കാരണമായ ജാതകദോഷത്തെക്കുറിച്ചും ഡയറിയിലുണ്ട്. അതേസമയം, പുറത്തുനിന്നുള്ളവരുടെ മുന്നിൽവച്ച് ഒരിക്കൽപോലും പിതാവിന്റെ ആത്മാവ് ലളിതിൽ സന്നിവേശിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്. ജൂൺ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണമായശേഷം മനഃശാസ്ത്ര വിശകലനം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കാനാണു പൊലീസ് നീക്കം. സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.