ഹാക്കിങ് വഴി ഗ്രേഡുകൾ തിരുത്തിയ ഇന്ത്യൻ വംശജനു ശിക്ഷ

ന്യൂയോർ‌ക്ക്∙ ഹാക്കിങ്ങിലൂടെ ഗ്രേഡുകൾ തിരുത്തിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ യുഎസ് കോടതി ഒന്നരവർഷം നല്ലനടപ്പിനു ശിക്ഷിച്ചു. കൻസസ് സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർഥി വരുൺ എച്ച്. സർജയാണ് (20) കഴിഞ്ഞ അധ്യയനവർഷം പ്രഫസർമാരുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറി ഗ്രേഡുകൾ തിരുത്തിയത്.

എല്ലാ വിഷയങ്ങൾക്കും എഫ് ഗ്രേഡ്‌ നേടിയ വരുൺ പരാജയപ്പെട്ടിരുന്നു. ‘കീലോഗർ’ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രഫസർമാരുടെ പാസ്‌വേഡുകൾ മനസ്സിലാക്കിയാണ് ഗ്രേഡ് തിരുത്തിയത്. കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥിയെ പുറത്താക്കിയ സർവകലാശാല, പൊലീസിൽ പരാതി കൊടുത്തു. ശിക്ഷാവേളയിൽ നിയമപാലകരുടെ നിരീക്ഷണത്തിലുമായിരിക്കും.

കൂടാതെ അധ്യാപകരോട് മാപ്പു ചോദിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വീണ്ടും തരികിട കാട്ടിയാൽ, ഒന്നരവർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും.