Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിനു ഹിതപരിശോധനയായി നിയമസഭാ തിരഞ്ഞെടുപ്പുകൾ

Uttar pradesh politics

അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രക്രിയകൾ പുരോഗമിക്കവേ, ബിജെപിയുടെ മുഖ്യപ്രചാരകനായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പു നടക്കുന്ന പ്രമുഖ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്കു മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലെന്നതാണ് ഒരു കൗതുകം. പഞ്ചാബിൽ അകാലിദളിന്റെ സ്ഥാനാർഥിക്കു പിന്തുണനൽകും.

ഗോവയിൽ ലക്ഷ്മികാന്ത് പർസേക്കറെ വീണ്ടും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന കാര്യം സംശയം. അമിത് ഷായും നരേന്ദ്രമോദിയും നീണ്ട ആലോചനകൾ നടത്തിയെങ്കിലും ഉത്തർപ്രദേശിലും പാർട്ടിക്കു മുഖ്യമന്ത്രിസ്ഥാനാർഥിയില്ല. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഇതുതന്നെ സ്ഥിതി. മണിപ്പൂരിൽ വിജയസാധ്യതയില്ലെങ്കിലും.

കഴിഞ്ഞവർഷം നടന്ന നാലു നിയമസഭാ തിരഞ്ഞെടുപ്പുകളെക്കാൾ സന്ദിഗ്‌ധാവസ്ഥയിലാണു കേന്ദ്രസർക്കാർ ഈവർഷം നടക്കാൻപോകുന്ന തിരഞ്ഞെടുപ്പുകളെ നേരിടുന്നത്. കാരണം ഇതു ഫലത്തിൽ നോട്ട് നിരോധനത്തിനുമേലുള്ള ഹിതപരിശോധനയാണ്. രാജ്യത്തെ വട്ടംകറക്കിയ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത നടപടിക്കെതിരെ പ്രതിപക്ഷകക്ഷികളുടെ ശക്തമായ വിമർശനവും പ്രതിഷേധവും അടങ്ങിയിട്ടില്ല.

എടിഎം പരിധി ഉയർത്തുകയും ബാങ്ക് നിക്ഷേപം പിൻവലിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തുകയും ചെയ്തെങ്കിലും നോട്ട് നിരോധന പ്രതിസന്ധികൾ നീങ്ങിയിട്ടില്ല. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി അമിത് ഷാ പ്രസ്താവന നടത്തിയെങ്കിലും നവംബർ എട്ടിന്റെ ആഘാതത്തിൽനിന്നു ചില്ലറ വ്യാപാരമേഖലയും അസംഘടിത തൊഴിൽമേഖലയും കരകേറിയിട്ടില്ലെന്നാണു റിപ്പോർട്ടുകൾ.
കഴിഞ്ഞ പത്ത് ആഴ്ചകൾക്കിടയിൽ പ്രധാനമന്ത്രിയുടെ ശരീരഭാഷയിലെ ഗൗരവം സംബന്ധിച്ചു പലതരം വിശകലനങ്ങളാണുള്ളത്.

സാഹചര്യങ്ങളോടു പ്രതികരിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമുള്ള പ്രധാനമന്ത്രിയുടെ ആത്മാർഥതയാണ് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ‌ കാണുന്നതെന്നു പാർട്ടി പ്രചാരകർ പറയുന്നു. എന്നാൽ, നോട്ട് നിരോധനത്തിന്റെ നിശിത വിമർശകയായ മായാവതി പറയുന്നത്, വരാനിരിക്കുന്ന ദുരന്തമറിയുന്ന നരേന്ദ്രമോദിക്കു പുഞ്ചിരിക്കാൻ പോലും കഴിയുന്നില്ലെന്നാണ്.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മാത്രം ജനങ്ങളുടെ അംഗീകാരം ലഭിച്ചാൽ മതി, നരേന്ദ്രമോദിക്കു തന്റെ വിവാദ അജൻഡകളുമായി മുന്നോട്ടു പോകാനാകും. വോട്ടർമാർക്കിടയിൽ തന്റേതു പൊൻകയ്യാണെന്ന് അദ്ദേഹത്തിനു തെളിയിക്കാനാകും. ഉത്തർപ്രദേശിൽ വ്യക്തമായ വിജയം നേടാനായാൽ ജൂലൈ ആദ്യം നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നീക്കങ്ങൾ നരേന്ദ്രമോദിക്ക് ഉയർന്ന ആത്മവിശ്വാസത്തോടെ നടത്താനാകും.(പ്രണബ് മുഖർജിയുടെ കാലാവധി തീരുന്നത് ജൂലൈ ഇരുപത്തഞ്ചിനാണ്).

രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറൽ വോട്ടുകളിൽ, പാർലമെന്റിലെ ഇരുസഭകളിലും നിയമസഭകളിലുമായി ബിജെപിക്കു 40 ശതമാനം വോട്ടുകളാണുള്ളത്. ഉത്തർപ്രദേശിൽ വൻവിജയം നേടിയാൽ‌ ഇത് 45 ശതമാനമായി ഉയരും. ഇതിനൊപ്പം സൗഹൃദ കക്ഷികളായ എഐഡിഎംകെയുടെയും ബിജു ജനതാദളിന്റെയും എൻസിപിയുടെയും മറ്റു ചെറുകക്ഷികളുടെയും പിന്തുണകൂടി ലഭിച്ചാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബിജെപിയുടെ താൽപര്യങ്ങൾക്ക് അനുകൂലമാകും.

വ്യക്തിപ്രഭാവമുള്ള തിരഞ്ഞെടുപ്പ് പ്രചാരകനും ശക്തനായ പ്രധാനമന്ത്രിയും പാർട്ടിക്കുള്ളിലെ കരുത്തനും ആണെന്ന ആധികാരികത ഊട്ടിയുറപ്പിക്കാൻ മാത്രമല്ല തിരഞ്ഞെടുപ്പു വിജയം നരേന്ദ്രമോദിയെ സഹായിക്കുക, താൻ നിർദേശിക്കുന്ന ആളെത്തന്നെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കു കൊണ്ടുവരാനും അതു ബലംനൽകും. (പുതിയ രാഷ്ട്രപതി അധികാരമേറ്റാലുടൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ന‌ടക്കും).

മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന പതിവ് ആവശ്യം പൊള്ളത്തരമായി തള്ളാനും രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തു പാർട്ടി മുഖ്യമന്ത്രിയെ നിർ‌ദേശിക്കാനും നരേന്ദ്രമോദിക്കു കഴിയും. എന്നാൽ, ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ബിജെപിക്കു പരാജയം സംഭവിച്ചാൽ പ്രത്യാഘാതം ചെറുതായിരിക്കില്ല.

പാർട്ടിക്കുള്ളിൽ തലതാഴ്ത്തിയിരിക്കുന്ന മോദിവിരുദ്ധർ ശക്തമായി രംഗത്തിറങ്ങും. കൂട്ടായ തീരുമാനമുണ്ടാകണമെന്നും സുതാര്യത വേണമെന്നും ആവശ്യമുയരും. മോദിയോട് വളരെ അടുപ്പമുള്ള അമിത് ഷാ അടക്കമുള്ള നേതാക്കൾക്കെതിരെ വിമർശകർ കനത്ത ആക്രമണം അഴിച്ചുവിടും. ഉത്തർപ്രദേശിൽ എസ്പിയോ ബിഎസ്പിയോ പഞ്ചാബിലും ഗോവയിലും ആംആദ്മിയോ കോൺഗ്രസോ മണിപ്പൂരിലും ഉത്തരാഖണ്ഡിലും കോൺഗ്രസോ – ബിജെപി ഇതര കക്ഷികളോ ആരു വിജയിച്ചാലും പ്രതിപക്ഷത്തിന് അത് വലിയ ഊർജം പകരുകയും ചെയ്യും.

നിലവിൽ വിഭജിച്ചു നിൽക്കുന്ന പ്രതിപക്ഷ കക്ഷികൾ ഇതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥി എന്ന ആശയത്തിലേക്കുപോലും പോകാനിടയുണ്ട്. ഈ സാഹചര്യത്തിലാണു വിവിധ കക്ഷികൾക്കിടയിൽ സൗഹൃദങ്ങൾ ധാരാളമുള്ള, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജി പൊതുസ്ഥാനാർഥിയായി ഉയർന്നുവരാനുള്ള സാധ്യത തെളിയുന്നത്.

ഇതിനെല്ലാം പുറമെ നോട്ട് നിരോധന നയം പുതുക്കണമെന്ന ആവശ്യങ്ങളുയരാം. ചരക്കുസേവന നികുതിയുടെ (ജിഎസ്ടി) കാര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ വിലപേശലുകളും നടത്താം. ഇതു മനസ്സിലാക്കിയാണു തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മോദി അഞ്ച് ആഴ്ചകൾ മാറ്റിവച്ചിരിക്കുന്നത്. മാർച്ച് പതിനൊന്നിനാണു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിക്കുക.

‘പാതി മാർച്ചിനെ സൂക്ഷിക്കുക’ എന്നു റോമാ ചക്രവർത്തി ജൂലിയസ് സീസറിനു ലഭിച്ച മുന്നറിയിപ്പു പോലെ, മാർച്ചിലെ ഫലം നരേന്ദ്രമോദിയെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനമോഹികളെയും എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതു ചോരയും നീരുമൊഴുക്കേണ്ട പോരാട്ടമാണ് മോദിക്കും സംഘത്തിനും.

related stories
Your Rating: