Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.ജി.കെ.മേനോൻ: ഇലക്ട്രോണിക്സ് വിപ്ലവത്തിന്റെ സൂത്രധാരൻ

M G K Menon Dr

ജപ്പാനിലെ ഒസാക്കയിൽ 1970ൽ എട്ടുമാസം നീണ്ടുനിന്ന ആഗോള ശാസ്ത്രപ്രദർശനം നടക്കുന്നു. വിവിധ രാജ്യങ്ങളുടെ പവിലിയനുകളും ചർച്ചകളുമായി സജീവമായിരുന്ന വേദിയിലേക്കു പ്രഫ. എം.ജി.കെ.മേനോൻ കയറിവന്നു. ഇന്ത്യൻ പവിലിയന്റെ ചുമതലയുണ്ടായിരുന്ന എന്നെയും കൂട്ടി പ്രദർശന ഹാളുകളിലേക്കു നടന്നു. ഓരോ പ്രദർശനവസ്തുവിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം അവിടെ കൂടിനിന്നവരെല്ലാം അവിശ്വസനീയതയോടെ നോക്കിനിന്ന രംഗം ഇപ്പോഴും അതേപടി മനസ്സിലുണ്ട്.

ഇന്ത്യൻ ശാസ്ത്രലോകത്ത് അദ്ദേഹത്തോളം മുദ്ര പതിപ്പിച്ചിട്ടുള്ള മറ്റൊരാൾ ഇനിയുണ്ടോയെന്നു സംശയം. ആധുനിക ഭൗതികശാസ്ത്രത്തിന്റെ ഉന്നതമേഖലകളിൽ വിഹരിച്ചിരുന്ന വലിയ മനുഷ്യൻ. അതേസമയം, തത്വശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവ്. മാനവിക വിഷയങ്ങളിലും വൈദഗ്ധ്യം. അദ്ദേഹത്തെപ്പോലെ മനോഹരമായി ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്ന മറ്റൊരു ഇന്ത്യക്കാരനെ ഞാൻ കണ്ടിട്ടില്ല.

ശാസ്ത്ര-സാങ്കേതിക രംഗത്തു സ്വന്തം പ്രതിഭ തെളിയിക്കുക മാത്രമല്ല എം.ജി.കെ.മേനോൻ ചെയ്തത്. ഇന്ത്യയുടെ അഭിമാനമായി മാറിയ ഒട്ടേറെ ശാസ്ത്ര സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു; ഒപ്പം തനിക്കു പിന്നാലെ വന്ന ശാസ്ത്രകാരൻമാരുടെ തലമുറയെ വളർത്തുന്നതിലും ശ്രദ്ധ പുലർത്തി. ഹോമി ഭാഭയ്ക്കൊപ്പം ഒട്ടേറെ ഗവേഷണങ്ങളിൽ പങ്കാളിയായിട്ടുള്ള എം.ജി.കെ.മേനോൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ വളർച്ചയിൽ വഹിച്ച പങ്കു വലുതാണ്.

ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിപ്ലവത്തിന്റെ സൂത്രധാരനും മറ്റാരുമല്ല. 1971ൽ കേന്ദ്ര ഇലക്ട്രോണിക്സ് കമ്മിഷൻ രൂപവൽക്കരിച്ചപ്പോൾ ചെയർമാനായിരുന്ന അദ്ദേഹമാണു കംപ്യൂട്ടർ മെയ്ന്റനൻസ് കോർപറേഷനു രൂപവും ഭാവവും നൽകിയത്. ഒരു പൂർണ ശാസ്ത്രജ്ഞനെ, അതിലപ്പുറം ഒട്ടേറെ വിഷയങ്ങളിൽ ശാസ്ത്രത്തോളംതന്നെ ആഴത്തിൽ അറിവുള്ള പ്രതിഭയെയാണു നഷ്ടമായിരിക്കുന്നത്.

(നാഷനൽ സെന്റർ ഫോർ സയൻസ് കമ്യൂണിക്കേറ്റേഴ്സ് വൈസ് ചെയർമാനും മുംബൈയിലെ ഭാഭ അറ്റോമിക് റിസർച് സെന്ററിലെ മുൻ ആണവ ശാസ്ത്രജ്ഞനുമാണു ഡോ. എ.പി.ജയരാമൻ)

Your Rating: