Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.ജി.കെ.മേനോൻ: പ്രതിസന്ധികളിൽ പ്രചോദനമായ പ്രതിഭാശാലി

kalam-mgk എ.പി.ജെ.അബ്ദുൽ കലാമിനൊപ്പം എം.ജി.കെ.മേനോൻ.

ഇന്ത്യയുടെ ശാസ്ത്ര–സാങ്കേതിക രംഗത്തെ രൂപപ്പെടുത്തിയ മുഖ്യശിൽപികളിലൊരാളാണു പ്രഫ.എം.ജി.കെ.മേനോൻ. ഊർജതന്ത്രശാസ്ത്രജ്ഞൻ എന്ന നിലയിൽ വിഖ്യാതനായ അദ്ദേഹത്തിനു തന്റെ ഇരുപതുകളിൽത്തന്നെ ശാസ്ത്രഗവേഷണരംഗത്ത് ഒട്ടേറെ രാജ്യാന്തര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ഉന്നതപദവികളും വഹിച്ചു.

1972ൽ ഐഎസ്ആർഒയിലെ ആറുമാസത്തെ സേവനകാലത്താണു തുമ്പയിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ ആയി ബഹിരാകാശ ഗവേഷണങ്ങളുടെ ഏകീകരണം സംബന്ധിച്ചും എസ്എൽവി–3, ആര്യഭട്ട തുടങ്ങിയ പദ്ധതികളുടെയും ആദ്യ തീരുമാനങ്ങളുണ്ടാകുന്നത്. അടുത്ത രണ്ടു ദശകങ്ങൾ അദ്ദേഹം സ്പേസ് കമ്മിഷൻ അംഗമായിരുന്നു. അക്കാലത്തു പ്രഫ.സതീശ് ധവാനെപ്പോലുള്ളവരുമായി ചേർന്നു പ്രവർത്തിച്ചു. 1985 മുതലാണു എം.ജി.കെ.മേനോനുമായുള്ള എന്റെ വ്യക്തിബന്ധം ആരംഭിക്കുന്നത്.

അക്കാലത്ത് അദ്ദേഹം നാഷനൽ നാചുറൽ റിസോഴ്സസ് മാനേജ്മെന്റ് സിസ്റ്റം ചെയർമാനായിരുന്നു. അതിന്റെ അഞ്ചു മേഖലാ കേന്ദ്രങ്ങളിലൊന്നിന്റെ അധ്യക്ഷനായി ഞാനും. വിവിധ ദൗത്യങ്ങളിൽ അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിച്ച മൂന്നു ദശകങ്ങൾ വിസ്മരിക്കാനാവില്ല. ഞാൻ ഐഎസ്ആർഒ തലവനായിരിക്കേ, എനിക്ക് അദ്ദേഹം ഏറ്റവും ഉന്നതനായ ഉപദേശകനായിരുന്നു.

ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒ സംഘവുമായി അദ്ദേഹം അടുത്തു പ്രവർത്തിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലൂടെ ഞങ്ങൾ കടന്നുപോയപ്പോൾ പ്രചോദനവുമായി കൂടെനിന്നു. ഇതിനൊക്കെ ‌അദ്ദേഹത്തോട് എപ്പോഴും എനിക്കു കൃതജ്ഞതയുണ്ടാകും. ആ മഹാപ്രതിഭാശാലിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Your Rating: