സിദ്ദുവിന്റെ പെടാപ്പാട്; ജീവിക്കാൻ

നവ്‌ജ്യോത് സിങ് സിദ്ദു, ജോർജ് ഓസ്ബോൺ

നവ്‌ജ്യോത് സിങ് സിദ്ദു പറയുന്നതു രാത്രിയിൽ താൻ ചെയ്യുന്നത് മറ്റാരെയും ഉത്കണ്ഠപ്പെടുത്തേണ്ടതില്ലെന്നാണ്. വർഷം തോറും കോടിക്കണക്കിനു രൂപയുടെ വരുമാനം നേടിത്തരുന്ന ടിവി ഷോകൾ തുടരാനാണു പഞ്ചാബിലെ പുതിയ സാംസ്കാരിക–തദ്ദേശമന്ത്രിയുടെ തീരുമാനം.

ക്രിക്കറ്റിൽനിന്നു രാഷ്ട്രീയത്തിലേക്കെത്തിയ സിദ്ദുവിന്റെ വാദം ടിവി ഷോയിലൂടെ തനിക്കു മാന്യമായ വരുമാനം ലഭിക്കുന്നു. അതില്ലെങ്കിൽ താനും അഴിമതി ചെയ്യേണ്ടിവരുമെന്നാണ്. സിദ്ദുവിന്റെ വാദത്തിൽ കഴമ്പില്ല. കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭകളിലും ഒട്ടേറെ മന്ത്രിമാർ, തങ്ങൾക്കു ലഭിക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ഉപയോഗിച്ചു മാന്യമായ ജീവിതം നയിക്കുന്നുണ്ട്.

തന്റെ മന്ത്രിസഭാംഗത്തിന്റെ വിചിത്രമായ വാദം കേട്ട് അമ്പരന്നിട്ടാകണം മുഖ്യമന്ത്രി അമരിന്ദർ സിങ്, നിയമപരമായ തീരുമാനമെടുക്കാൻ വിഷയം സംസ്ഥാന അഡ്വക്കറ്റ് ജനറലിനു വിട്ടു. ഇക്കാര്യത്തിൽ നിയമോപദേശവും സിദ്ദുവിന്റെ നിലപാടും തമ്മിൽ പൊരുത്തക്കേടു വന്നാൽ, മന്ത്രിസ്ഥാനം തിരിച്ചെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ ശമ്പളമുള്ള ജോലികൾ ചെയ്യുന്നതു വിലക്കുന്ന നിയമത്തിന്റെ പരിധിയിൽ സർക്കാർ ജോലികൾ മാത്രമാണുള്ളത്. സ്വകാര്യമേഖലയിലെ ജോലികൾ ഇരട്ടപ്പദവിയുടെ പരിധിയിൽ വരുന്നില്ല എന്നതു കൗതുകകരമായ കാര്യം. സിദ്ദു ഇടയ്ക്കിടെ സന്ദർശിക്കാറുള്ള ലണ്ടനിൽ അടുത്തിടെ മുൻ ബ്രിട്ടിഷ് ധനകാര്യമന്ത്രി ജോർജ് ഓസ്ബോൺ ചില വിവാദങ്ങളിൽപെട്ടു. കഴിഞ്ഞവർഷം ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കുശേഷം തെരേസ മേ പ്രധാനമന്ത്രി സ്ഥാനമേറ്റപ്പോഴാണ് അദ്ദേഹം രാജിവച്ചത്.

വെറും എംപിയായിത്തീർന്നു മാസങ്ങൾക്കകം ഓസ്ബോൺ വൻ വരുമാനം ലഭിക്കുന്ന ആറു വ്യത്യസ്ത ജോലികളാണ് ഏറ്റെടുത്തത്. ഇതിനെതിരെ വിമർശനവുമുയർന്നു. ഓസ്ബോൺ ഏറ്റെടുത്ത ജോലികളിലൊന്ന് ലണ്ടനിൽനിന്നു പ്രസിദ്ധീകരിക്കുന്ന മുൻനിര സായാഹ്ന ദിനപത്രത്തിന്റെ എഡിറ്റർ ജോലിയായിരുന്നു. ആഴ്ചയിൽ നാലുദിവസം ആ പണിക്കു പോകണം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കൺസൽട്ടന്റ് ജോലിയാണു മറ്റൊന്ന്. അതിനു മാസത്തിൽ നാലു ദിവസം മാറ്റിവയ്ക്കണം.

യുഎസിലെ മക്‌കെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ലീഡർഷിപ് എന്ന സ്ഥാപനത്തിന്റെ ഉപദേശകനായും പ്രവർത്തിക്കണം. ഇത് എത്ര ദിവസമാണെന്നു വ്യക്തമല്ല. മാസത്തിലൊരു തവണ പണം വാങ്ങി പ്രസംഗിക്കാൻ പോകുന്നതിനും കരാറുണ്ടാക്കി. ഒരു പ്രസംഗത്തിനുമാത്രം 50,000 പൗണ്ടാണു  (40 ലക്ഷം രൂപ) പ്രതിഫലം. ഇതോടെ പാർലമെന്റിലെ പ്രിവിലേജ് കമ്മിറ്റി രംഗത്തെത്തി. എംപിമാർ രണ്ടാം ജോലി സ്വീകരിക്കുന്നതു വിലക്കുന്ന ചട്ടത്തിനു സമിതി രൂപം നൽകിയിട്ടുണ്ട്.

ഇത്രയേറെ ജോലികൾ ഒരേസമയം എങ്ങനെ കൈകാര്യം ചെയ്യുമെന്നു വിമർശനം ഉന്നയിച്ചവരോട് ഓസ്ബോണിന്റെ മറുപടി ഇതായിരുന്നു: അതൊന്നും ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട. എന്റെ ജോലികൾ ചെയ്യാൻ എനിക്കറിയാം. താൻ എംപിസ്ഥാനം രാജിവയ്ക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻമന്ത്രിമാരുടെ ബിസിനസ് ഇടപാടുകൾക്കു പാർലമെന്റ് ഉപദേശകസമിതിയുടെ മുൻകൂട്ടിയുള്ള അനുവാദവും തേടിയില്ല.

ലോക്സഭയിലും രാജ്യസഭയിലും യഥാക്രമം എ‍ൽ.കെ. അഡ്വാനിയുടെയും കരൺസിങ്ങിന്റെയും കീഴിൽ എത്തിക്‌സ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചട്ടങ്ങൾ നടപ്പിലാക്കാനുള്ള ബലം അവയ്ക്കില്ല. സമീപകാലത്തുണ്ടായ ഒരു വിവാദം, കടുത്ത പുകയില ഉപഭോഗത്തിനെതിരെ കർശനമായ മുന്നറിയിപ്പുകൾ നൽകുന്നതു ചർച്ച ചെയ്യുന്ന ആരോഗ്യ സ്ഥിരം സമിതിയിൽ ഛത്തീസ്ഗഡിൽനിന്നുള്ള ഒരു ബീഡി മുതലാളി അംഗമായതാണ്.

ഇത്തരം ഭിന്നതാൽപര്യസംഘർഷങ്ങൾ ഒഴിവാക്കാൻ നിലവിൽ വ്യവസ്ഥകളൊന്നുമില്ല. കിങ്ഫിഷർ വിമാനക്കമ്പനിയുടെ തലവനായിരിക്കെ, രാജ്യസഭാംഗത്വം നേടിയെടുത്ത വിവാദ വ്യവസായി വിജയ് മല്യ വ്യോമയാന ഗതാഗത സ്ഥിരം സമിതിയിൽ അംഗമായതാണു മറ്റൊരു ഉദാഹരണം. വ്യോമയാന രംഗത്തെ മല്യയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താമെന്നും, വിദ്യാഭ്യാസ വിദഗ്ധൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമിതിയിൽ അംഗമാകുന്നതുപോലെയാണിതെന്നും സെക്രട്ടേറിയറ്റ് വാദിച്ചു.

എംഎൽഎമാർക്കും എംപിമാർക്കും സർക്കാരിനു കീഴിലുള്ളതല്ലാത്ത ബിസിനസും തൊഴിലും തുടരാൻ അനുവദിക്കുന്നതാണ് ഇന്ത്യൻ സംവിധാനം. ലോക്‌സഭാംഗമായതിനുശേഷവും നവീൻ ജിൻഡാൽ തന്റെ സ്റ്റീൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു തുടർന്നു. അംഗങ്ങൾ സ്വന്തം ബിസിനസുകൾ നടത്തുന്നതും കോടതികളിൽ അഭിഭാഷകവൃത്തി ചെയ്യുന്നതും പതിവാണ്.

അഭിഭാഷകരായ രാഷ്ട്രീയനേതാക്കൾ മന്ത്രിമാരാകുമ്പോൾ–അരുൺ ജയ്റ്റ്‌ലി, കപിൽ സിബൽ, പി. ചിദംബരം– ലൈസൻസ് താൽക്കാലികമായി റദ്ദു ചെയ്യാൻ ബാർ കൗൺസിലിനോട് ആവശ്യപ്പെടാറുണ്ടെന്നു മാത്രം.

സിദ്ദുവിനെ പിന്തുണയ്ക്കുന്നവരുടെ ഒരു വാദം, ആന്ധ്രയിലെ ചിര‍ഞ്ജീവിയെപ്പോലെ സിനിമാനടൻമാർ മന്ത്രിമാരായപ്പോഴും അവർ അഭിനയം തുടർന്നുവെന്നാണ്. എന്നാൽ എതിർപക്ഷത്തിന്റെ അഭ്യർഥന സിദ്ദു പഞ്ചാബ് സംസ്ഥാനത്തു മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കണമെന്നാണ്. വിശേഷിച്ചും അദ്ദേഹം പങ്കെടുക്കുന്ന ടിവി കോമഡി ഷോ ചിത്രീകരിക്കുന്നതു പ‍ഞ്ചാബിലല്ല, മുംബൈയിലെ സ്റ്റുഡിയോയിലാണ്.