Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുങ്ങുന്ന ‘ഇ ലോകം’; സൈബർ സുരക്ഷയ്ക്ക് പ്രധാന്യം നൽകണം

Cyber Attack

ലോകഗതിയെത്തന്നെ നിയന്ത്രിച്ചുപോരുന്ന നമ്മുടെ കംപ്യൂട്ടർ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന ആത്മവിശ്വാസത്തിൽ വിള്ളലേൽപിക്കുന്നതായി ഇപ്പോഴത്തെ സൈബർ ആക്രമണങ്ങൾ. നൂറ്റൻപതിലേറെ രാജ്യങ്ങളിലെ കംപ്യൂട്ടർ ശൃംഖലകളെ താറുമാറാക്കിയ ‘വാനാക്രൈ’ സൈബർ ആക്രമണത്തിന്റെ നടുക്കത്തിലും തുടർ ആഘാതങ്ങളിലുമാണിപ്പോൾ ലോകം.

കംപ്യൂട്ടറുകളുടെ പ്രവർത്തനം നിയന്ത്രണത്തിലാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന ‘റാൻസംവെയർ’ സൈബർ ആക്രമണം ആസൂത്രണം ചെയ്തത് ആരെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രധാനമായും ആശുപത്രി, ബാങ്കിങ്, ടെലികോം മേഖലകളെ ലക്ഷ്യമിട്ട ആക്രമണം ലോകമാകെ ഭീമമായ നഷ്ടമാണു വരുത്തിവച്ചത്. കംപ്യൂട്ടറിന്റെ ഉടമസ്ഥാവകാശം തട്ടിയെടുക്കുന്ന കുറ്റവാളി നിശ്ചിത സമയത്തിനുള്ളിൽ ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ കംപ്യൂട്ടറിലെ മുഴുവൻ വിവരങ്ങളും മായ്ച്ചുകളയും എന്ന ഭീഷണിയാണ് ഉയർത്തുന്നത്.

‘വാനാക്രൈ’ ആക്രമണം ഇന്ത്യയെ സാരമായി ബാധിച്ചിട്ടില്ലെന്നാണു സർക്കാർ നിലപാടെങ്കിലും വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം കൂടുതൽ മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ ചില സർക്കാർ ഓഫിസുകളിലും മറ്റും സൈബർ ആക്രമണമുണ്ടായതിനെത്തുടർന്ന് ആശങ്ക പെരുകിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റു സ്ഥാപനങ്ങളുടെയുമെല്ലാം സൈബർ സുരക്ഷ പുനഃപരിശോധിക്കേണ്ട സമയമാണിത്. സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ രാജ്യത്തെ ബാങ്കുകളോടു റിസർവ് ബാങ്ക് ആവശ്യപ്പെട്ടുകഴിഞ്ഞു.

സൈബർ സുരക്ഷാസ്ഥാപനമായ കാസ്പിറസ്കിയുടെ 2016ലെ റിപ്പോർട്ട് അനുസരിച്ച് റാൻസംവെയർ ആക്രമണത്തിനു സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാമതായിരുന്നു ഇന്ത്യ. കഴിഞ്ഞ മാർച്ചിൽ ടെസ്‍ലക്രിപ്റ്റ് എന്ന റാൻസംവെയർ പതിനായിരത്തിലേറെ ഇന്ത്യൻ ഉപയോക്താക്കളെയാണ് ബാധിച്ചത്. കേരള വനംവകുപ്പിന്റെ കംപ്യൂട്ടറുകൾക്കു നേരെയും കഴിഞ്ഞ വർഷം ആക്രമണമുണ്ടായി. ആവശ്യപ്പെട്ട പണം നൽകാൻ കഴിയാഞ്ഞതിനെത്തുടർന്ന് കംപ്യൂട്ടറുകളിലെ വിവരങ്ങൾ വനംവകുപ്പിനു നഷ്ടപ്പെട്ടു.  

‌യുഎസിലെ നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ) വികസിപ്പിച്ച ഹാക്കിങ് സംവിധാനങ്ങൾ ചോർത്തിയെടുത്താണ് ഇപ്പോഴത്തെ ആക്രമണമെന്നാണു നിഗമനം. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളെയാണ് ആക്രമണം ബാധിക്കുന്നത്. കാലഹരണപ്പെട്ടതും ലൈസൻസ് ഇല്ലാത്തതുമായ വിൻഡോസ് ഒഎസ് ഉപയോഗിക്കുന്നവർക്കാണു തിരിച്ചടി. നിലവിലെ റാൻസംവെയർ ആക്രമണം ഓരോ കംപ്യൂട്ടറിനെയും ലക്ഷ്യം വയ്ക്കുന്നതിനു പകരം വലിയൊരു ശൃംഖലയിലെ ഒരു കംപ്യൂട്ടറിൽ പ്രവേശിച്ചശേഷം ശൃംഖലയെ ആകെ നിശ്ചലമാക്കുന്ന തരത്തിലുള്ളതാണ്.

ഭാവിയിൽ സമാനമായ ഒരു ആക്രമണം ഇന്ത്യയെ ലക്ഷ്യമിട്ടാൽ അവസ്ഥ എന്താകുമെന്ന് ഇപ്പോൾ തന്നെ ആലോചിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഒട്ടേറെ എടിഎം യന്ത്രങ്ങളിൽ ഇപ്പോഴും കാലഹരണപ്പെട്ട വിൻഡോസ് എക്‌സ്പിയാണ് ഓപ്പറേറ്റിങ് സിസ്റ്റം ആയി ഉപയോഗിക്കുന്നത്. ഒട്ടേറെ സ്ഥാപനങ്ങളിൽ ലൈസൻസ് ഇല്ലാത്ത ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചുവരുന്നുണ്ട്. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചു വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. പരിചയമില്ലാത്ത ഇ–മെയിൽ അറ്റാച്ച്മെന്റുകൾ തുറക്കാതിരിക്കുക എന്നതാണ് ഇത്തവണത്തെ ആക്രമണത്തിൽനിന്നു രക്ഷനേടാൻ സൈബർ വിദഗ്ധർ നൽകുന്ന പ്രധാന രക്ഷാനിർദേശം. പെൻഡ്രൈവ്, മെമ്മറി കാർഡ്, ഹാർഡ് ഡിസ്ക് എന്നിവയുടെ ഉപയോഗത്തിലും ശ്രദ്ധ വേണം. ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസറുകൾ, ആന്റിവൈറസ് പ്രോഗ്രാമുകൾ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യണം.   

സൈബർ സുരക്ഷയ്ക്കു വേണ്ടത്ര പ്രാധാന്യം നൽകാത്ത കേരളത്തിൽ, ലൈസൻസുള്ള ഓപ്പറേറ്റിങ് സിസ്റ്റം കംപ്യൂട്ടറുകളിൽ ഉപയോഗിക്കാൻ മടിയുള്ളവർ ഏറെയുണ്ട്. സ്വയരക്ഷ പോലെ പ്രധാനപ്പെട്ടതാണു സൈബർ സുരക്ഷയുമെന്ന തിരിച്ചറിവ് സർക്കാരിനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉണ്ടായേതീരൂ. കുറ്റമറ്റ സൈബർ സുരക്ഷാ സംവിധാനങ്ങൾ എല്ലാ മേഖലയിലും നടപ്പാക്കണം. സൈബർ സുരക്ഷാസേന, കർശന സൈബർ നിയമങ്ങൾ, ബോധവൽക്കരണം എന്നിവയും കാലം ആവശ്യപ്പെടുന്നു.