Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ നിരീക്ഷണത്തിലാണ്; വീട്ടിലിരിക്കുന്ന ക്യാമറകളെയും പേടിക്കണം

series

വീട്ടിലിരിക്കുന്ന ക്യാമറകളെയും പേടിക്കണം 

നാട്ടിൽ അടച്ചിട്ടിരിക്കുന്ന വീടുകളുടെ മേൽനോട്ടം വിദേശരാജ്യങ്ങളിലിരുന്നു സിസിടിവി ക്യാമറയുടെ സഹായത്തോടെ നിർവഹിക്കാം. എന്നാൽ, നമ്മളെക്കൂടാതെ ലോകത്തിന്റെ ഏതുകോണിലിരിക്കുന്നയാൾക്കും ഇതു കാണാനായാലോ? ക്യാമറ സ്ഥാപിച്ച സ്ഥാപനം ലഭ്യമാക്കിയ വെബ് ലിങ്കിലൂടെ കയറി യൂസർനെയിമും പാസ്‍വേഡും നൽകിയാണു വിഡിയോ നമ്മൾ കാണുന്നത്. എന്നാൽ, വലിയൊരു ശതമാനം ഇടങ്ങളിലും കമ്പനിയിൽ നിന്നു തരുന്ന ഡീഫോൾട്ട് യൂസർനെയിമും, പാസ്‌വേഡും മാറ്റാറില്ല. വെബ്‍വിലാസം മറ്റാർക്കും അറിയില്ലല്ലോ എന്നോർത്തു സമാധാനിക്കാൻ വരട്ടെ, വെബ്സൈറ്റുകൾ ഗൂഗിളിൽ ലിസ്റ്റ് ചെയുന്നതുപോലെ സിസിടിവി ക്യാമറകളെ ഇൻഡക്സ് ചെയ്യുന്ന സെർച്ച് എൻജിൻ സൈറ്റുകളുമുണ്ട്. 

2014 ലെ കണക്കനുസരിച്ച് ഒരു പ്രത്യേക സൈറ്റിൽ ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നായി 73,011 ക്യാമറകളാണു നെറ്റിൽ ആർക്കും കാണാവുന്ന രീതിയിൽ സ്ട്രീം ചെയ്തിരുന്നത്. ഇതിൽ ഇന്ത്യയിൽനിന്നായിരുന്നു മൂവായിരത്തിലധികം ക്യാമറകൾ. കേരളത്തിലെ കോളജ് ഹോസ്റ്റലുകളിലെ വരെ ലൈവ് ക്യാമറകൾ ഇന്റർനെറ്റിലൂടെ സ്ട്രീം ചെയ്യുന്നതു തികച്ചും അശ്രദ്ധമായാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ക്യാമറ സ്ഥാപിക്കാനെത്തുന്നവർക്കും ക്യാമറയുടെ വെബ് വിലാസവും പാസ്‌വേഡും അറിയാമെന്ന് ഓർമിക്കുക. 

ക്യാമറയിൽ ടേപ്പ് ഒട്ടിച്ച് സക്കർബർഗ്

മാർക്ക് സർക്കർബർഗ് തന്റെ ലാപ്ടോപ്പിലെ ക്യാമറയും മൈക്രോഫോൺ പോർട്ടും ടേപ്പ് ഒട്ടിച്ചു മറച്ചതു വലിയ ചർച്ചയ്ക്ക് ഇടയാക്കി. ഒരു കംപ്യൂട്ടറിലെ ക്യാമറ പോലും വിദൂരത്തിരുന്നു നിയന്ത്രിക്കാൻ കഴിയുമെന്നതിലേക്കു വിരൽചൂണ്ടുന്നുണ്ട് ഈ സംഭവം. യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ എൻഎസ്എയ്ക്ക് നിങ്ങളുടെ സമ്മതം കൂടാതെ മൊബൈൽ ഫോൺ, ലാപ്ടോപ് ക്യാമറകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ആദ്യം വെളിപ്പെടുത്തിയത് എഡ്വേഡ് സ്നോഡനായിരുന്നു. എഫ്ബിഐ മേധാവിയായിരുന്ന ജയിംസ് കോമി പറഞ്ഞതിങ്ങനെ: ‘‘ഞാൻ എന്റെ ലാപ്ടോപ് ക്യാമറ ടേപ്പ് ഒട്ടിച്ചു മറച്ചുവയ്ക്കുന്നു, കാരണം എന്നെക്കാൾ സാങ്കേതികമായി വിദഗ്ധരായവരുടെ ക്യാമറകളിൽ പോലും ഞാൻ ടേപ്പ് കാണുന്നു’’. 

നിങ്ങളുടെ ചാറ്റ് നിങ്ങളുടേതു മാത്രമല്ല

ഐഎംഒ മെസേജിങ് സോഫ്റ്റ്‌വെയറിൽ സുഹൃത്തുമായി സംസാരിച്ച പെൺകുട്ടിക്കു പിറ്റേന്നു വീട്ടിലെത്തിയപ്പോൾ ബന്ധുവായ ആൺകുട്ടി കാട്ടിക്കൊടുത്തതു തലേന്നത്തെ ചാറ്റിന്റെ സ്ക്രീൻഷോട്ട്! രാവിലെ കോളജിലെത്തിയപ്പോൾ തലേന്നുരാത്രി പെൺസുഹൃത്തുമായി നടത്തിയ ചാറ്റിലെ വിവരങ്ങൾ രാവിലെ സഹപാഠി പറഞ്ഞതിനെത്തുടർന്നുണ്ടായ സംഘർഷം ഒഴിവാക്കാൻ കോളജ് പ്രിൻസിപ്പലിനുവരെ ഇടപെടേണ്ടിവന്നു. 

ജീവിതപങ്കാളികൾ ചതിക്കുന്നുണ്ടോ എന്നറിയാനായി പ്രത്യേക മൊബൈൽ ആപ്പ് എന്ന പേരിൽ അപകടകരമായ പല പ്രോഗ്രാമുകളും പ്രചരിക്കുന്നുണ്ട്. പങ്കാളിയറിയാതെ അവരുടെ ഫോണിൽ ഇവ ഇൻസ്റ്റാൾ ചെയ്യുകയോ സമ്മാനമായി നൽകുന്ന ഫോണിൽ ഇവ മുൻകൂറായി ഉൾപ്പെടുത്തുകയോ ആണു രീതിയെന്നു പൊലീസ് പറയുന്നു. വ്യക്തിയുടെ ലൊക്കേഷൻ, വാട്സ്ആപ്പിലെ അടക്കമുള്ള മെസേജുകൾ, വിഡിയോ/വോയ്സ് കോളുകൾ തുടങ്ങിയവ ട്രാക്ക് ചെയ്യാമെന്നാണു പല ആപ്പുകളുടെയും അവകാശവാദം. സാങ്കേതികപരിജ്ഞാനമില്ലാത്തവരെ സഹായിക്കാനെന്ന വ്യാജേന ദുരുപയോഗപ്പെടുത്തിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

എസ്എംഎസുകളെ കണ്ണടച്ചു വിശ്വസിക്കരുതേ !

കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ തെളിവായി പലപ്പോഴും എസ്എംഎസുകൾ പൊലീസ് പരിഗണിക്കാറുണ്ട്. എന്നാൽ, ഫോണിലെത്തിയ എസ്എംഎസുകളിൽ പോലും മാറ്റം വരുത്താൻ കഴിയുമെന്നു തെളിയിച്ചതു ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു പ്രമോദ് മഹാജന്റെ വധക്കേസുമായി ബന്ധപ്പെട്ട് മുംബൈ സെഷൻസ് കോടതിയിൽ 2007ൽ നടന്ന വിചാരണയിലാണ്. കേസിൽ കുറ്റാരോപിതനായ പ്രവീൺ മഹാജൻ സഹോദരനായ പ്രമോദ് മഹാജൻ കൊല്ലപ്പെടുന്നതിന് ഒരാഴ്ചമുൻപ് എസ്എംഎസ് അയച്ചെന്ന പൊലീസ് വാദം പൊളിക്കാനായി ആശ്രയിച്ചത് പി. ഹരികൃഷ്ണൻ എന്ന സോഫ്റ്റ്‌വെയർ എൻജിനീയറെ. എസ്എംഎസുകൾ യുഎസ്ബി കേബിൾ ഉപയോഗിച്ചു കംപ്യൂട്ടറിലേക്കു പകർത്തി, പ്രത്യേക സോഫ്റ്റ്‌വെയർ  ഉപയോഗിച്ചു മാറ്റംവരുത്തി തിരികെ ഫോണിലേക്കു മാറ്റാമെന്നു ഹരികൃഷ്ണൻ തെളിയിച്ചു.

ഐഎംഇഐ നമ്പർ മാറുമോ?

സിം അല്ലെങ്കിൽ ഫോൺ നഷ്ടപ്പെട്ടാൽ പോലും ഫോണിലെ ഐഎംഇഐ നമ്പർ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) ഉപയോഗിച്ച് കേസിനു തുമ്പുണ്ടാക്കാമെന്നായിരുന്നു ഇതുവരെയുള്ള അറിവ്. എന്നാൽ, ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരാഴ്ച മുൻപാണ് ഐഎംഇഐ നമ്പർ ക്ലോണിങ്ങിലൂടെ മാറ്റാൻ ശ്രമിച്ച് രണ്ട് യുവാക്കൾ പിടിയിലായത്. 

കോളർ ഐഡിയൊക്കെ കോമഡിയല്ലേ ചേട്ടാ!

പരിചയമുള്ള നമ്പറുകളിൽ നിന്നു കോളുകൾ വരുകയും എടുക്കുമ്പോൾ അത്ര പരിചിതമല്ലാത്ത ആളുകൾ സംസാരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടോ? തിരികെ വിളിക്കുമ്പോൾ അതിന്റെ ഉടമ ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല എന്ന മട്ടിൽ പ്രതികരിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ കോളർ ഐഡി സ്പൂഫിങ് എന്ന തട്ടിപ്പിനിരയായി എന്നർഥം. മറ്റൊരാളുടെ നമ്പർ മറവായി ഉപയോഗിച്ചു ഫോൺ വിളിക്കുന്ന പരിപാടിയാണു സ്പൂഫിങ്. ഫെബ്രുവരി ആദ്യ ആഴ്ച കശ്മീരിലെ ഒരു സൈനികന് ഉന്നത ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തുന്ന തരത്തിൽ പരിചയമുള്ള നമ്പറിൽ നിന്ന് ഒരു കോളെത്തുന്നു. സംശയം തോന്നി കൂടെയുള്ളവരോടു പറഞ്ഞപ്പോൾ അവർക്കും സമാന അനുഭവം. അന്വേഷണം എത്തിയത് ഉത്തർപ്രദേശിലെ അനധികൃത ടെലിഫോൺ എക്സ്ചേഞ്ചിൽ. 

എല്ലാവ‍ർക്കും വേണം സമഗ്ര ഐടി നയം 

ഐടി കാര്യങ്ങളിൽ എത്രത്തോളം ജാഗ്രത വ്യക്തികളും സ്ഥാപനങ്ങളും സ്വീകരിക്കണമെന്നു വ്യക്തമാക്കുന്നുണ്ട് വാനാക്രൈ ആക്രമണം. ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ബാക്കപ്പ് ചെയ്ത ഫയലുകൾ റീസ്റ്റോർ ചെയ്യാനായി ഐടി വിദഗ്ധനെ വിളിച്ചു. തലേന്നുവരെ ബാക്കപ്പ് എടുത്തതായി ഉദ്യോഗസ്ഥൻ എഴുതി ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, ഫയലുകളൊന്നും കാണാനില്ല. ചോദിച്ചപ്പോൾ, ‘ക്ഷമിക്കണം, കുറച്ചുദിവസത്തേതു ബാക്കപ്പ് ചെയ്യാൻ കഴിഞ്ഞില്ല’. അന്വേഷിച്ചുവന്നപ്പോൾ ഒരുകാര്യം മനസ്സിലായി. മൂന്നുവർഷമായി ഒപ്പി‌ടീൽ മാത്രമെ കൃത്യമായി നടന്നിട്ടുള്ളൂ! 

Two is one, one is none എന്നാണ് ബാക്കപ്പിന്റെ സുവർണനിയമം. രണ്ടെണ്ണമുണ്ടെങ്കിൽ ഒന്നിന്റെ ഫലം ചെയ്യും, ഒരെണ്ണമേ ഉള്ളെങ്കിൽ നഷ്ടപ്പെ‌ട്ടു എന്നു കരുതിയാൽ മതി. സ്ഥാപനങ്ങളുടെയും മറ്റും അതിപ്രധാന വിവരങ്ങൾ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലെങ്കിലും ബാക്കപ്പ് എടുത്തു സൂക്ഷിക്കണം. ഇതിനായുള്ള പോർട്ടബിൾ ഹാർഡ് ഡിസ്ക്, പെൻ ഡ്രൈവ്, മെമ്മറി കാർഡ് എന്നിവ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കരുത്. വ്യക്തികൾക്ക് അവരവരുടെ കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഒരു സുരക്ഷാ ഓഡിറ്റ് നടത്താവുന്നതാണ്. അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറത്ത് അനാവശ്യമായ ആപ്പുകളും ഫയലുകളും നീക്കംചെയ്യാം. ആശയവിനിമയ സാധ്യതകൾ കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വ‍ർധിക്കുന്നു എന്ന തിരിച്ചറിവാണു സൈബർ ലോകത്ത് ഇടപെടുന്നവർക്കു വേണ്ടത്.

ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ

സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുമ്പോൾ

∙വീട്ടിലെ സുരക്ഷാക്യാമറകൾ ഉപയോഗിക്കുന്ന വൈഫൈ ശൃംഖല സുരക്ഷിതമാക്കുക. റൗട്ടറിലേക്കു വിഡിയോ എത്തുന്നതു സുരക്ഷിതമാക്കാനായി WPA2 പോലെയുള്ള വയർലെസ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉപയോഗിക്കുക.

∙ക്യാമറ സ്ഥാപിക്കുമ്പോൾ ലഭിക്കുന്ന പാസ്‌വേഡ് മാറ്റുക‌.

∙ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ലഭിക്കുന്ന വിലകുറഞ്ഞ ചൈനീസ് ക്യാമറകൾ വാങ്ങാതിരിക്കുക. 

∙ക്യാമറ സോഫ്റ്റ്‌വെയ‍ർ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുക.

മൊബൈൽ ഫോണുകൾ/കംപ്യൂട്ടറുകൾ

∙പല സോഫ്റ്റ്‍വെയറുകളും ഇൻസ്റ്റാൾ ചെയ്യുമ്പോൾ വിവിധ ഫംക്‌ഷനുകൾ ഉപയോഗിക്കാനായി അനുമതി ചോദിക്കാറുണ്ട്. ഒരു പരിധിക്കപ്പുറം നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുക.

∙ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നല്ലാത്ത ആപ്പുകൾ ഉപയോഗിക്കാതിരിക്കുക. ചില വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ ചില ആപ്പുകൾ ഒപ്പം ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചാൽ തടയുക. 

∙ഫോൺ അപരിചിതരുടെ കൈവശം നൽകാതിരിക്കുക. വിവരങ്ങൾ ചോ‍ർത്താൻ വരെ കഴിയുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ നിമിഷങ്ങൾ മതിയാകും.

∙വാട്സ്ആപ്, ഫെയ്സ്ബുക് പോലെയുള്ള ഔദ്യോഗിക സൈറ്റുകളുടെ വിവിധ പതിപ്പുകൾ എന്ന പേരിൽ തട്ടിപ്പ് നടക്കുന്നുണ്ട്. അവയിൽ ലോഗിൻ വിവരങ്ങൾ നൽകരുത്.

∙സംശയാസ്പദമായ രീതിയിൽ ഫോണിലെ വൈഫൈ, ഡേറ്റ എന്നിവ പ്രവർത്തിക്കുക, അനിയന്ത്രിതമായി ചൂടാവുക, ചില ആപ്പുകൾ അമിതമായി ഡേറ്റ ഉപയോഗിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക.

∙അപരിചിതർ അയയ്ക്കുന്ന മെയിലുകളിലെ അറ്റാച്ച്മെന്റുകൾ കഴിവതും തുറക്കാതിരിക്കുക.

അവസാനിച്ചു