Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രികൾ ആക്രമിക്കപ്പെടുമ്പോൾ...

nottam-doc

ഈയിടെയായി ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമസംഭവങ്ങൾ വർധിക്കുന്നതായി കാണുന്നു. കേരളത്തിലെ ആരോഗ്യരംഗത്തിനുതന്നെ ഭീഷണിയായി മാറാൻ സാധ്യതയുള്ള പ്രവണതയാണിത്. ഡോക്ടർമാരും രോഗികളോ അല്ലെങ്കിൽ ബന്ധുക്കളുമായോ ഉള്ള സംഘർഷത്തിന്റെ കാരണങ്ങൾ ലളിതമല്ല. മുൻകാലങ്ങളിൽ എല്ലാ കുടുംബത്തിനും വിശ്വാസമുള്ള ഒരു ഡോക്ടർ ഉണ്ടായിരുന്നു. പലപ്പോഴും പ്രാഥമിക മെഡിക്കൽ ബിരുദം മാത്രമുള്ള അദ്ദേഹമായിരുന്നു നാം സ്പെഷലിസ്റ്റുകളെ കാണണോ ഉപദേശം സ്വീകരിക്കണോ എന്നു തീരുമാനിച്ചിരുന്നത്. 

ജനറൽ പ്രാക്ടീഷണറുടെ വിലയിടിക്കുകയും സ്പെഷലിസ്റ്റുകളെ നേരിട്ടു കാണുന്ന പ്രവണത പ്രോൽസാഹിപ്പിക്കുകയും ചെയ്യുക വഴി ചികിത്സയുടെ ചെലവു വർധിക്കുകയും ചികിത്സകനും രോഗിയുടെ കുടുംബവും തമ്മിലുണ്ടായിരുന്ന ബന്ധം ഇല്ലാതാകുകയും ചെയ്തു. ഒപ്പം രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം വാണിജ്യാടിസ്ഥാനത്തിലായി. ചികിത്സയിൽ രോഗിയെയും കുടുംബത്തെയും പങ്കാളിയാക്കി പരിശോധനയുടെയും വിവിധ ചികിത്സകളുടെയും ആവശ്യം ബോധ്യപ്പെടുത്തിയില്ലെങ്കിൽ എല്ലാ പ്രക്രിയകളെയും കാശു പിടുങ്ങാനുള്ള തന്ത്രമായേ അവർ കാണൂ. 

 കുടുംബ ഡോക്ടർ എന്ന ആശയം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി പരിവർത്തനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രക്രിയ പൂർണമാകുമ്പോൾ സ്പെഷലിസ്റ്റുകളെ കാണുന്നതടക്കമുള്ള കാര്യങ്ങൾ വീടിനടുത്തുള്ള ഒരു ടീമിനോടു ചർച്ചചെയ്തു തീരുമാനിക്കാനും വിവിധ ചികിത്സാ പ്രക്രിയകളുടെ സാധ്യതകളും പരിമിതികളും രോഗികൾക്കും  ബന്ധുക്കൾക്കും മനസ്സിലാക്കാനും അതിനായി തയാറെടുക്കാനും കഴിയും.

കേരളത്തിലെ 60% ആളുകളും ആശ്രയിക്കുന്ന സ്വകാര്യമേഖലയിലും ഇതു സ്വീകരിക്കേണ്ടിവരും. സർക്കാർ പരിശീലനത്തിനായി തയാറാക്കുന്ന പാഠ്യപദ്ധതി ഉപയോഗിച്ചു സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കും സർട്ടിഫിക്കേഷൻ പരിപാടി തയാറാക്കാൻ ഉദ്ദേശിക്കുന്നു. സാധാരണഗതിയിൽ രോഗികളെയും കൂട്ടിരിപ്പുകാരെയും ആരോഗ്യജീവനക്കാർ ബഹുമാനത്തോടെ കാണാറേയില്ല. രോഗത്തെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ചോദിച്ചാൽ ‘നിങ്ങൾ ഡോക്ടറാണോ’ എന്ന ധാർഷ്ട്യം നിറഞ്ഞ മറുചോദ്യമായിരിക്കും മറുപടി. ഇത് ഇനി മലയാളി സ്വീകരിക്കാൻ തയാറല്ലെന്നു തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒട്ടേറെ ഡോക്ടർമാർ ഇന്നുമുണ്ട്. ഇതു മാറ്റേണ്ടതിന്റെ ആവശ്യം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ കൗൺസിലും അംഗീകരിച്ചിട്ടുണ്ട്.

പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്താൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലും ഹ്രസ്വകാല പരിശീലനങ്ങൾ നടത്താൻ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഉദ്ദേശിക്കുന്നു. എല്ലാ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാൻ ഡോക്ടർമാർക്കു സമയം കിട്ടില്ല. അവിടെയാണു മറ്റു വിഭാഗത്തിൽപെട്ട ആരോഗ്യപ്രവർത്തകരെക്കൂടി ചികിത്സയിൽ പങ്കാളികളാക്കുന്നതിന്റെ പ്രാധാന്യം. ഇതിനുവേണ്ടിയാണു വികസിത രാജ്യങ്ങളിൽ നഴ്സ് പ്രാക്ടീഷണർ, ഫിസിഷ്യൻ അസിസ്റ്റന്റ് മുതലായ സ്ഥാനങ്ങൾ .

അതേസമയം, ഇതൊക്കെ ശരിയാകുന്നതുവരെ കാത്തിരിക്കാൻ നമുക്കു കഴിയില്ല. കാരണം ആശുപത്രികളെയും ഡോക്ടർമാരെയും ആക്രമിക്കുന്ന പ്രവണത കൂടിവരികയാണ്. ഇതു പലപ്പോഴും യുക്തിഹീനമാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രണ്ടരശതമാനം ആളുകൾ എന്തായാലും മരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതിൽ ഒരു ചെറിയ ശതമാനം അപ്രതീക്ഷിതമായിരിക്കുകയും ചെയ്യും.

മരിച്ച വ്യക്തിയുടെ കുടുംബത്തിന് ഇതു താങ്ങാവുന്നതിലും അപ്പുറമായിരിക്കും. പക്ഷേ, അതിന്റെ ഉത്തരവാദിത്തം ചികിത്സിക്കുന്നയാളിന്റെ തലയിൽ കെട്ടിവച്ചു പ്രതികാരം ചെയ്യാൻ ഇറങ്ങുന്നതു ശരിയല്ല. 99% സമയത്തും അവരുടെ തീരുമാനത്തിന്റെ ഗുണം അനുഭവിച്ചിട്ട് ഒരുതവണ അതു ഫലംകാണാതെ പോകുമ്പോൾ ഡോക്ടർമാരെ കൊലയാളികളായി കാണുന്നത് അനീതിയാണ്.

ഇത്തരത്തിലുള്ള സംഭവങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടർമാർ അവരുടെ പ്രാക്ടീസ് രീതി മാറ്റാനുള്ള സാധ്യതകൾ കൂടുതലാണ്. ജീവൻ രക്ഷിക്കാൻ നേരിയ സാധ്യതയെങ്കിലുമുണ്ടെങ്കിൽ അതിനായി പരിശ്രമിക്കുന്നതിനു പകരം പരാജയപ്പെട്ടാൽ ഉണ്ടാകാൻ സാധ്യതയുള്ള ആക്രമണം ഭയന്നു റഫർ ചെയ്യാൻ തുടങ്ങിയേക്കാം. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണം പരിമിതമായിരിക്കും. അവരെ ആക്രമിക്കാൻ നിൽക്കുന്നവരുടെ എണ്ണം കൂട്ടാൻ ഇക്കാലത്ത് യാതൊരു വൈഷമ്യവുമില്ല. എന്നാൽ അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ജനപ്രതിനിധികൾക്കും മറ്റു നേതാക്കന്മാർക്കുമുണ്ട്. കേരളത്തിൽ ഈ കാര്യത്തിൽ ഒരു തുറന്ന ചർച്ച ആവശ്യമാണ്. 

(ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)