Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമുണ്ട്, അനിശ്ചിതത്വവും

trump-modi

‌നരേന്ദ്രമോദിയും ഡോണൾഡ് ട്രംപും തമ്മിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആദ്യകൂടിക്കാഴ്ച സംബന്ധിച്ച് അനിശ്ചിതത്വവും കുറഞ്ഞ പ്രതീക്ഷകളുമാണുള്ളത്. 1976നു ശേഷം, ഇന്ത്യ–യുഎസ് ഭരണാധികാരികൾ തമ്മിൽ നടന്ന മറ്റൊരു കൂടിക്കാഴ്ചയും ഇതുപോലെ മങ്ങിയതായിട്ടില്ല. 1969 ഓഗസ്റ്റിൽ ഡൽഹിയിൽ നടന്ന യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച പോലെ പിരിമുറുക്കമുള്ള അന്തരീക്ഷത്തിലല്ല മോദി–ട്രംപ് കൂടിക്കാഴ്ചയെന്നുമാത്രം. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോൺഗ്രസിലെ സിൻഡിക്കറ്റിൽനിന്ന് ഇന്ദിര വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കെയായിരുന്നു നിക്‌സന്റെ സന്ദർശനം.

പാക്കിസ്ഥാനു നിക്സൻ നൽകിയ തുറന്നപിന്തുണയിൽ ഇന്ദിര അസന്തുഷ്ടയുമായിരുന്നു. പക്ഷേ, 26നു വൈറ്റ്ഹൗസിൽ നരേന്ദ്രമോദി എത്തുമ്പോൾ ഇരുരാജ്യങ്ങൾക്കിടയിലെ സന്ദേഹങ്ങൾ അന്നത്തേതുപോലെ ഉയർന്നതോ ശക്തമോ അല്ല. ഇന്ദിരയെക്കാൾ ഉറച്ച രാഷ്ട്രീയബലത്തിലാണു മോദിയുള്ളത്. ട്രംപ് പാക്കിസ്ഥാനെ പിന്തുണയ്ക്കാനുള്ള ഒരുനീക്കവും നടത്തിയിട്ടുമില്ല. മറ്റൊന്ന് യാദൃച്ഛികമാകാം, പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ കാണാൻ പോകുമ്പോൾ ഇന്ത്യയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പാണ്. 

ഡോണൾഡ് ട്രംപ് സർക്കാരിന്റെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും കേന്ദ്രസർക്കാരിന് ആഴത്തിലുള്ള അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ഉന്നതതല കൂടിക്കാഴ്ചകളിലെ പതിവുപോലെ, യുഎസിലേക്കും മോദി മന്ത്രിമാരെ ആരെയും കൂടെ കൂട്ടിയിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി എസ്. ജയ്‌ശങ്കർ, യുഎസിലെ ഇന്ത്യയുടെ അംബാസഡർ നവ്തേജ് സർന എന്നിവരും മറ്റ് ഉദ്യോഗസ്ഥരുമാണു മോദിയുടെ സംഘത്തിലുള്ളത്. 

പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ മൂന്നാമത്തെ യുഎസ് യാത്രയാണിത്. ആദ്യ രണ്ടു യാത്രകളുടെ പ്രഭയുമായി താരതമ്യം ചെയ്യുമ്പോൾ ഇതാണ് ഏറ്റവും തണുപ്പനായി നടക്കുന്നത്. മുഖ്യാതിഥി പദവി നൽകി മോദിയെ സ്വീകരിച്ച ബറാക് ഒബാമ, 

അദ്ദേഹത്തെ യുഎസ് പ്രസിഡന്റിന്റെ ബുള്ളറ്റ്–മിസൈൽ കവചിത കാറിലാണു ലിങ്കൺ മെമ്മോറിയലിലേക്കു കൊണ്ടുപോയത്. ന്യൂയോർക്കിൽ വൻ റാലികളിൽ മോദി പ്രസംഗിക്കുകയും ചെയ്തു. രണ്ടാമത്തെ യുഎസ് സന്ദർശന വേളയിൽ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻവംശജരുടെ കൂറ്റൻ റാലിയിൽ പ്രസംഗിച്ചു.

ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ച് കുറഞ്ഞതു രണ്ടു ചർച്ചകളെങ്കിലും നടക്കുമെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നത്. നല്ല ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ രണ്ടു പ്രധാനപ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തണം: കാലാവസ്ഥാവ്യതിയാന ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇന്ത്യയെക്കുറിച്ചു ട്രംപിനുള്ള തെറ്റിദ്ധാരണകൾ, ഇന്ത്യൻ സൈബർ ജോലിക്കാരൻ അമേരിക്കയുടെ തൊഴിലവസരങ്ങൾ കവരുന്നുവെന്ന ആരോപണം. മറ്റൊരു പ്രശ്നമേഖല ചിരകാലമായി തുടരുന്ന ഇന്ത്യയുടെ ഇറാൻ ബന്ധമാണ്. 

ട്രംപ് ഒട്ടേറെ തസ്തികകളിൽ ഇനിയും നിയമനങ്ങൾ നടത്തിയിട്ടില്ലാത്ത സ്ഥിതിക്ക് ഇന്ത്യയിലേക്ക് അംബാസഡറെ നിയമിക്കാത്തതിൽ ദുഃസൂചനകൾ കാണേണ്ടതില്ലെന്നാണു വിദേശകാര്യ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ട്രംപുമായുള്ള രണ്ടു കൂടിക്കാഴ്ചകൾ നടക്കുമെന്നതിൽ ഇന്ത്യൻപക്ഷത്ത് ആവേശമുണ്ടെങ്കിലും വൈറ്റ് ഹൗസ് അധികൃതർ പറയുന്നതു മുഖാമുഖ ചർച്ച ഒരെണ്ണം മാത്രമാണെന്നതാണ്. രണ്ടാമത്തേത് ഇന്ത്യ–യുഎസ് പ്രതിനിധിതല ചർച്ചയായിരിക്കും. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്‌സൻ, ധനകാര്യ, വാണിജ്യ വകുപ്പുകളുടെ തലവൻമാർ എന്നിവരടക്കം വൻനിര അമേരിക്കൻ പ്രതിനിധിസംഘത്തിലുണ്ടാകും. യുഎസിന്റെ മുഖ്യ പ്രതിരോധ പങ്കാളിയായി ഇന്ത്യ തുടരുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

മുഖ്യാതിഥിയായി ക്ഷണിച്ച് മൻമോഹൻസിങ്ങിനെയും ബറാക് ഒബാമ ആകർഷിച്ചിരുന്നു. ജോർജ് ബുഷ്, അടൽ ബിഹാരി വാജ്‌പേയിയും മൻമോഹൻസിങ്ങുമായും നടത്തിയതും ഊഷ്മളമായ കൂടിക്കാഴ്ചകളായിരുന്നു. അതിനും മുൻപ്, പ്രധാനമന്ത്രിമാരായിരുന്ന നരസിംഹറാവു, ഐ.കെ. ഗുജ്‍റാൾ, വാജ്‌പേയ് എന്നിവരുമായി ബിൽ ക്ലിന്റൻ നടത്തിയ കൂടിക്കാഴ്ചകളും പ്രസന്നമായിരുന്നു. ക്ലിന്റന്റെ പിൻഗാമിയായിരുന്ന ജോർജ് എച്ച്.ഡബ്ല്യു. ബുഷിനു രാജീവ് ഗാന്ധിയുമായി വളരെനല്ല ബന്ധമായിരുന്നു. 1977 മുതൽ 81 വരെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർക്കും പ്രധാനമന്ത്രിമാരായിരുന്ന മൊറാർജി ദേശായിയും ഇന്ദിരയുമായി നല്ലബന്ധത്തിൽ പോകാൻ കഴിഞ്ഞു.

തീപ്പൊരി വർത്തമാനങ്ങൾക്കപ്പുറം ഡോണൾഡ് ട്രംപ്, നല്ല ബിസിനസ്സ്കാരൻ ആണെന്നു നരേന്ദ്രമോദിക്കറിയാം. കരാറുകളുണ്ടാക്കുന്നതിൽ വിദഗ്ധനാണെന്നും. യുഎസ് ആയുധഇടപാടുകളുടെയും മറ്റു കയറ്റുമതികളുടെയും പ്രമുഖവിപണി ഇന്ത്യയായതിനാൽ, മോദിക്ക് കണിശമായ വിലപേശലുകൾ നടത്താനാകും. മോദിയുടെ മുദ്രാവാക്യം ‘മെയ്ക് ഇൻ ഇന്ത്യ’എന്നാണ്. ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗേൻ’ എന്നത് ട്രംപിന്റേതും. ഇരുവർക്കും ഒരുമിച്ചു മുന്നോട്ടു സഞ്ചരിക്കാനാകുമോ എന്നത് അടുത്തയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.